ആയിരക്കണക്കിന് തേനീച്ചകള്‍ ശരീരത്തിനുചുറ്റും വട്ടമിട്ട് മൂളിപ്പറന്നിട്ടും അരമണിക്കൂറോളം മനസാന്നിദ്ധ്യം ഒട്ടും കൈവിടാതെനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് വേരെല്‍ എന്ന യുവാവ്.എക്സിലൂടെ (ട്വിറ്റർ) പങ്കുവെക്കപ്പെട്ട ഈ അപൂർവ സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായിരിക്കുകയാണ്. ചെറിയൊരു പാളിച്ച പോലും ജീവന് തന്നെ ഭീഷണിയാകുമായിരുന്ന അവസ്ഥയില്‍ നിന്നാണ് യുവാവ് തലനാരിഴയ്ക്ക് രക്ഷപെട്ടത്.പതിവുപോലെ ജോലിസ്ഥലമായ ഗാരേജിലേക്ക് നടന്നുപോവുകയായിരുന്ന വേരെലിന്റെ വസ്ത്രത്തില്‍ അപ്രതീക്ഷിതമായി ഒരു റാണിത്തേനീച്ച വന്നിരിക്കുകയായിരുന്നു.
ഇതോടെയാണ് സംഭവങ്ങളുടെ തുടക്കം. റാണിത്തേനീച്ച യുവാവിന്റെ പാന്റില്‍ ഇരിപ്പുറപ്പിച്ചതിന് പിന്നാലെ, നിമിഷങ്ങള്‍ക്കകം ആയിരക്കണക്കിന് തേനീച്ചകള്‍ അവിടെ വട്ടമിട്ട് പറക്കാൻ തുടങ്ങുകയും പാന്റിന്റെ പിൻഭാഗത്തായി വലിയൊരു തേനീച്ചക്കൂട് കണക്കെ അവ ഒത്തുചേരുകയും ചെയ്തു.ചെറിയൊരു ചലനം ഉണ്ടായാല്‍ പോലും തേനീച്ചകള്‍ പ്രകോപിതരായി കൂട്ടത്തോടെ ആക്രമിക്കുമെന്ന് വേരെലിന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ കടുത്ത ഭയവും അസ്വസ്ഥതയും ഉള്ളിലൊതുക്കി, ശ്വാസമടക്കി പൂർണ്ണമായും നിശ്ചലനായി നില്ക്കാൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ നീണ്ട 30 മിനിറ്റിലധികമാണ് യുവാവ് ഒരേ നില്‍പ്പ് നിന്നത്. ഒടുവില്‍, റാണിത്തേനീച്ചയെ അതീവ ശ്രദ്ധയോടെ ഒരു പാത്രത്തിലേക്ക് മാറ്റി എടുത്തതോടെയാണ് വലിയൊരു ദുരന്തം ഒഴിവായത്. റാണി മാറിയതിന് പിന്നാലെ ബാക്കി തേനീച്ചകളും അവിടെനിന്ന് പറന്നുപോയി.
ശരീരമാകെ തേനീച്ചകള്‍ മൂടിയിട്ടും അരമണിക്കൂറോളം ഒരൊറ്റ നില്‍പ്പ് നിന്നതുകൊണ്ട് ഒരു കുത്ത് പോലും ഏല്‍ക്കാതെയാണ് യുവാവ് ഈ അപകടത്തില്‍ നിന്ന് രക്ഷപെട്ടത്. ജീവൻ പണയപ്പെടുത്തേണ്ടി വരുമായിരുന്ന ഈ സാഹചര്യത്തില്‍ യുവാവ് കാണിച്ച അസാധാരണമായ ധൈര്യത്തെയും മനക്കരുത്തിനെയും പ്രശംസിച്ചുകൊണ്ട് നിരവധി ആളുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തുന്നത്. ഇത്തരമൊരു അവസ്ഥയില്‍ ഒട്ടും പരിഭ്രാന്തനാകാതെ സ്വയം നിയന്ത്രിക്കാൻ പ്രത്യേക കഴിവ് തന്നെ വേണമെന്നാണ് പലരും കുറിക്കുന്നത്.