ബെംഗളൂരു: കാസർകോട്:കർണാടക രാഷ്ട്രീയത്തിൽ വൻ അഴിച്ചുപണികൾക്ക് വഴിയൊരുക്കി ഡി.കെ. ശിവകുമാർ മന്ത്രിസഭ ബുധനാഴ്ച അധികാരമേൽക്കുമ്പോൾ, കാസർകോട് ജില്ലയ്ക്കും അഭിമാന നിമിഷമാകുന്ന വാർത്തയാണ് പുറത്തുവരുന്നത്. കർണാടക നിയമസഭാ സ്പീക്കറായിരുന്ന യു.ടി. ഖാദർ പുതിയ മന്ത്രിസഭയിൽ അംഗമാകുമെന്ന് ഉറപ്പായതോടെ അദ്ദേഹത്തിന്റെ അനുയായികൾക്കും കാസർകോട്ടെ ജനങ്ങൾക്കുമിടയിൽ ആവേശം നിറഞ്ഞിരിക്കുകയാണ്.മന്ത്രിസഭാ പ്രവേശനത്തിന് മുന്നോടിയായി യു.ടി. ഖാദർ ബുധനാഴ്ച രാവിലെ സ്പീക്കർ സ്ഥാനം രാജിവെച്ചു. ഇതോടെയാണ് അദ്ദേഹം വീണ്ടും സജീവ ഭരണരംഗത്തേക്ക് തിരിച്ചെത്തുന്നത്.മംഗളൂരു മണ്ഡലത്തിൽ നിന്ന് അഞ്ച് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു.ടി. ഖാദർ, കർണാടകയിലെ ഏറ്റവും സ്വാധീനമുള്ള ന്യൂനപക്ഷ നേതാക്കളിലൊരാളാണ്.
മുൻപ് ആരോഗ്യ മന്ത്രിയായും ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രിയായും പ്രവർത്തിച്ച അദ്ദേഹം മികച്ച ഭരണനേട്ടങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു. പുതിയ മന്ത്രിസഭയിലും പ്രധാന വകുപ്പുകളിലൊന്ന് അദ്ദേഹത്തിന് ലഭിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.കാസർകോടിന്റെ സ്വന്തം നേതാവ്കർണാടകയിലെ പ്രമുഖ നേതാവാണെങ്കിലും കാസർകോടുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന രാഷ്ട്രീയ വ്യക്തിത്വങ്ങളിലൊരാളാണ് യു.ടി. ഖാദർ. ജില്ലയിലെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, മതപരമായ നിരവധി പരിപാടികളിൽ സ്ഥിരമായി പങ്കെടുക്കുന്ന അദ്ദേഹം കാസർകോട്ടെ ജനങ്ങളുമായി ആത്മബന്ധം നിലനിർത്തുന്ന നേതാവായാണ് അറിയപ്പെടുന്നത്.അതിർത്തി ജില്ലകളായ കാസർകോടും ദക്ഷിണ കന്നഡയും തമ്മിലുള്ള ജനങ്ങളുടെ യാത്ര, വ്യാപാരം, വിദ്യാഭ്യാസം, ആരോഗ്യരംഗം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യു.ടി. ഖാദർ പലപ്പോഴും ഇടപെട്ടിട്ടുണ്ട്.
കാസർകോട്ടെ നിരവധി സംഘടനകളുമായും വ്യക്തികളുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്.ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ യു.ടി. ഖാദർ ഇടംപിടിക്കുന്നത് കർണാടക രാഷ്ട്രീയത്തിലെ ഒരു സുപ്രധാന നീക്കമെന്നതിലുപരി കാസർകോടിനും സന്തോഷം പകരുന്ന സംഭവമായാണ് വിലയിരുത്തപ്പെടുന്നത്. അതിർത്തി മേഖലയിലെ ജനപ്രശ്നങ്ങൾ കൂടുതൽ ശക്തമായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ഇതിലൂടെ സാധിക്കുമെന്ന പ്രതീക്ഷയും ഉയർന്നിട്ടുണ്ട്.