Home കർണാടക ‘യൂണിഫോം ധരിച്ചതുകൊണ്ട് ഭരണഘടനയ്ക്ക് മുകളിലാകില്ല’; സോഷ്യൽ മീഡിയ പോസ്റ്റിൽ അറസ്റ്റ് ചെയ്ത കർണാടക പൊലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

‘യൂണിഫോം ധരിച്ചതുകൊണ്ട് ഭരണഘടനയ്ക്ക് മുകളിലാകില്ല’; സോഷ്യൽ മീഡിയ പോസ്റ്റിൽ അറസ്റ്റ് ചെയ്ത കർണാടക പൊലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

by ടാർസ്യുസ്

ബെംഗളൂരു: ഹാസ്യകലാകാരന്‍ കുനാല്‍ കമ്രയുടെ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട വ്യക്തിയെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത കര്‍ണാടക പോലീസിന് കര്‍ണാടക ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.വൈറ്റ്ഫീല്‍ഡ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ മോഹന്‍ ഗൗഡ എന്നയാളെ തടങ്കലില്‍ വച്ച നടപടിയെയാണ് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചത്.യൂണിഫോം ധരിച്ചതുകൊണ്ട് ഭരണഘടനയ്ക്ക് അപ്പുറമുള്ള അധികാരമോ സംരക്ഷണമോ ലഭിക്കില്ലെന്നും ജനാധിപത്യ രാജ്യത്ത് അറസ്റ്റ് ചെയ്യാനുള്ള അധികാരം അടിച്ചമര്‍ത്താനുള്ള ആയുധമാക്കരുതെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും സി.സി.ടി.വി ക്യാമറകളും യു.പി.എസ് ബാക്കപ്പുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ സംസ്ഥാനതല ഓഡിറ്റ് നടത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.പ്രതിയെ സ്റ്റേഷനില്‍ എത്തിച്ച സമയത്ത് സി.സി.ടി.വി ക്യാമറ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന പോലീസിന്റെ വിശദീകരണത്തില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും, നടക്കുന്നത് മറച്ചുവെക്കാനാണോ ഇതെന്നും ചോദിച്ചു.വൈറ്റ്ഫീല്‍ഡ് പോലീസ് സ്റ്റേഷന്റെ പേര് ‘ഡാര്‍ക്ക് ഫീല്‍ഡ് പോലീസ് സ്റ്റേഷന്‍’ എന്ന് മാറ്റുന്നതാണ് നല്ലതെന്നും കോടതി പരിഹസിച്ചു. അറസ്റ്റ്, നോട്ടീസ് എന്നിവയുമായി ബന്ധപ്പെട്ട സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്താനും വ്യക്തിഗത പിഴ ഈടാക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് (ഡി.ജി.പി) കോടതി നിര്‍ദ്ദേശം നല്‍കി. സെപ്റ്റംബര്‍ 25-നകം ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group