ബെംഗളൂരു: ബന്ദിപ്പുരിലൂടെ കാറിൽ യാത്ര ചെയ്യുകയായിരുന്ന മലയാളി കുടുംബത്തെ മറ്റൊരു വാഹനത്തിലെത്തിയ ആളുകൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള സ്ഥലത്തെത്തിയപ്പോഴായിരുന്നു സംഭവം. കാറിന്റെ ഡാഷ് ക്യാബിൽ ലഭിച്ച വീഡിയോയിൽ സംഘം കുടുംബത്തെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നത് കാണാം. ‘തേഡ് ഐ’ എന്ന ട്വിറ്റർ പേജിലാണ് സംഭവത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്.
കാറിനെ മറികടന്നെത്തിയ വാഹനം നടുറോഡിൽ നിർത്തിയിട്ട് നാലുപേർ ഇറങ്ങി വന്ന് കുടുംബത്തെ അസഭ്യം പറയുകയായിരുന്നു. യാത്രയ്ക്കിടെ ഒരിക്കലും ഓവർടേക്ക് ചെയ്യാൻ സംഘം അനുവദിച്ചില്ലെന്നും ഒരുതവണ മറികടന്നപ്പോൾ ഉടനെ തന്നെ മുന്നിൽ കയറി വാഹനം തടയുകയായിരുന്നുവെന്നും കാറിലുണ്ടായിരുന്നവർ പറഞ്ഞു.
അക്രമികൾ സഞ്ചരിച്ച വാഹനം ബെംഗളൂരുവിൽനിന്ന് പോയതാണെന്നും കർശന നടപടിയെടുക്കുമെന്നും വീഡിയോ ശ്രദ്ധയിൽപ്പെട്ട എ.ഡി.ജി.പി. അലോക് കുമാർ അറിയിച്ചു.