ബെംഗളൂരു: കോണ്‍ഗ്രസിന്റെ ക്ഷേമപദ്ധതികളുടെ മാതൃക ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ പിന്തുടർന്നതിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇതേ മാതൃക സ്വീകരിക്കുകയാണെന്ന് പരിഹസിച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. അമേരിക്കൻ പൗരന്മാർക്ക് 5,000 ഡോളർ വീതം നല്‍കുമെന്ന ട്രംപിന്റെ വാഗ്ദാനത്തെ പരാമർശിച്ചായിരുന്നു ശിവകുമാറിന്റെ പ്രതികരണം. ബെംഗളൂരുവില്‍ നടന്ന പരിപാടിയിലാണ് ശിവകുമാർ കോണ്‍ഗ്രസിന്റെ ക്ഷേമമാതൃകയെക്കുറിച്ച് സംസാരിച്ചത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് നടപ്പാക്കിയ ക്ഷേമനയങ്ങളെ പിന്തുടർന്നുവെന്നും ഇപ്പോള്‍ ട്രംപും സമാനമായ ആശയം മുന്നോട്ടുവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

“മഹാരാഷ്ട്ര ഞങ്ങളെ പിന്തുടർന്നു, മധ്യപ്രദേശും രാജസ്ഥാനും ബിഹാറും പിന്തുടർന്നു. ഇപ്പോള്‍ ട്രംപും ഞങ്ങളെ പിന്തുടരുകയാണ്” എന്നായിരുന്നു ശിവകുമാറിന്റെ പരാമർശം. റിപ്പോർട്ട് പ്രകാരം, റിപ്പബ്ലിക്കൻ പാർട്ടി ഈ വർഷത്തെ ഇടക്കാല തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ നിയന്ത്രണം നിലനിർത്തിയാല്‍ ഓരോ അമേരിക്കൻ മുതിർന്ന പൗരനും 5,000 ഡോളർ വീതം നല്‍കുമെന്ന വാഗ്ദാനമാണ് ട്രംപ് മുന്നോട്ടുവച്ചത്. ‘ട്രംപ് ഡിവിഡന്റ്’ എന്ന പേരിലായിരിക്കും പദ്ധതി നടപ്പാക്കുകയെന്നാണ് ട്രംപ് പറഞ്ഞത്.സെപ്റ്റംബർ 9ന് ഡാലസില്‍ നടന്ന റിപ്പബ്ലിക്കൻ പാർട്ടി കണ്‍വെൻഷനിലായിരുന്നു ട്രംപ് ആദ്യമായി ഈ പ്രഖ്യാപനം നടത്തിയത്. റിപ്പബ്ലിക്കൻമാർ വിജയിച്ചാല്‍ രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് 5,000 ഡോളർ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് ഞായറാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, രാജ്യത്തേക്ക് വലിയ തോതില്‍ പണം എത്തുന്നതിനാല്‍ പദ്ധതി താങ്ങാൻ അമേരിക്കയ്ക്ക് കഴിയുമെന്ന നിലപാടും ട്രംപ് വ്യക്തമാക്കി.
എന്നാല്‍ 5,000 ഡോളർ വീതം നല്‍കാനുള്ള പദ്ധതി നടപ്പാക്കണമെങ്കില്‍ കോണ്‍ഗ്രസിന്റെ അനുമതി ആവശ്യമായി വരുമെന്ന് യുഎസ് ഹൗസ് സ്പീക്കർ മൈക്ക് ജോണ്‍സണ്‍ വ്യക്തമാക്കി. പദ്ധതിയുടെ വിശദാംശങ്ങള്‍ ആദ്യം തീരുമാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ട്രംപിന്റെ പ്രഖ്യാപനം നിലവില്‍ ഒരു രാഷ്ട്രീയ വാഗ്ദാനത്തിന്റെ ഘട്ടത്തിലാണ്.ട്രംപിന്റെ പ്രഖ്യാപനത്തെ കോണ്‍ഗ്രസിന്റെ ക്ഷേമനയങ്ങളുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ച ശിവകുമാർ, ഇന്ത്യയ്ക്ക് പുറത്തേക്കും കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ സ്വാധീനം ചെലുത്തുന്നുവെന്ന അവകാശവാദമാണ് ഉന്നയിച്ചത്. 5,000 ഡോളർ വീതം നല്‍കുമെന്ന ട്രംപിന്റെ വാഗ്ദാനം ചൂണ്ടിക്കാട്ടി, കോണ്‍ഗ്രസിന്റെ ക്ഷേമരാഷ്ട്രീയ മാതൃകയുടെ സ്വാധീനം ലോകതലത്തിലേക്കും എത്തുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.