Home കർണാടക ബെംഗളൂരുവിൽ മൃഗമാലിന്യ നിയന്ത്രണത്തിന് പുതിയ ആപ്പ്; 24 മണിക്കൂറിൽ 3,045 ഇറച്ചിക്കടകൾ രജിസ്റ്റർ ചെയ്തു

ബെംഗളൂരുവിൽ മൃഗമാലിന്യ നിയന്ത്രണത്തിന് പുതിയ ആപ്പ്; 24 മണിക്കൂറിൽ 3,045 ഇറച്ചിക്കടകൾ രജിസ്റ്റർ ചെയ്തു

ബെംഗളൂരു: നഗരത്തിലെ ഇറച്ചിക്കടകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന മൃഗമാലിന്യം കാര്യക്ഷമമായി ശേഖരിക്കാനും നിരീക്ഷിക്കാനുമായി ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് (BSWML) പുതിയ ഓട്ടോമാറ്റിക് ആനിമൽ വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം (AAWMS) മൊബൈൽ ആപ്പ് ആരംഭിച്ചു. ആപ്പ് പുറത്തിറക്കി 24 മണിക്കൂറിനുള്ളിൽ തന്നെ 3,045 ഇറച്ചിക്കടകൾ രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു.ജൂൺ 5-നാണ് രജിസ്ട്രേഷൻ അവസാനിക്കുക. രജിസ്റ്റർ ചെയ്ത കടകളുടെ വിവരങ്ങൾ ലഭിച്ചതോടെ അവയുടെ ദൈനംദിന മൃഗമാലിന്യ ഉത്പാദനം കൃത്യമായി നിരീക്ഷിക്കാൻ കഴിയുമെന്ന് BSWML ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കരി ഗൗഡ പറഞ്ഞു.മത്സ്യം, കോഴി, മട്ടൺ കടകളിൽ നിന്നുള്ള മാലിന്യങ്ങൾ പ്രത്യേക ഏജൻസികൾ ശേഖരിച്ച് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള റെൻഡറിംഗ് യൂണിറ്റുകളിലേക്ക് അയക്കും. അവിടെ നിന്ന് കോഴിത്തീറ്റയും മറ്റ് വളർത്തുമൃഗങ്ങളുടെ തീറ്റയും നിർമ്മിക്കും.

ബെംഗളൂരുവിൽ പ്രതിദിനം ഏകദേശം 250 ടൺ മൃഗമാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നുവെന്നാണ് കണക്ക്. വാരാന്ത്യങ്ങളിൽ മാംസ ഉപഭോഗം കൂടുന്നതിനനുസരിച്ച് മാലിന്യത്തിന്റെ അളവും വർധിക്കുന്നു.മുമ്പ് ഇത്തരം മാലിന്യങ്ങൾ മറ്റ് നനഞ്ഞ മാലിന്യങ്ങളുമായി കലർന്ന് തെരുവുകളിലും അഴുക്കുചാലുകളിലും തള്ളപ്പെടാറുണ്ടായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. പുതിയ സംവിധാനത്തിൽ, ഇറച്ചിക്കടകൾ നിർബന്ധമായും അധികൃതർ നിയോഗിക്കുന്ന ഏജൻസികൾക്ക് മാലിന്യം കൈമാറണം.ജൂൺ 10 മുതൽ എല്ലാ ഇറച്ചിക്കടകളും മൃഗാവശിഷ്ടങ്ങൾ അധികൃതർ തെരഞ്ഞെടുത്ത ഏജൻസികൾക്ക് കൈമാറേണ്ടതാണ്. നിയമം പാലിക്കാത്ത കടകളുടെ വ്യാപാര ലൈസൻസ് റദ്ദാക്കും എന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.നിലവിൽ രജിസ്റ്റർ ചെയ്ത ഇറച്ചിക്കടകളിൽ 893 കടകളുമായി ബെംഗളൂരു വെസ്റ്റ് ഒന്നാം സ്ഥാനത്തും, 677 കടകളുമായി നോർത്ത്, 555 കടകളുമായി സൗത്ത്, 510 കടകളുമായി ഈസ്റ്റ്, 410 കടകളുമായി സെൻട്രൽ മേഖല എന്നിവ തുടർന്നും സ്ഥാനം പിടിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group