ബെംഗളൂരുവില്‍ ഇന്ന് സ്വര്‍ണത്തിന് വന്‍ വിലവര്‍ധനവ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സ്വര്‍ണ വിലയില്‍ ഉണ്ടായ വര്‍ധനവ് ഇന്ന് മൂര്‍ധന്യത്തിലെത്തി.അന്താരാഷ്ട്ര വിപണിയിലും കേരളത്തിലും ഉണ്ടായ വില വര്‍ധനവിന് സമാനമായി ബെംഗളൂരുവിലും 24 കാരറ്റ്, 22 കാരറ്റ്, 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ വലിയ വര്‍ധനവുണ്ടായി. ഇന്ന് വെള്ളിയുടെ വിലയിലും സമാനമായ രീതിയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി.അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണ്ണവിലയിലുണ്ടായ മാറ്റങ്ങള്‍ക്ക് അനുസൃതമായാണ് ബെംഗളൂരു സ്വര്‍ണവിലയിലും വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 229 രൂപ വര്‍ധിച്ചതോടെ 14,651 രൂപയായി. 10 ഗ്രാമിന് 1.46 ലക്ഷം രൂപയാണ് വില. 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 210 രൂപ വര്‍ധിച്ച് 13,430 രൂപയായും 10 ഗ്രാമിന് 1.34 ലക്ഷം രൂപയായും മാറി.18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 172 രൂപ വര്‍ധിച്ച് 10,988 രൂപയായി.
10 ഗ്രാമിന് 1.09 ലക്ഷം രൂപയാണ് 18 കാരറ്റ് സ്വര്‍ണത്തിന്റെ വില. ഇന്ന് വെള്ളിയുടെ വിലയിലും വര്‍ധനവുണ്ടായി. ഇന്നത്തെ വെള്ളിവില ഗ്രാമിന് 240 രൂപയായും കിലോഗ്രാമിന് 2,40,000 രൂപയായും ഉയര്‍ന്നു. ജനുവരിയില്‍ ബെംഗളൂരുവില്‍ വെള്ളി വിലയില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായിരുന്നുവെങ്കിലും, ഫെബ്രുവരിയില്‍ വിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.മൂന്ന് ദിവസം കൊണ്ട് ഒരു പവന് സ്വര്‍ണത്തിന് 2240 രൂപയുടെ വര്‍ധനവാണ് ബെംഗളൂരുവില്‍ ഉണ്ടായിരിക്കുന്നത്. ട്രേഡിംഗ് ഇക്കണോമിക്സ് കണക്കുകള്‍ പ്രകാരം, ബുധനാഴ്ച അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,200 ഡോളറായി ഉയര്‍ന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍, എണ്ണവിലയിലെ വര്‍ധനവ്, ഇവ പണപ്പെരുപ്പത്തിലും പലിശനിരക്കുകളിലും ചെലുത്തുന്ന സ്വാധീനം എന്നിവ നിക്ഷേപകര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനിടയിലാണ് സ്വര്‍ണവിലയില്‍ അപ്രതീക്ഷിത കുതിപ്പുണ്ടായത്.
അതിനിടെ ഇറാനുമായുള്ള ചര്‍ച്ചകള്‍ക്ക് സമീപഭാവിയില്‍ സാധ്യത കുറവാണെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കുകയും കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തതോടെ, അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷാവസ്ഥ തുടരുകയാണ്.ഇത് സാമ്പത്തിക മേഖലയില്‍ അനിശ്ചിതത്വത്തിന്റെ പ്രതീതി വര്‍ധിപ്പിക്കുകയും ചെയ്തു.യുഎസ് ഫെഡ് പലിശനിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യതയും ഉയര്‍ന്ന ബോണ്ട് വരുമാനവും ഹ്രസ്വകാലത്തേക്ക് സ്വര്‍ണവിലയില്‍ സമ്മര്‍ദ്ദം ചെലുത്തിയേക്കാമെങ്കിലും ഇന്ത്യയില്‍ രൂപയുടെ മൂല്യത്തകര്‍ച്ച വിലയിടിവിന്റെ ആഘാതം കുറയ്ക്കാനും, അന്താരാഷ്ട്ര വിപണികളെ അപേക്ഷിച്ച് ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില ഒരു നിശ്ചിത പരിധിക്കുള്ളില്‍ നിലനിര്‍ത്താനും സഹായിച്ചേക്കാം എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.അടിസ്ഥാന ഘടകങ്ങളുടെ പിന്‍ബലത്തില്‍, സ്വര്‍ണവിപണിയില്‍ ഇടത്തരം മുതല്‍ ദീര്‍ഘകാലം വരെയുള്ള വളര്‍ച്ചാ പ്രവണത തുടരുമെന്ന തങ്ങളുടെ വിലയിരുത്തല്‍ ആവര്‍ത്തിക്കുന്നു എന്ന് ടാറ്റ മ്യൂച്വല്‍ ഫണ്ടും വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണ വില വര്‍ധിക്കുന്നുണ്ടെങ്കിലും അതിനുമുകളിലുള്ള സമ്മര്‍ദ്ദത്തില്‍ അയവ് വന്നിട്ടില്ല എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.അതേസമയം ഇന്ത്യയിലെ പ്രധാന സ്വര്‍ണ വിപണികളിലൊന്നായ കേരളത്തിലും ഇന്ന് സ്വര്‍ണവിലയില്‍ വലിയ കുതിപ്പ് നേരിട്ടു. എണ്ണവിലയും ഡോളറും ഉയര്‍ന്നിട്ടും സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ് ഉണ്ടായത് അപ്രതീക്ഷിതമാണ് എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സാധാരണഗതിയില്‍ ഡോളര്‍ കരുത്താര്‍ജ്ജിക്കുമ്പോള്‍ സ്വര്‍ണത്തിന് തിരിച്ചടി നേരിടാറുണ്ട്. നിലവില്‍ ഡോളര്‍ സൂചിക 101 പിന്നിട്ട് കുതിക്കുകയാണ്.കേരളത്തില്‍ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 210 രൂപയും പവന് 1680 രൂപയും ആണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ 22 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാം വില 13430 രൂപയായും പവന്റെ വില 107440 രൂപയായും മാറി. ഈ മാസം സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന് വില 107800 രൂപയായിരുന്നു. അതിന് അടുത്തേക്ക് എത്തിയിരിക്കുകയാണ് സ്വര്‍ണ വില.