ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് സ്കൂള്‍ സമയങ്ങളില്‍ മാറ്റം വരുത്തുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നതായി കര്‍ണാടക സ്കൂള്‍ വിദ്യാഭ്യാസ-സാക്ഷരതാ മന്ത്രി മധു ബംഗാരപ്പ.ബെംഗളൂരു ട്രാഫിക് പൊലീസ്, രക്ഷിതാക്കള്‍, സ്വകാര്യ സ്കൂള്‍ മാനേജ്മെന്റുകള്‍, സ്കൂള്‍ വാഹന ഡ്രൈവര്‍മാരുടെ സംഘടന, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവരുമായി ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.രാവിലെയും വൈകുന്നേരവും സ്കൂള്‍ വാനുകളും വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന മറ്റ് വാഹനങ്ങളും നിരത്തിലിറങ്ങുന്നതോടെ ബെംഗളൂരു നഗരത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്.

തിരക്കുള്ള സമയങ്ങളില്‍ (പീക്ക് അവേഴ്സ്) ഓഫീസിലേക്കുള്ള യാത്രയും സ്കൂള്‍ സമയവും ഒരേസമയം വരുന്നത് ഒഴിവാക്കി ഗതാഗതത്തിരക്ക് കുറയ്ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.സ്കൂള്‍ സമയങ്ങളില്‍ 30 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ മാറ്റം വരുത്തുന്നതാണ് ഇതിനുള്ള ഏറ്റവും മികച്ച മാര്‍ഗമെന്ന് ‘ടിവി9 കന്നഡ’ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരക്കുള്ള സമയങ്ങളിലെ ഗതാഗതം കുറയ്ക്കുന്നതിനൊപ്പം വിദ്യാര്‍ത്ഥികളുടെ സുരക്ഷ മെച്ചപ്പെടുത്താനും ഇതിലൂടെ കഴിയുമെന്ന് അധികൃതര്‍ കരുതുന്നു. എല്ലാ വിഭാഗം ആളുകളുടെയും അഭിപ്രായങ്ങള്‍ കേട്ടതിനുശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്ന് മന്ത്രി വ്യക്തമാക്കി.ഗതാഗതം നിയന്ത്രിക്കുന്നതിനായി സ്കൂള്‍, ഓഫീസ് സമയങ്ങളില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്തണമെന്ന് കര്‍ണാടക ഹൈക്കോടതി നേരത്തെ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഒരു കോടിയിലധികം കുട്ടികളുണ്ടെന്നും സംസ്ഥാനത്തെ വിദ്യാഭ്യാസ സംവിധാനം മെച്ചപ്പെടുത്താന്‍ താന്‍ പ്രവര്‍ത്തിച്ചുവരികയാണെന്നും മന്ത്രി ബംഗാരപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതിനിടെ ബെംഗളൂരുവില്‍ ഹെബ്ബാള്‍ മുതല്‍ സില്‍ക്ക് ബോര്‍ഡ് ജംഗ്ഷന് വരെ 17 കിലോമീറ്റര്‍ നീളമുള്ള തുരങ്കപാത ശൃംഖല നിര്‍മ്മിക്കാന്‍ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നഗരത്തിലെ ഉപരിതല റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനൊപ്പം വാഹനങ്ങള്‍ക്ക് വേഗത്തില്‍ സഞ്ചരിക്കാന്‍ സഹായിക്കുന്ന ഭൂഗര്‍ഭ എക്സ്പ്രസ് പാതകളുടെ ശൃംഖലയാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.17,000 കോടി മുതല്‍ 40,000 കോടി രൂപ വരെയാണ് ഇതിനായി കണക്കാക്കപ്പെടുന്ന ചെലവ്. ഇതോടെ കര്‍ണാടകയില്‍ ഇതുവരെ നിര്‍ദ്ദേശിക്കപ്പെട്ടതില്‍ വച്ച് ഏറ്റവും ചെലവേറിയ നഗര അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായി ഇത് മാറും. മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം ബെംഗളൂരുവിലെ ഗതാഗത കുരുക്ക് പരിഹരിക്കാനും റോഡ് വികസനത്തിനും മുന്‍ഗണന നല്‍കും എന്ന് ശിവകുമാര്‍ പറഞ്ഞിരുന്നു.