Home കർണാടക ബെംഗളൂരു നമ്മ മെട്രോയില്‍ കടബഗെരെ-താവരക്കെരെ ഇടനാഴി കൂടി; സാര്‍ജാപൂര്‍-ഹെബ്ബാള്‍ മെട്രോ വൈകും

ബെംഗളൂരു നമ്മ മെട്രോയില്‍ കടബഗെരെ-താവരക്കെരെ ഇടനാഴി കൂടി; സാര്‍ജാപൂര്‍-ഹെബ്ബാള്‍ മെട്രോ വൈകും

by ടാർസ്യുസ്

ബെംഗളൂരു: നമ്മ മെട്രോയുടെ മൂന്നാം ഘട്ടം 3എ (ഫേസ് 3എ) വികസനത്തില്‍ ഇനി സാര്‍ജാപൂര്‍-ഹെബ്ബാള്‍ ലൈനിന് പുറമെ 6.6 കിലോമീറ്റര്‍ നീളമുള്ള കടബഗെരെ-താവരക്കെരെ ഇടനാഴി കൂടി ഉള്‍പ്പെടുത്തും.നഗരത്തിന്റെ തെക്കുപടിഞ്ഞാറുള്ള മഗാഡി റോഡിലൂടെയുള്ള വികസനത്തില്‍ ഈ പാതയും ഉള്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെയെടുത്ത ഈ തീരുമാനം, 36.59 കിലോമീറ്റര്‍ സാര്‍ജാപൂര്‍-ഹെബ്ബാള്‍ മെട്രോ ഇടനാഴിക്ക് കേന്ദ്ര അംഗീകാരം വൈകിച്ചേക്കും.സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലൂടെയും തെക്കുകിഴക്കന്‍ ടെക് ഹബ്ബുകളിലൂടെയുമാണ് ഈ പാത കടന്നുപോകുന്നത്. ‘സാര്‍വത്രികമായ ഭാവി ഇടനാഴികളിലൊന്നായ കടബഗെരെ-താവരക്കെരെ ലൈനിന്റെ പണികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

സാര്‍ജാപൂര്‍-ഹെബ്ബാള്‍, കടബഗെരെ-താവരക്കെരെ ലൈനുകളുടെ ഡിപിആര്‍ വരുന്ന മാസങ്ങളില്‍ ഒരുമിച്ച്‌ സമര്‍പ്പിക്കും,’ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.താവരക്കെരെ ലൈനിന്റെ ഡിപിആര്‍ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പ്രതീക്ഷിക്കുന്നതിനാല്‍ രണ്ടും ഫേസ് 3എയില്‍ ഉള്‍പ്പെടുത്തി കേന്ദ്രത്തിന് അംഗീകാരത്തിനായി അയക്കാമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്. മൂന്നാം ഘട്ടത്തിലെ 12.25 കി.മീ. ഹോസഹള്ളി-കടബഗെരെ ഇടനാഴിയുടെ തുടര്‍ച്ചയാണ് താവരക്കെരെ ലൈന്‍. അഞ്ച് സ്റ്റേഷനുകളും മെട്രോ ലൈനിന് താഴെ ഫ്‌ലൈഓവറോടുകൂടിയ ഡബിള്‍ ഡെക്കര്‍ മേല്‍പ്പാലവും ഇതില്‍ ഉള്‍പ്പെടുന്നു.അലൈന്‍മെന്റ്, ട്രാഫിക് പഠനം, നിര്‍മ്മാണ മാനദണ്ഡങ്ങള്‍ എന്നിവ ഡിപിആറില്‍ വ്യക്തമാക്കും. ഔദ്യോഗിക നിറം ഇതുവരെ നിശ്ചയിച്ചിട്ടില്ല. താവരക്കെരെ ലൈനിന്റെ പണികള്‍ വേഗത്തിലാക്കുന്നത്, നഗരത്തിലെ പ്രധാന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ മെട്രോ പുറത്തേക്ക് വ്യാപിക്കുന്നു എന്ന വിമര്‍ശനത്തിന് വഴിവെച്ചേക്കാം.

സാര്‍ജാപൂര്‍-ഹെബ്ബാള്‍ ഇടനാഴിക്ക് 2024 ഡിസംബറില്‍ ആണ് സംസ്ഥാനം അംഗീകാരം നല്‍കിയത്.എന്നാല്‍, കിലോമീറ്ററിന് 776 കോടി രൂപ എന്ന ഉയര്‍ന്ന ചെലവ് കേന്ദ്രം ഇതിനിടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അതിനിടെ ഫ്രഞ്ച് കണ്‍സള്‍ട്ടന്‍സിയായ സിസ്ട്രയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്, ബിഎംആര്‍സിഎല്‍ പദ്ധതിച്ചെലവ് 28,405 കോടിയില്‍ നിന്ന് 25,485 കോടിയായി കുറച്ചു. അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷനുകള്‍ 210 മീറ്ററില്‍ നിന്ന് 170 മീറ്ററാക്കി, തുരങ്കം നിര്‍മ്മിക്കുന്നതിനുള്ള ചെലവ് കിലോമീറ്ററിന് 300 കോടിയില്‍ നിന്ന് 210 കോടിയായി കുറച്ചാണ് ഇത് സാധ്യമാക്കിയത്.അതേസമയം മേല്‍പ്പാതകളിലെ ഡബിള്‍ ഡെക്കര്‍ മേല്‍പ്പാലങ്ങളെക്കുറിച്ച്‌ കേന്ദ്രം ആശങ്ക ഉന്നയിച്ചു. സാര്‍ജാപൂര്‍ മുതല്‍ ഇബ്‌ളൂര്‍ (14 കി.മീ.), അഗാര മുതല്‍ കോറമംഗല മൂന്നാം ബ്ലോക്ക് (2.45 കി.മീ.) വരെയുള്ള ഓവര്‍ഗ്രൗണ്ട് ഭാഗങ്ങളില്‍ ഇത്തരം മേല്‍പ്പാലങ്ങള്‍ ഉള്‍പ്പെടുത്തുന്നത് കേന്ദ്രം ചോദ്യം ചെയ്തിരുന്നു. മെട്രോ ലൈനുകള്‍ക്ക് താഴെ ഫ്‌ലൈഓവറുകള്‍ വന്നാല്‍ യാത്രക്കാരുടെ എണ്ണത്തെ ബാധിക്കുമെന്നുമാണ് കേന്ദ്രം പറയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group