Home കർണാടക ബെംഗളൂരുവിലെ ഗതാഗത പരിഷ്‍കാരം; നാല് മേല്‍പ്പാലങ്ങളിലെ നിയന്ത്രണങ്ങളില്‍ വലഞ്ഞ് യാത്രക്കാര്‍

ബെംഗളൂരുവിലെ ഗതാഗത പരിഷ്‍കാരം; നാല് മേല്‍പ്പാലങ്ങളിലെ നിയന്ത്രണങ്ങളില്‍ വലഞ്ഞ് യാത്രക്കാര്‍

by ടാർസ്യുസ്

ബെംഗളൂരു: നഗരത്തിലെ നാല് മേല്‍പ്പാലങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, ഭാരവാഹനങ്ങള്‍ എന്നിവയുടെ ഗതാഗതത്തിന് ഏർപ്പെടുത്തിയ നിയന്ത്രണത്തിനെതിരെ യാത്രക്കാരും ഡ്രൈവർമാരും രംഗത്ത്.നിയന്ത്രണങ്ങള്‍ കാരണം കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടിവരുന്നതായും ഇത് നഗരത്തിലെ ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നതായും അവർ ആരോപിച്ചു.അപകടങ്ങള്‍ കുറയ്ക്കുന്നതിനും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികളുടെ ഭാഗമായി ബെംഗളൂരു ട്രാഫിക് പോലീസ് വെള്ളിയാഴ്‌ച രാവിലെ മുതലാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കിയത്. നിയന്ത്രണങ്ങള്‍ സംബന്ധിച്ച അറിയിപ്പ് നല്‍കുന്ന ബാനറുകള്‍ മേല്‍പ്പാലങ്ങള്‍ക്ക് സമീപം സ്ഥാപിച്ചിട്ടുണ്ട്. വാഹനയാത്രക്കാരെ ബോധവത്കരിക്കുന്നതിനായി പോലീസ് ഉദ്യോഗസ്ഥർ മൈക്രോഫോണുകളിലൂടെയും അറിയിപ്പുകള്‍ നല്‍കി.

മൈസൂരു റോഡിലെ ബിജിഎസ് മേല്‍പ്പാലം, പീന്യ എലിവേറ്റഡ് കോറിഡോർ, ഇന്റർനാഷണല്‍ എയർപോർട്ട് റോഡ് എലിവേറ്റഡ് കോറിഡോർ (സഞ്ജീവ്നഗർ ക്രോസില്‍ നിന്ന് വിദ്യാവിഹാർ ജംഗ്ഷൻ വരെ), ഡബിള്‍ ഡെക്കർ മേല്‍പ്പാലം (സില്‍ക്ക് ബോർഡ് മുതല്‍ റാഗിഗുഡ്ഡ വരെ) എന്നിവിടങ്ങളിലാണ് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നത്.അതേസമയം, ഇലക്‌ട്രോണിക്‌സ് സിറ്റി എലിവേറ്റഡ് കോറിഡോറിലെ നിയന്ത്രണങ്ങള്‍ സെപ്റ്റംബർ 11 മുതല്‍ പ്രാബല്യത്തില്‍ വരും. ഇരുചക്ര വാഹനങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് ഇന്റർനാഷണല്‍ എയർപോർട്ട് റോഡ് എലിവേറ്റഡ് കോറിഡോറില്‍ മാത്രം ആണ്. ചില മേല്‍പ്പാലങ്ങളില്‍ ഓട്ടോറിക്ഷകള്‍ക്കും നിയന്ത്രണമുണ്ട്.അപകടങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ ആവശ്യമാണെന്ന് പല വാഹനയാത്രക്കാരും അംഗീകരിച്ചെങ്കിലും, ബദല്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏർപ്പെടുത്തുന്നതിനും സർവീസ് റോഡുകള്‍ മെച്ചപ്പെടുത്തുന്നതിനും ട്രാഫിക് പൊലീസ് നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

അതിനാല്‍ തന്ന ഇപ്പോഴത്തെ പരിഷ്‌കാരങ്ങളില്‍ പലരും അതൃപ്‌തി പ്രകടിപ്പിച്ചിട്ടുമുണ്ട്.ഭാരമേറിയ ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള ചരക്ക് വാഹനങ്ങളുടെ ഗതാഗതം തിരക്കേറിയ സമയങ്ങളിലും നിരോധിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ യാത്രാസമയം വർധിപ്പിക്കുന്നതിനൊപ്പം ഇന്ധനച്ചെലവും ഉയർത്തുമെന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാർ പറഞ്ഞു. അതേസമയം, പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനായി മേല്‍പ്പാലങ്ങളില്‍ മുഴുവൻ സമയവും നിരീക്ഷണം നടത്തേണ്ടിവരുന്നതിനാല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് ബുദ്ധിമുട്ടാകുകയാണെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.ഇതോടെ പോലീസിന്റെ ജോലിഭാരവും വർധിക്കും. പുതിയ നിയന്ത്രണങ്ങള്‍ കർശനമായി നടപ്പാക്കാൻ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ ആവശ്യമാണ് എന്ന് മുതിർന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഇതോടെ ബെംഗളൂരുവിലെ തിരക്കേറിയ ഫ്ലൈ ഓവറുകളുടെ കാര്യത്തില്‍ കടുത്ത അനിശ്ചിതത്വമാണ് നിലനില്‍ക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group