മണിക്കൂറിന് 99 രൂപ വർക്ക്സ്പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചയ്ക്ക് വഴിവെച്ചു.ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയില്‍ സ്ഥാപിച്ചിരിക്കുന്ന ‘Workspace Rental Charges: Rs 99/hr’ എന്ന ബോർഡിന്റെ ചിത്രം കാർത്തിക് സുറോജു എന്ന പ്രൊഫഷണല്‍ ലിങ്ക്ഡ്ഇനില്‍ പങ്കുവെച്ചതോടെയാണ് വിഷയം പുറത്തറിഞ്ഞത്. ഒരു കോഫി മാത്രം വാങ്ങി മണിക്കൂറുകളോളം കഫേയിലെ മേശകള്‍ കയ്യടക്കിയിരിക്കുന്ന ഉപഭോക്താക്കള്‍ കാരണം കഫേ ഉടമകള്‍ നേരിടുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കാനാണ് ഈ നീക്കമെങ്കിലും, ഇത്തരത്തിലുള്ള പരസ്യമായ നിരക്ക് ഈടാക്കല്‍ ഉപഭോക്താക്കളെ അകറ്റാനേ ഉപകരിക്കൂ എന്നാണ് ഇദ്ദേഹത്തിന്റെ വാദം.ബോർഡ് സ്ഥാപിച്ച കഫേയില്‍ ആളുകള്‍ ഇല്ലാതെ ഒഴിഞ്ഞുകിടക്കുകയാണെന്നും ഇത് തെറ്റായ പ്രശ്നത്തിനുള്ള പരിഹാരമാണെന്നും അദ്ദേഹം കുറിച്ചു. എങ്കിലും ഈ തീരുമാനത്തെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. മണിക്കൂറുകളോളം ലാപ്ടോപ്പുമായി ഇരുന്ന് ചുരുങ്ങിയ തുക മാത്രം ചെലവഴിക്കുന്നവർ കാരണം യഥാർത്ഥത്തില്‍ ഭക്ഷണം കഴിക്കാനോ ആസ്വദിക്കാനോ എത്തുന്ന മറ്റ് ഉപഭോക്താക്കള്‍ക്ക് സീറ്റ് ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാൻ ഇത്തരം നിയമങ്ങള്‍ ആവശ്യമാണെന്നാണ് ചിലരുടെ പക്ഷം. വൈഫൈ പാസ്വേർഡിന്റെ കാലാവധി നിജപ്പെടുത്തുക പോലുള്ള എളുപ്പവഴികളിലൂടെ വലിയ ബഹളങ്ങളില്ലാതെ ഈ പ്രശ്നം പരിഹരിക്കാമെന്നും ചിലർ നിർദ്ദേശിക്കുന്നു.