ബെംഗളൂരു: സർക്കാർ പാർക്കുകളുടെ ഭൂമി പൊതുമരാമത്ത് പദ്ധതികള്‍ക്കായി വിട്ടുനല്‍കാൻ അനുമതി നല്കുന്ന പുതിയ ഭേദഗതിക്കെതിരെ ലാല്‍ബാഗില്‍ പ്രതിഷേധിച്ച് ബെംഗളൂരു നിവാസികള്‍.വാക്ക് ഇൻ ലാല്‍ബാഗ്, വാക്ക് ഫോർ ലാല്‍ബാഗ് എന്ന പേരില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പൗര സംഘടനകള്‍, റസിഡന്റ്സ് വെല്‍ഫെയർ അസോസിയേഷനുകള്‍, പരിസ്ഥിതി പ്രവർത്തകർ, കന്നഡ അനുകൂല സംഘടനകള്‍ എന്നിവർ പങ്കെടുത്തു.

ബിജെപി എംപിമാരായ തേജസ്വി സൂര്യ, ശോഭ കരന്ദ്ലാജെ, സിഎൻ മഞ്ജുനാഥ് എന്നിവരും ലാല്‍ബാഗ്, കബ്ബണ്‍ പാർക്ക് വിദഗ്ധ സമിതി ചീഫ് അഡ്വൈസറായ യെല്ലപ്പ റെഡ്ഡിയും പ്രതിഷേധത്തില്‍ പങ്കെടുത്തു. രാവിലെ ഏഴിന് ലാല്‍ബാഗിന്റെ വെസ്റ്റ് ഗേറ്റില്‍ നിന്നാണ് പ്രതിഷേധ നടത്തം ആരംഭിച്ചത്. കഴിഞ്ഞ ആഴ്ച കർണാടക നിയമസഭയുടെ ഇരുസഭകളും പാസാക്കിയ കർണാടക ഗവണ്മെന്റ് പാർക്സ് പ്രിസർവേഷൻ അമെൻഡ്മെന്റ് ബില്‍ 2026 പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധക്കാർ ലാല്ബാഗിലൂടെ മുദ്രാവാക്യങ്ങളുമായി നടന്നു. ചിലർ പാർക്കിലെ പ്രശസ്തമായ പെനിൻസുലർ ഗ്നൈസ് പാറയില്‍ കിടന്നും പ്രതിഷേധിച്ചു. ശോഭ കരന്ദ്ലാജെയും ബിജെപി എംപി പിസി മോഹനും പാറയില്‍ കിടന്ന് പ്രതിഷേധിച്ചവരില്‍ ഉള്‍പ്പെടുന്നു. ഏകദേശം മൂന്ന് ബില്യണ്‍ വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന പെനിൻസുലർ ഗ്നൈസ് പാറ ലാല്‍ബാഗിന്റെ പാരിസ്ഥിതികവും ഭൂമിശാസ്ത്രപരവുമായ പൈതൃകത്തിന്റെ ഭാഗമാണെന്ന് പ്രതിഷേധക്കാർ പറയുന്നു.ലാല്‍ബാഗ്, കബ്ബണ്‍ പാർക്ക് ഉള്‍പ്പെടെയുള്ള സംരക്ഷിത സർക്കാർ പാർക്കുകളെയും ഉദ്യാനങ്ങളെയും നിയന്ത്രിക്കുന്ന 1975ലെ കർണാടക ഗവണ്മെന്റ് പാർക്സ് പ്രിസർവേഷൻ നിയമത്തിലാണ് പുതിയ ഭേദഗതി വരുത്തിയത്. പുതിയ ഭേദഗതി പ്രകാരം ഒരു പാർക്കിന്റെയോ ഉദ്യാനത്തിന്റെയോ ആകെ വിസ്തൃതിയുടെ അഞ്ച് ശതമാനം വരെ പ്രത്യേക പൊതുപ്രയോജന പദ്ധതികള്‍ക്കായി സർക്കാർ ഉപയോഗിക്കാനോ വിട്ടുനല്‍കാനോ കഴിയും.
ഈ ഭൂമി വില്‍ക്കാനും പാട്ടത്തിന് നല്‍കാനും കൈമാറാനും കൈമാറ്റം ചെയ്യാനും പണയംവയ്ക്കാനും മറ്റ് രീതികളില്‍ ഉപയോഗിക്കാനും വ്യവസ്ഥ അനുവദിക്കുന്നു. സർക്കാർ വകുപ്പുകള്‍, നിയമപരമായ അധികാര സ്ഥാപനങ്ങള്‍, സർക്കാർ കമ്പനികള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ നടത്തുന്ന പദ്ധതികള്‍ക്കാണ് ഈ വ്യവസ്ഥ ബാധകമാകുക.
പാർക്ക് ഭൂമി ഉപയോഗിക്കുന്നതിനുള്ള ഓരോ നിർദേശവും പരിശോധിക്കാൻ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക മൂല്യനിർണയ സംവിധാനവും ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരും വിവിധ മേഖലകളിലെ വിദഗ്ധരും ഇതിന്റെ ഭാഗമാകും.
നേരത്തെ വിട്ടുനല്‍കിയിട്ടുള്ള ഭൂമിയും അഞ്ച് ശതമാനം പരിധിയില്‍ ഉള്‍പ്പെടും. എന്നാല്‍ ഹോർട്ടികള്‍ച്ചർ വകുപ്പിന്റെ ഭരണപരമായ ആവശ്യങ്ങള്‍ക്കും അനുബന്ധ പ്രവർത്തനങ്ങള്‍ക്കുമായി നടത്തുന്ന സാധാരണ വികസന പ്രവർത്തനങ്ങള്‍ ഈ പരിധിയില്‍ ഉള്‍പ്പെടില്ല. ഭേദഗതിയില്‍ ഹോർട്ടികള്‍ച്ചർ വകുപ്പിന്റെ ഫാമുകളുടെ ചെറിയ ഭാഗങ്ങള്‍ പ്രധാനപ്പെട്ട ഹോർട്ടികള്‍ച്ചർ പദ്ധതികള്‍ക്കായി ഉപയോഗിക്കുന്നതിനും പ്രത്യേക നിയമപരമായ അനുമതി നല്‍കുന്നുണ്ട്.എന്നാല്‍ ഭേദഗതിക്കെതിരെ ബെംഗളൂരു നിവാസികള്‍ ശക്തമായ പ്രതിഷേധത്തിലാണ്. പ്രത്യേകിച്ച് നിർദ്ദിഷ്ട ഹെബ്ബാള്‍ സെൻട്രല്‍ സില്‍ക്ക് ബോർഡ് 17 കിലോമീറ്റർ ടണല്‍ റോഡ് പദ്ധതിയുമായി ഈ ഭേദഗതിക്ക് ബന്ധമുണ്ടാകുമെന്ന ആശങ്കയാണ് പ്രതിഷേധത്തിന് പ്രധാന കാരണം. ടണല്‍ റോഡിന്റെ ഏകദേശം അഞ്ച് കിലോമീറ്റർ ഭാഗം ലാല്ബാഗിലൂടെ കടന്നുപോകാൻ സാധ്യതയുണ്ടെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
പദ്ധതിക്കായി ഏകദേശം അഞ്ച് ഏക്കർ ലാല്‍ബാഗ് ഭൂമി ആവശ്യമായി വരുമെന്ന സർവേ റിപ്പോർട്ടും അവർ ചൂണ്ടിക്കാട്ടി. താല്‍ക്കാലികമായി ആറ് ഏക്കറും സ്ഥിരമായി ഒരു ഏക്കറും ആവശ്യമായി വരുമെന്ന മറ്റ് കണക്കുകളും പ്രതിഷേധത്തിനിടെ ഉയർന്നു. എന്നാല്‍ തുരങ്കപാതയ്ക്കെതിരായ പ്രതിഷേധത്തില്‍ മാത്രം തങ്ങളുടെ ആവശ്യം ഒതുങ്ങുന്നില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.
പാർക്കുകളുടെ അഞ്ച് ശതമാനം ഭൂമി വിവിധ പദ്ധതികള്‍ക്കായി ഉപയോഗിക്കാൻ അനുവദിക്കുന്ന വ്യവസ്ഥ തന്നെ പൂർണമായി പിൻവലിക്കണമെന്നാണ് അവരുടെ ആവശ്യം. ബെംഗളൂരുവില്‍ അവശേഷിക്കുന്ന ഹരിതമേഖലകളില്‍ ഭാവിയില്‍ വാണിജ്യപരമോ മറ്റ് വികസന പ്രവർത്തനങ്ങളോ നടത്താൻ ഈ വ്യവസ്ഥ വഴിയൊരുക്കുമെന്ന ആശങ്കയും പ്രതിഷേധക്കാർ പ്രകടിപ്പിച്ചു.