
ബെംഗളുരു :ബുക്ക് ചെയ്ത സ്റ്റോപ്പിൽ നിന്നു ബസിൽ കയറ്റാത്തതു ചോദ്യം ചെയ്ത യാത്രക്കാരന് 1000 രൂപ നഷ്ടപരിഹാരം. 2 വർഷം മുൻപു നടന്ന സംഭവത്തിലാണ് ഉപഭോക്തൃതർക്കപരിഹാര കോടതിയുടെ ഇടപെടൽ.തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ നിന്നു ബെംഗളുരുവിലേക്കാണ് ടിക്കറ്റ് എടുത്തത്. യാത്ര പുറപ്പെടുന്നതിനു മണിക്കൂറുകൾ മുൻപു ബസിന്റെ റജിസ്ട്രേഷൻ നമ്പറും കണ്ടക്ടറുടെ മൊബൈൽ നമ്പറും ലഭിച്ചു. എന്നാൽ പുതിയതായി നിശ്ചയിച്ച സ്റ്റോപ്പിൽ യാത്രക്കാരൻ എത്തിയിട്ടില്ലെന്ന സന്ദേശമാണ് പിന്നീട് ലഭിച്ചത്. തിരുവണ്ണാമലയിൽ നിന്നു 30 കിലോമീറ്റർ അകലെയാണ് ഈ സ്റ്റോപ്പ്. തുടർന്നു മറ്റൊരു ബസിൽ ഹൊസൂരിലെത്തി അവിടെ നിന്നു വേറെ ബസ് പിടിച്ചാണ് 67 വയസ്സുകാരനായ പരാതിക്കാരൻ വീട്ടിലെത്തിയത്. പരാതി സത്യമാണെന്നു കണ്ടെത്തിയ കോടതി ടിക്കറ്റ് ബുക്ക് ചെയ്ത പണവും തിരിച്ചു കൊടുക്കാൻ ഉത്തരവിട്ടു.