ബെംഗളൂരു: കർണാടകത്തില്‍ നിന്ന് കേരളത്തിലേക്കുള്ള പാല് ലഭ്യത കൂട്ടാൻ ഇടപെടണമെന്ന് കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറിനോട് അഭ്യർത്ഥിച്ച് കേരള ക്ഷീര വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ.ബാംഗ്ലൂരില്‍ മുഖ്യമന്ത്രിയുടെ വസതി സന്ദർശിച്ച് മന്ത്രി നിവേദനം സമർപ്പിച്ചു. ക്ഷീര മേഖലയില്‍ പാലിനും പാല് ഉല്പന്നങ്ങള്ക്കുമായി കർണാടക സംസ്ഥാനത്തെ കേരളം കൂടുതലായി ആശ്രയിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ കർണ്ണാടകത്തില്‍ നിന്നുമുള്ള പാലിന്റെ ലഭ്യതയില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇത് മേഖലയെ ബാധിക്കുന്നുണ്ട് എന്ന് മന്ത്രി ബിന്ദു കൃഷ്ണ കർണാടക മുഖ്യമന്ത്രിയെ അറിയിച്ചു. ഈ സ്ഥിതി തുടർന്നാല്‍ പാലിന് വേണ്ടി തമിഴ്നാട്, ആന്ധ്രാ പ്രദേശ് ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടതായി വരുമെന്നും മന്ത്രിയുടെ നിവേദനത്തില്‍ പറയുന്നു.

വിഷയം ഗൗരവകരമായി കണ്ട് നടപടികള്‍ ഉണ്ടാകുമെന്ന് കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് ഉറപ്പുനല്‍കി.കേരളത്തില്‍ പാല് ക്ഷാമം അതിരൂക്ഷമാണ്. കേരളത്തിലെ പ്രതിദിന ആവശ്യകത ഏകദേശം 86 ലക്ഷം ലിറ്റർ ആണ്. എന്നാല്‍ കേരളത്തില്‍ ഉല്പാദിപ്പിക്കുന്ന പാലിന്റെ അളവ് 70 ലക്ഷം ലിറ്ററോളം മാത്രമാണ്. ബാക്കി വരുന്ന പാല് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തിക്കുന്നത്. കർണാകടത്തിലെ കോണ്‍ഗ്രസ് സർക്കാര്‍ കനിയുമെന്ന പ്രതീക്ഷയിലാണ് കേരളം ഇപ്പോള്‍. മികച്ച പാല് ഉല്പാദനം നടക്കുന്ന സംസ്ഥാനമാണ് കർണാടകം.എന്നാല്‍ തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും ചൂട് കാരണം ഉല്പാദനം കുറയുന്ന സ്ഥിതിയുണ്ട്.
ഇക്കാരണത്താല്‍ കേരളത്തില്‍ മില്‍മ ഉള്‍പ്പെടെയുള്ള ബ്രാൻഡുകള്‍ക്ക് പാല് വിതരണം പരിമിതപ്പെടുത്തേണ്ടി വരുന്നു. ഈ പ്രതിസന്ധി മറികടക്കാൻ പാല് വില വർദ്ധിപ്പിക്കണമെന്ന് കർഷകരും സൊസൈറ്റികളും നിരന്തരം ആവശ്യപ്പെടുന്നുണ്ട്.അടുത്ത 3 വർഷത്തിനുള്ളില്‍ കേരളത്തിലെ പ്രതിദിന പാല് ഉത്പാദനം 1 കോടി ലിറ്ററായി ഉയർത്താൻ ലക്ഷ്യമിട്ടുള്ള പ്രത്യേക ബജറ്റ് പദ്ധതികള്‍ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് പാല് ലഭ്യത കുറയുന്നതിന്റെ പ്രധാന കാരണം. ഈ കടുത്ത ചൂടില്‍ നിന്ന് പശുക്കളെ സംരക്ഷിക്കാൻ ഫാമുകളില്‍ ഫാനുകളും സ്പ്രിൻക്ലറുകളും ഘടിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കുന്നുണ്ട്. മികച്ചയിനം കാലിത്തീറ്റകള്‍ നല്‍കുന്നതിനുള്ള പ്രോത്സാഹനം സർക്കാർ തലത്തില്‍ നടപ്പിലാക്കുന്നുണ്ട്.