Home കർണാടക ബെംഗളൂരു സ്‌ഫോടനക്കേസ്: 17 വര്‍ഷമായി വിചാരണ തടവ് അനുഭവിക്കുന്ന അബ്ദുല്‍ഖാദര്‍ ജയിലില്‍ മരണപ്പെട്ടു

ബെംഗളൂരു സ്‌ഫോടനക്കേസ്: 17 വര്‍ഷമായി വിചാരണ തടവ് അനുഭവിക്കുന്ന അബ്ദുല്‍ഖാദര്‍ ജയിലില്‍ മരണപ്പെട്ടു

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരു സ്ഫോടനക്കേസില്‍ വിചാരണ തടവുകാരനായിരുന്ന കുടക് സ്വദേശി അബ്ദുല്‍ ഖാദര്‍(64)ജയിലില്‍ മരിച്ചു.17 വര്‍ഷക്കാലം ബെംഗളൂരു ജയിലില്‍ വിചാരണ തടവുകാരനായി കഴിയുകയായിരുന്നു അബ്ദുല്‍ ഖാദര്‍. പ്രമേഹരോഗം മൂര്‍ച്ഛിച്ച്‌ ഹൃദയസ്തംഭനം മൂലം ഇന്നുച്ചയ്ക്കാണ് അബ്ദുല്‍ ഖാദര്‍ മരിച്ചത്. കടുത്ത പ്രമേഹ രോഗിയായ അദ്ദേഹത്തിന് നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. കൃത്യമായി ചികില്‍സയോ പരിചരണമോ ജയിലധികൃതരില്‍ നിന്ന് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടായിരുന്നില്ലെന്ന് പറയപ്പെടുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഭൗതികശരീരം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്നാണ് ബന്ധപ്പെട്ട അഭിഭാഷകരില്‍ നിന്ന് അറിയുന്നത്.

മുന്‍പ് പ്രമേഹ രോഗത്തെ തുടര്‍ന്നുണ്ടായ കാലിലുണ്ടായ മുറിവ് ഉണങ്ങാതിരിക്കുകയും പിന്നീട് കാല്‍വിരലുകള്‍ മുറിച്ചുമാറ്റപ്പെടുകയും ചെയ്തിരുന്നു. പ്രമേഹരോഗം മൂര്‍ച്ഛിച്ചതിന് തുടര്‍ന്ന് വൃക്കകള്‍ തകരാറിലാവുകയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും മറ്റ് അനുബന്ധ രോഗങ്ങളും അദ്ദേഹത്തിന് പിടിപെടുകയും ഉണ്ടായി. വിദഗ്ധമായ ചികില്‍സ ലഭ്യമാക്കാന്‍ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയെ സമീപിക്കുകയും കോടതി ഉത്തരവിടുകയും ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ ജയിലധികൃതര്‍ അദ്ദേഹത്തിനെ വിദഗ്ധ ചികില്‍സയ്ക്കായി ജയിലിന് പുറത്തെ ഹോസ്പിറ്റലുകളിലേക്ക് കൊണ്ടുപോയിട്ടില്ലെന്ന് പറയപ്പെടുന്നു.

ബെംഗളൂരു സ്ഫോടനക്കേസിലെ കുറ്റപത്രത്തില്‍ ഏറ്റവും കുറഞ്ഞ കുറ്റം ചാര്‍ത്തപ്പെട്ടിട്ടുള്ള വ്യക്തിയാണ് അബ്ദുല്‍ ഖാദര്‍. പോലിസ് ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റം ഏകപക്ഷീയമായി തെളിഞ്ഞാല്‍ തന്നെ കേവലം മൂന്നുവര്‍ഷം മാത്രം ശിക്ഷ അനുഭവിക്കേണ്ടുന്ന കുറ്റത്തിന് കഴിഞ്ഞ 17 വര്‍ഷക്കാലമായി അദ്ദേഹം വിചാരണ തടവ് അനുഭവിക്കുകയായിരുന്നു. ആറു തവണ പ്രത്യേക കോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷ നല്‍കുകയും അത് തള്ളപ്പെടുകയും ചെയ്തു. അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗിക്ക് വിദഗ്ധ ചികില്‍സ ലഭ്യമാക്കണമെന്ന് ഉത്തരവ് ഉണ്ടായിട്ടും ചികില്‍സ ലഭ്യമാക്കാത്ത ജയില്‍ അധികൃതരുടെ നടപടി കടുത്ത പ്രതിഷേധമാണെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group