ബെംഗളൂരു: മലയാളികള് ഉള്പ്പെടെയുള്ള കർണാടകയില് ഇനി ബസ് നിരക്ക് വർധിക്കാൻ സാധ്യത. ബസ് നിരക്ക് വർധനയുമായുമായി ബന്ധപ്പെട്ട റിപ്പോർട്ട് പബ്ലിക് ട്രാൻസ്പോർട്ട് ഫെയർ റെഗുലേറ്ററി കമ്മിറ്റി (പിടിഎഫ്ആർസി) സംസ്ഥാന സർക്കാരിന് സമർപ്പിച്ചു.വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ അതുല് കുമാർ തിവാരിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് ബസ് നിരക്കിലെ ശുപാർശകള് സംബന്ധിച്ച നിർണായക റിപ്പോർട്ട് ഡികെ ശിവകുമാർ സർക്കാരിന് കൈമാറിയത്.കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെഎസ്ആർടിസി), നോർത്ത് വെസ്റ്റേണ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എൻഡബ്ല്യുകെആർടിസി), കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെകെആർടിസി) എന്നീ ബസുകളിലാണ് നിരക്ക് വർധനയ്ക്ക് കളമൊരുങ്ങുന്നതെന്ന് ഉന്നത വൃത്തങ്ങള് സൂചന നല്കി.സംസ്ഥാനത്തെ ബസ് നിരക്ക് വർധന മിതമായ” അളവിലായിരിക്കുമെന്ന് ഗതാഗത മന്ത്രി ബിഎസ് സുരേഷ് വ്യക്തമാക്കി.
അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ് മുഖ്യമന്ത്രി ഡികെ ശിവകുമാറുമായി ചർച്ച നടത്തുമെന്നും വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. 2025 ജനുവരി അഞ്ചിനാണ് ആർടിസി (RTC) അവസാനമായി യാത്രാനിരക്കുകള് 15 ശതമാനം വർധിപ്പിച്ചത്.കെഎസ്ആർടിസി, എൻഡബ്ല്യുകെആർടിസി, കെകെആർടിസി ബസുകളില് 25 ശതമാനം നിരക്ക് വർധനയാണ് സമിതി നിർദേശിച്ചിരിക്കുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷന് (ബിഎംടിസി) 40 ശതമാനം വർധനയാണ് ശുപാർശ ചെയ്തിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള് റിപ്പോർട്ട് ചെയ്തു. നിരക്ക് വർധന ഒഴിവാക്കാൻ സാധ്യമല്ലെന്ന് സമിതി ചൂണ്ടിക്കാട്ടി. അല്ലാത്തപക്ഷം കോർപറേഷനുകള് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് സമിതി മുന്നറിയിപ്പ് നല്കി.25 ശതമാനം വർധനയെന്ന നിർദേശം ആശങ്കയുണ്ടാക്കുന്നതാണെങ്കിലും പ്രായോഗികമായി കുറഞ്ഞ വർധനയായിരിക്കുമെന്നും പൊതുജനങ്ങള്ക്കും നഗരപ്രദേശങ്ങളിലെ യാത്രക്കാർക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലുമാകും നടപ്പിലാക്കുകയെന്ന് ബന്ധപ്പെട്ട വൃത്തങ്ങള് വ്യക്തമാക്കി.
സംസ്ഥാനത്തെ ബസ് നിരക്ക് വർധനയുമായി ബന്ധപ്പെട്ട് ഈ വർഷം ജൂലൈ പത്തിനാണ് സമിതി രൂപീകരിച്ച് വിവിധ വശങ്ങള് പഠിക്കാൻ ആരംഭിച്ചത്. ഇതിൻ്റെ ഭാഗമായി റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ സാമ്പത്തിക സ്ഥിതി പഠനവിധേയമാക്കി. ഇന്ധന വില, സ്പെയർ പാർട്സുകള്, അറ്റകുറ്റപ്പണികള്, പുതിയ ബസുകള് വാങ്ങല്, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ ഘടകങ്ങള് ഇതിൻ്റെ ഭാഗമായി വിലയിരുത്തി.അതേസമയം, ബസ് നിരക്ക് വർധന സംബന്ധിച്ച ശുപാർശകളില് മാറ്റം വരുത്താനോ ഭേദഗതി ചെയ്യാനോ സംസ്ഥാന സർക്കാരിന് കഴിയുമോയെന്ന് വ്യക്തമല്ല. കർണാടക മോട്ടോർ വെഹിക്കിള് (ഭേദഗതി) ചട്ടങ്ങള്, 2025ലെ അധ്യായം 5A-യിലെ ചട്ടം 135(G)(2) പ്രകാരം ആർടിസികളുടെ അതത് ബോർഡുകള് ഈ ശുപാർശകള് അംഗീകരിക്കേണ്ടതുണ്ട്.വൻ കടബാധ്യതയില് കോർപറേഷനുകള്പ്രൊവിഡന്റ് ഫണ്ട്, ഡീസല് ചെലവുകള്, ഗ്രാറ്റുവിറ്റി കുടിശ്ശിക, വിരമിച്ച ജീവനക്കാർക്ക് നല്കാനുള്ള തുക എന്നിവയുള്പ്പെടെ ഏകദേശം 6,600 കോടി രൂപയുടെ ബാധ്യതകള് ഈ കോർപ്പറേഷനുകള്ക്കുണ്ട്.ഡീസല് വിലയിലെ വർധനവും ജീവനക്കാരുടെ വേതനവും കാരണം പ്രവർത്തനച്ചെലവ് കൂടിയെന്നാണ് കോർപറേഷനുകളുടെ വിലയിരുത്തല്. ഈ സാഹചര്യത്തില് കെഎസ്ആർടിസി, എൻഡബ്ല്യുകെആർടിസി, കെകെആർടിസി കോർപറേഷനുകള് 33 ശതമാനം നിരക്ക് വർധനവ് ആവശ്യപ്പെട്ടു. ബിഎംടിസി 40 ശതമാനം വർധനയാണ് ആവശ്യപ്പെട്ടത്.
ആർടിസികളുടെ കണക്കനുസരിച്ച് 2026 ജൂലൈ ഒന്നുമുതല് നടപ്പിലാക്കിയ 12.5 ശതമാനം ശമ്പള വർധനവ് അവരുടെ വാർഷിക ചെലവില് 873.64 കോടി രൂപയുടെ അധിക ബാധ്യത വരുത്തിവച്ചു. ഡീസല് വിലയില് ലിറ്ററിന് 7.81 രൂപ വർധിച്ചത് ഇന്ധനച്ചെലവില് പ്രതിവർഷം 395 കോടി രൂപയുടെ വർധനവാണുണ്ടാക്കിയത്.സ്ത്രീകളുടെ സൗജന്യയാത്ര ഉണ്ടാക്കിയത് വൻ പ്രതിസന്ധിസ്ത്രീകള്ക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ‘ശക്തി’ (Shakti) പദ്ധതി തിരിച്ചടിയായെന്നാണ് വിലയിരുത്തല്. ഇതുമൂലം ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന പുരുഷ യാത്രക്കാരുടെ എണ്ണം 48 ശതമാനത്തില് നിന്ന് 36 ശതമാനമായി കുറഞ്ഞു. ഇതോടെ ദിവസേനയുള്ള വരുമാനത്തില് കുറവുണ്ടായെന്ന് ആർടിസികള് ചൂണ്ടിക്കാട്ടി. 2023 ജൂണ് മുതല് 2026 ജൂലൈവരെയുള്ള കാലയളവില് ശക്തി പദ്ധതിക്കായി ആർടിസികള് 20,956 കോടി രൂപ ചെലവഴിച്ചെങ്കിലും 15,305 കോടി രൂപ മാത്രമാണ് തിരികെ ലഭിച്ചത്. 5,651 കോടി രൂപ ഇനിയും ലഭിക്കാനുണ്ട്. 2026 – 2027 വർഷത്തില് അനുവദിച്ച 5,300 കോടി രൂപയില് ഇതുവരെ 3,080 കോടി രൂപയാണ് ലഭിച്ചിട്ടുള്ളത്.