Home കർണാടക വര്‍ഷങ്ങളായിട്ടും പരാതി പരിഹരിച്ചില്ല; ഒടുവില്‍ ₹2,700 മുടക്കി ബെംഗളൂരുവിലെ തകര്‍ന്ന നടപ്പാത നന്നാക്കി സംരംഭകൻ

വര്‍ഷങ്ങളായിട്ടും പരാതി പരിഹരിച്ചില്ല; ഒടുവില്‍ ₹2,700 മുടക്കി ബെംഗളൂരുവിലെ തകര്‍ന്ന നടപ്പാത നന്നാക്കി സംരംഭകൻ

by ടാർസ്യുസ്

ബെംഗളൂരു: വർഷങ്ങളായി തകർന്നുകിടന്ന നടപ്പാത അധികൃതർ നന്നാക്കാത്തതിനെ തുടർന്ന് സ്വന്തം പണം മുടക്കി അറ്റകുറ്റപ്പണി നടത്തി ബെംഗളൂരുവിലെ സംരംഭകൻ.കോറമംഗലയിലെ താമസസമുച്ചയത്തിന് സമീപത്തെ നടപ്പാതയാണ് ഭാരത് അഗ്രി സ്ഥാപകനും സിഇഒയുമായ സിദ്ധാർഥ് ദിയാലനി നന്നാക്കിയത്.അറ്റകുറ്റപ്പണിക്ക് 2,700 രൂപ ചെലവായെന്നും അദ്ദേഹം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.നടപ്പാതയുടെ തകർന്ന ഭാഗം സംബന്ധിച്ച്‌ ബിബിഎംപിയില്‍ പരാതി നല്‍കിയതായും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് (GBA) ഇ-മെയില്‍ അയച്ചതായും സിദ്ധാർഥ് പറഞ്ഞു. ഇതിന് പുറമെ സർവീസ് ടിക്കറ്റ് രജിസ്റ്റർ ചെയ്യുകയും അധികൃതരുടെ വാട്സ്‌ആപ്പ് ഹെല്‍പ്‌ലൈനില്‍ ബന്ധപ്പെടുകയും ചെയ്തെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

പരാതികള്‍ക്ക് പരിഹാരമുണ്ടാകാതെ വന്നതോടെയാണ് സ്വന്തം നിലയില്‍ അറ്റകുറ്റപ്പണി നടത്താൻ തീരുമാനിച്ചതെന്ന് സിദ്ധാർഥ് വ്യക്തമാക്കി. തൊഴിലാളികളുടെ കൂലിയും സിമന്റിന്റെ ചെലവും ഉള്‍പ്പെടെ 2,700 രൂപയാണ് ഇതിനായി ചെലവഴിച്ചത്. തകർന്ന ഭാഗത്ത് റാംപ് നിർമിച്ചതോടെ ബേബി സ്ട്രോളറുകളുമായി പോകുന്ന മാതാപിതാക്കള്‍ക്കും വീല്‍ചെയർ ഉപയോഗിക്കുന്ന മുതിർന്ന പൗരന്മാർക്കും നടപ്പാത ഉപയോഗിക്കാൻ കൂടുതല്‍ സൗകര്യമാകുമെന്നാണ് അദ്ദേഹത്തിന്റെ വാദം. അറ്റകുറ്റപ്പണിക്ക് മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടെ സിദ്ധാർഥ് പങ്കുവച്ച പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടി. “ബെംഗളൂരുവിലെ കൂടുതല്‍ പ്രദേശങ്ങളിലും ഇത് വ്യാപിപ്പിക്കാൻ നമുക്ക് ഒരുമിച്ച്‌ പ്രവർത്തിക്കണം” എന്ന ആഹ്വാനവും അദ്ദേഹം നടത്തി.

ഭാരത് അഗ്രിയുടെ സ്ഥാപകനായ സിദ്ധാർഥിനെ 2020ല്‍ ഫോബ്സ് ഇന്ത്യയുടെ 30 അണ്ടർ 30 പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.അതേസമയം, പോസ്റ്റിന് താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. അധികൃതർ ചെയ്യേണ്ട ജോലി സ്വയം ഏറ്റെടുത്തതിനെ ചിലർ അഭിനന്ദിച്ചപ്പോള്‍, ഇത്തരം കാര്യങ്ങള്‍ വ്യക്തികള്‍ സ്വന്തം നിലയില്‍ ചെയ്യുന്നത് സ്ഥിരമായ പരിഹാരമല്ലെന്ന വിമർശനവും ഉയർന്നു. നികുതി നല്‍കുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങള്‍ക്കായി വീണ്ടും സ്വന്തം പണം ചെലവഴിക്കേണ്ടിവരുന്ന സാഹചര്യം ചോദ്യം ചെയ്തുള്ള പ്രതികരണങ്ങളും ഉണ്ടായി. ഇതിന് മറുപടിയായി, നഗരസഭയിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതിനെ തുടർന്നാണ് അറ്റകുറ്റപ്പണി നടത്തിയതെന്ന് സിദ്ധാർഥ് വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group