Home Featured ഓണത്തിരക്കിൽ ബെംഗളൂരു മലയാളികൾ

ഓണത്തിരക്കിൽ ബെംഗളൂരു മലയാളികൾ

by admin

ബെംഗളൂരു: ഓണക്കളികളും ഓണച്ചന്തകളുമെല്ലാമായി ബെംഗളൂരു മലയാളികൾ ഓണത്തിരക്കിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. ഈ മാസം അവസാനമാണ് ഓണമെങ്കിലും അതിനുമുന്നോടിയായുള്ള ഓണമത്സരങ്ങൾ സംഘടിപ്പിക്കുന്നതിന്റെ തിരക്കിലാണ് നഗരത്തിലെ വിവിധ മലയാളി സംഘടനകൾ. പൂക്കളമത്സരവും മറ്റു നാടൻ കളികളുമെല്ലാം ഉണ്ടാകും. തിരുവോണത്തിന് ഏതാനും ദിവസം മുമ്പ് സംഘടനകൾ ഓണച്ചന്തകളും തുടങ്ങുന്നുണ്ട്. ഇതിനുള്ള ഒരുക്കങ്ങൾ ഇപ്പൊഴേ തുടങ്ങിക്കഴിഞ്ഞു.

ഓണത്തിന് നാട്ടിൽ പോകാൻ തീവണ്ടികളിലും ബസുകളിലുമെല്ലാം ടിക്കറ്റ് തരപ്പെടുത്താനുള്ള ശ്രമവും ഇതിനിടയിൽ നടക്കുന്നു. ബെംഗളൂരുവിലെ ഓണാഘോഷം മാസങ്ങളോളം നീണ്ടു നിൽക്കുന്നതാണ്. തിരുവോണം കഴിഞ്ഞാലും സെപ്റ്റംബറിലും ഒക്ടോബറിലുമെല്ലാം നഗരത്തിൽ വിവിധ സംഘടനകളുടെ ഓണാഘോഷങ്ങൾ നടക്കാറുണ്ട്. കേരളത്തിൽനിന്ന് സിനിമാ നടൻമാരെയും മറ്റു സെലിബ്രിറ്റികളെയും ഓണാഘോഷത്തിൽ അതിഥിയായി വിളിക്കുന്നത് പതിവാണ്.

ബെംഗളൂരു മലയാളികൾക്ക് ഓണസദ്യയൊരുക്കാൻ നാട്ടിലെ വിഭവങ്ങൾ ലഭ്യമാക്കുന്ന ഓണച്ചന്തകൾ മലയാളി സംഘടനകൾ ഒരുക്കുന്നുണ്ട്. ഈ മാസം 20-ന് ശേഷമാകും ഓണച്ചന്തകൾ ആരംഭിക്കുക. നാടൻ വിഭവങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. നേന്ത്രപ്പഴം, നേന്ത്രക്കായ്, ഉപ്പേരി, ശർക്കരവരട്ടി, കേരളപപ്പടം, അട, വിവിധയിനം അച്ചാറുകൾ, ജാം, വാഴയില തുടങ്ങി നിരവധി സാധനങ്ങൾ ഓണച്ചന്തകളിലുണ്ടാകും. ഓണക്കോടി, കയറുത്പന്നങ്ങൾ, വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, പുസ്തകങ്ങൾ എന്നിവയും ചില ചന്തകളിൽ ലഭ്യമാകും. നാട്ടിൽപ്പോയി ഓണം ആഘോഷിക്കാനാകാത്ത മലയാളികൾക്ക് സഹായകമാകുന്ന തരത്തിലാണ് ഓണച്ചന്തകൾ തയ്യാറാക്കുക.

കേരളത്തിൽനിന്ന് വാഹനങ്ങളിൽ എത്തിക്കുന്ന ഓണവിഭവങ്ങൾ കേടുകൂടാതെ ഓണച്ചന്തകളിൽ എത്തിക്കും. കേരള സമാജം ദൂരവാണിനഗറിന്റെ ഓണച്ചന്ത ഈ മാസം 25 മുതൽ 28 വരെ രണ്ടിടങ്ങളിലായി നടക്കും. വിജിനപുര ജൂബിലി സ്കൂളിലും എൻ.ആർ.ഐ. ലേഔട്ടിലുമാകും ഓണച്ചന്ത. ഫോൺ: 9880230574.

ഓണം നാട്ടിൽ സ്വന്തക്കാർക്കൊപ്പം ആഘോഷിക്കണമെന്ന ആഗ്രവുമായി ഈ മാസം അവസാനം വണ്ടികയറാനിരിക്കുന്നവർ ഒട്ടേറെയാണ്. ഈ മാസം 25-നാണ് നാട്ടിലേക്ക് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുക. യാത്രക്കാർക്കായി കേരള, കർണാടക ആർ.ടി.സി. കൾ പതിവ് സർവീസുകൾക്കു പുറമേ പ്രത്യേക ബസ് സർവീസുകൾ നടത്തുന്നുണ്ട്. തീവണ്ടികളിൽ മാസങ്ങൾക്കുമുമ്പു തന്നെ ടിക്കറ്റുകൾ വിറ്റുതീർന്നിരുന്നു. കൊച്ചുവേളിക്ക് പ്രത്യേക തീവണ്ടി അനുവദിച്ചത് അല്പം ആശ്വാസമായിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group