Home കർണാടക ബെംഗളൂരു – മൈസൂരു ഹൈവേയില്‍ വീണ്ടും ടോള്‍ നിരക്ക് ഉയര്‍ത്തി; പുതിയ നിരക്കറിയാം

ബെംഗളൂരു – മൈസൂരു ഹൈവേയില്‍ വീണ്ടും ടോള്‍ നിരക്ക് ഉയര്‍ത്തി; പുതിയ നിരക്കറിയാം

by ടാർസ്യുസ്

ബെംഗളൂരു: ദിവസവും ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ബെംഗളൂരു – മൈസൂരു ആക്‌സസ് – കണ്‍ട്രോള്‍ഡ് ഹൈവേയില്‍ വീണ്ടും ടോള്‍ നിരക്ക് ഉയർത്തി.ഹൈവേയിലെ കണിമിനിക്കെ, ശേഷഗിരിഹള്ളി ടോള്‍ പ്ലാസകളിലാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) വീണ്ടും ടോള്‍ നിരക്ക് വർധിപ്പിച്ചത്. ജൂലൈ 21ന് പുലർച്ചെ 12 മണി മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.ബെംഗളൂരു അർബൻ ജില്ലയിലെ കണിമിനിക്കെ ഗ്രാമത്തിനടുത്തുള്ള കണിമിനിക്കെ ടോള്‍ പ്ലാസയിലും ബെംഗളൂരു സൗത്തിലെ ശേഷഗിരിഹള്ളി ഗ്രാമത്തിനടുത്തുള്ള ശേഷഗിരിഹള്ളി ടോള്‍ പ്ലാസയിലും NH-275 ലെ ആറ് വരി ബെംഗളൂരു – നിദഘട്ട സെക്ഷൻ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പുതുക്കിയ നിരക്കുകള്‍ ബാധകമാകും. 2026 ഏപ്രില്‍ 1 ന് ടോള്‍ നിരക്കുകള്‍ പരിഷ്കരിച്ച്‌ വെറും മൂന്ന് മാസത്തിന് ശേഷമാണ് വീണ്ടും നിരക്ക് ഉയർത്തിയത്.

കാർ, ജീപ്പ്, വാൻ, ലൈറ്റ് മോട്ടോർ വാഹനങ്ങള്‍ (LMV) എന്നിവയുടെ വണ്‍ സൈഡ് യാത്രയ്ക്ക് 180 രൂപയായിരുന്നു ടോള്‍. ഈ തുക 185 രൂപയാക്കി ഉയർത്തി. 24 മണിക്കൂറിനുള്ളില്‍ സാധുതയുള്ള റിട്ടേണ്‍ നിരക്ക് 275 രൂപയായി. 50 ഒറ്റ യാത്രകള്‍ക്കുള്ള പ്രതിമാസ പാസ് 5,940 രൂപയില്‍ നിന്ന് 6,100 രൂപയായി വർധിപ്പിച്ചു. ടോള്‍ പ്ലാസയില്‍ നിന്ന് 20 കിലോമീറ്ററിനുള്ളില്‍ താമസിക്കുന്നവർക്കുള്ള പ്രാദേശിക പ്രതിമാസ പാസ് 360 രൂപ എന്നത് മാറ്റമില്ലാതെ തുടരും.മറ്റ് വിഭാഗത്തിലുള്ള വാഹനങ്ങള്‍ക്കും ടോള്‍ നിരക്കുകള്‍ പരിഷ്കരിച്ചു. ലഘു വാണിജ്യ വാഹനങ്ങള്‍, മിനി ബസുകള്‍, ലഘു ഗുഡ്സ് വാഹനങ്ങള്‍ എന്നിവ ഒറ്റ യാത്രയ്ക്ക് 295 രൂപ നല്‍കണം. അതേസമയം ട്രക്കുകള്‍ക്കും ബസുകള്‍ക്കും (രണ്ട് ആക്‌സില്‍) 620 ഈടാക്കും.

മൂന്ന് ആക്‌സില്‍ വാണിജ്യ വാഹനങ്ങള്‍ക്ക് 675 രൂപയും, ഹെവി കണ്‍സ്ട്രക്ഷൻ മെഷിനറികള്‍ക്കും മള്‍ട്ടി – ആക്‌സില്‍ വാഹനങ്ങള്‍ക്കും (4 – 6 ആക്‌സില്‍) 970 രൂപയും ഏഴോ അതിലധികമോ ആക്‌സിലുകളുള്ള വലിയ വാഹനങ്ങള്‍ക്ക് ഒറ്റ യാത്രയ്ക്ക് 1,180 രൂപയുമായും ടോള്‍ നിശ്ചയിച്ചിട്ടുണ്ട്.ടോള്‍ ഗസറ്റ് നോട്ടിഫിക്കേഷൻ നമ്പർ എസ്‌ഒ അനുസരിച്ച്‌ പുതുക്കിയ നിരക്കുകള്‍ വിജ്ഞാപനം ചെയ്തിട്ടുണ്ടെന്ന് എൻഎച്ച്‌എഐ ഉദ്യോഗസ്ഥർ പറഞ്ഞു. 2026 ഏപ്രില്‍ ഒന്നിന് വാർഷിക ടോള്‍ പരിഷ്കരണം നടപ്പിലാക്കി വെറും മൂന്ന് മാസത്തിന് ശേഷമാണ് പുതിയ വർധനവ് ഉണ്ടായിരിക്കുന്നത്. അന്ന് കാറുകള്‍ക്ക് ടോള്‍ 175ല്‍ നിന്ന് 180 രൂപയാക്കി വർധിപ്പിക്കുകയും ചെയ്തു. ബെംഗളൂരു – മൈസൂരു ആക്‌സസ് – കണ്‍ട്രോള്‍ഡ് ഹൈവേ പതിവായി ഉപയോഗിക്കുന്ന ആർആർ നഗറില്‍ നിന്നുള്ളവർക്കും ടോള്‍ നിരക്ക് ഉയർത്തിയത് തിരിച്ചടിയായി.

You may also like

error: Content is protected !!
Join Our WhatsApp Group