ബെംഗളൂരു: ലിവ് ഇൻ പങ്കാളിയുടെ മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കെന്നത്ത്(25) കൊലപാതകം ആസൂത്രണം ചെയ്യാനായി എഐ സഹായവും തേടിയിരുന്നതായി റിപ്പോർട്ട്.കേസില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വിവിധ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊലപാതകത്തിന്റെ ആസൂത്രണത്തിന്റെ ഓരോ ഘട്ടത്തിലും എഐ നല്‍കിയ വിവരങ്ങളും നിർദേശങ്ങളും പ്രതി ഉപയോഗപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തില്‍ ഗൂഗിള്‍ ജെമിനി എഐ ചാറ്റ് ബോട്ടുമായി പ്രതി നടത്തിയ മുഴുവൻ സംഭാഷണങ്ങളുടെയും വിവരങ്ങള്‍ വീണ്ടെടുക്കാനാണ് പൊലീസിന്റെ ശ്രമം. ഇതിനായി ഗൂഗിളിനെ സമീപിച്ചതായും പൊലീസ് അറിയിച്ചു.
ജൂണ്‍ 22-നാണ് ബെംഗളൂരു കെ ആർ പുരത്തെ സോമസുന്ദർ(55) ഭാര്യ മുത്തുലക്ഷ്മി(48) ഇളയമകള്‍ സുപ്രിയ(22) എന്നിവർ കൊല്ലപ്പെട്ടത്. സോമസുന്ദരം-മുത്തുലക്ഷ്മി ദമ്പതിമാരുടെ മൂത്തമകളായ ശ്വേതയും ലിവ് ഇൻ പങ്കാളിയായ കെന്നത്തുമായിരുന്നു കൊലപാതകത്തിന് പിന്നില്‍. ശ്വേതയുടെ സഹായത്തോടെ മൂവരെയും കൊലപ്പെടുത്തിയത് കെന്നത്ത് ആണെന്നാണ് പൊലീസ് പറയുന്നത്. ആദ്യം മുത്തുലക്ഷ്മിയെ ആക്രമിച്ച പ്രതി പിന്നീട് വീട്ടിലെത്തി സോമസുന്ദരത്തെയും സുപ്രിയയെയും പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. കൃത്യം നടത്തിയത് പിന്നാലെ ശ്വേതയും കെന്നത്തും വീട്ടിലുണ്ടായിരുന്ന പണവും ആഭരണങ്ങളും കൈക്കലാക്കി പുതുച്ചേരിയിലേക്ക് മുങ്ങി. എന്നാല്‍, ജൂണ്‍ 24-ന് ഇരുവരും പൊലീസിന്റെ പിടിയിലായി.ആറുമാസത്തെ ആസൂത്രണം, ഓരോ ഘട്ടത്തിലും എഐ സഹായം…ആറുമാസത്തോളം നീണ്ട ആസൂത്രണത്തിന് ശേഷമാണ് കെന്നത്ത് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ആസൂത്രണത്തിൻ്റെ ഓരോ ഘട്ടത്തിലും ജെമിനി എഐയുടെ സഹായവും തേടി. എങ്ങനെ ഒരാളെ കൊല്ലാം, എങ്ങനെ മൃതദേഹം മറവുചെയ്യാം എന്നിങ്ങനെ നേരിട്ട് ചോദിക്കുന്നതിന് പകരം സാങ്കല്‍പ്പികമായ സാഹചര്യങ്ങള്‍ മുന്നോട്ടുവെച്ചാണ് പ്രതി എഐ ചാറ്റ്ബോട്ടില്‍നിന്ന് സഹായം തേടിയതെന്നാണ് പൊലീസ് പറയുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ ഞാൻ എന്തുചെയ്യും, വീട്ടില്‍ കള്ളന്മാർ വന്നു, ഞാൻ എങ്ങനെ അവരെ ആക്രമിക്കും തുടങ്ങിയ ചോദ്യങ്ങളായിരുന്നു പ്രതി എഐയോട് ചോദിച്ചത്. കൊലപാതകത്തിന് ശേഷം മൃതദേഹം ഉപേക്ഷിക്കാനായി ക്ലൗഡ് കിച്ചണ്‍ സംരംഭത്തിനായി വാങ്ങിയ ഫർണസ് ഉപയോഗിക്കാനായിരുന്നു പ്രതി ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍, എഐയുമായി നടത്തിയ സംഭാഷണത്തില്‍ ഇത് പ്രയോഗികമല്ലെന്ന മറുപടി ലഭിച്ചതോടെ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. കേസില്‍ ഗൂഗിളില്‍നിന്നടക്കം വിവരങ്ങള്‍ തേടി പൊലീസിന്റെ അന്വേഷണം വിപുലപ്പെടുത്തിയിരിക്കുകയാണ്.