Home കർണാടക അവിവാഹിതയായ പ്രായപൂര്‍ത്തിയായ മകളുടെ ഉന്നത വിദ്യാഭ്യാസച്ചെലവ് പിതാവ് വഹിക്കണം: കര്‍ണാടക ഹൈക്കോടതി

അവിവാഹിതയായ പ്രായപൂര്‍ത്തിയായ മകളുടെ ഉന്നത വിദ്യാഭ്യാസച്ചെലവ് പിതാവ് വഹിക്കണം: കര്‍ണാടക ഹൈക്കോടതി

by ടാർസ്യുസ്

ബെംഗളൂരു: മാതാപിതാക്കള്‍ തമ്മിലുള്ള ബന്ധം വിയോജിപ്പിലാണെങ്കിലും, അവിവാഹിതയായ പ്രായപൂർത്തിയായ മകളുടെ ഉന്നതവിദ്യാഭ്യാസച്ചെലവുകള്‍ വഹിക്കാൻ പിതാവിന് നിയമപരമായ ബാധ്യതയുണ്ടെന്ന് കർണാടക ഹൈക്കോടതി.2005-ലെ ഗാർഹിക പീഡന നിരോധന നിയമത്തിലെ (DV Act) സെക്ഷൻ 20(d) പ്രകാരം വിദ്യാഭ്യാസച്ചെലവുകള്‍ക്കായി പിതാവില്‍ നിന്ന് സാമ്പത്തിക സഹായം തേടാൻ മകള്‍ക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.പിജി മെഡിക്കല്‍ കോഴ്‌സിന്റെ വാർഷിക ഫീസായി മകള്‍ക്ക് 16 ലക്ഷം രൂപ നല്‍കണമെന്ന ട്രയല്‍ കോടതി ഉത്തരവ് ചോദ്യം ചെയ്ത് മംഗളൂരു സ്വദേശിയായ 53-കാരൻ സമർപ്പിച്ച പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എച്ച്‌.പി. സന്ദേഷ് ഉത്തരവിട്ടത്.

“കുട്ടിക്ക് പ്രായപൂർത്തിയായെന്ന കാരണത്താല്‍ അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ നല്‍കാനുള്ള മാതാപിതാക്കളുടെ ഉത്തരവാദിത്തം ഇല്ലാതാകുന്നില്ല. മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും ഉറപ്പാക്കുക എന്നത് ലോകത്തെല്ലായിടത്തും നിലനില്‍ക്കുന്ന ധാർമ്മികവും സാന്മാര്ഗികവുമായ കടമയാണ്.”എം.ബി.ബി.എസ് പഠനകാലത്ത് പിതാവ് തന്നെയാണ് ഫീസ് അടച്ചിരുന്നത്. തുടർന്ന് ഓള്‍ ഇന്ത്യ തലത്തില്‍ 11,722-ാം റാങ്ക് നേടി ഗവണ്‍മെന്റ് മെറിറ്റില്‍ പ്രവേശനം നേടിയ മകള്‍ക്ക് 16 ലക്ഷം രൂപ മാത്രമാണ് വാർഷിക ഫീസ്. മാനേജ്‌മെന്റ് ക്വോട്ടയില്‍ ഇത് 75 ലക്ഷത്തോളം രൂപ വരും. നിലവില്‍ മാതാപിതാക്കള്‍ ഒരേ കെട്ടിടത്തില്‍ വ്യത്യസ്ത നിലകളിലാണ് താമസം.

മാതാപിതാക്കള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണം മകള്‍ അമ്മയോടൊപ്പമാണ് താമസിക്കുന്നത്. പിതാവിന്റെ ആദായനികുതി റിട്ടേണുകളും ബാങ്ക് രേഖകളും പരിശോധിച്ച കോടതി, അദ്ദേഹത്തിന് സാമ്പത്തിക ശേഷിയുണ്ടെന്ന് കണ്ടെത്തി. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും ലോണ്‍ ഇടപാടുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്.കുട്ടിക്ക് പ്രായപൂർത്തിയായതിനാല്‍ ഉന്നതവിദ്യാഭ്യാസ ചെലവിന് അർഹതയില്ലെന്ന പിതാവിന്റെ വാദം അംഗീകരിച്ചാല്‍ ഗാർഹിക പീഡന നിരോധന നിയമത്തിലെ സുപ്രധാന വകുപ്പുകളുടെ പ്രസക്തി തന്നെ ഇല്ലാതാകുമെന്ന് കോടതി നിരീക്ഷിച്ചു. മാതാപിതാക്കള്‍ക്കിടയില്‍ തർക്കങ്ങളുണ്ടെങ്കിലും മകള്‍ക്ക് അവരില്‍ നിന്ന് ന്യായമായ വിദ്യാഭ്യാസച്ചെലവ് ഈടാക്കാൻ പൂർണ്ണ അവകാശമുണ്ടെന്ന സുപ്രീം കോടതിയുടെ മുൻ ഉത്തരവും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

You may also like

error: Content is protected !!
Join Our WhatsApp Group