മംഗളൂരു-ബെംഗളൂരു റൂട്ടില്‍ പരീക്ഷണ ഓട്ടം നടത്തിയിരിക്കുകയാണ് വന്ദേഭാരത്. 16 കോച്ചുകളുള്ള വന്ദേഭാരത് റേക്കാണ് ഇന്ന് ട്രയല്‍ റണ്‍ നടത്തിയത്.സുബ്രഹ്മണ്യ റോഡ് ഘാട്ട് പാതയില്‍ വന്ദേഭാരത് ട്രയല്‍ റണ്‍ വിജയകരമായി ട്രയല്‍ റണ്‍ പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഴുവൻ പാതയിലും വന്ദേഭാരത് ട്രയല്‍ റണ്‍ നടത്തിയിരിക്കുന്നത്.വളരെയേറെ വെല്ലുവിളി നിറഞ്ഞ പാതയാണ് ഹാസൻ-മംഗളൂരു റെയില്‍വേ ലൈനിലെ സകലേശ്പൂർ-സുബ്രഹ്മണ്യ റോഡ് ഘാട്ട്. 57 തുരങ്കങ്ങളും 226-ലധികം പാലങ്ങളും 108 വളവുകളും നിറഞ്ഞ ഈ പാതയില്‍ ഓരോ 50 മീറ്റർ മുന്നോട്ട് പോകുമ്പോഴും ട്രാക്കില്‍ ഒരു മീറ്റർ വീതം ഉയർച്ചയോ താഴ്ചയോ അനുഭവപ്പെടുന്ന 1 ഇൻ 50 ഗ്രേഡിയന്റ് എന്ന പ്രതിഭാസം അനുഭവപ്പെടും.

അതുകൊണ്ട് തന്നെ ഇതുവഴി പോകുന്ന ട്രെയിനുകള്‍ക്ക് നിലവില്‍ മുന്നിലെ എൻജിന് പുറമെ പിന്നില്‍ നിന്ന് തള്ളാനായി ‘ബാങ്കർ ലോകോമോട്ടീവ്’ എന്ന പ്രത്യേക എൻജിനുകളും ഘടിപ്പിക്കാറുണ്ട്. വന്ദേഭാരത് ഇത്തരമൊരു സംവിധാനങ്ങളൊന്നും ഇല്ലാതെ തന്നെയാണ് ഇതുവഴിയുള്ള യാത്ര പൂർത്തിയാക്കിയത്.മുഴുവൻ പാതയിലൂടെയും വന്ദേഭാരത് പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയാല്‍ പുതിയ സർവ്വീസിന് റെയില്‍വെ മന്ത്രാലയം അനുമതി നല്‍കും. നിലവില്‍ 9 മണിക്കൂർ കൊണ്ടാണ് ഈ പാതയില്‍ ട്രെയിൻ സർവ്വീസ് നടത്തുന്നത്. വന്ദേഭാരത് 7 മണിക്കൂർ കൊണ്ട് യാത്ര പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.പ്രതീക്ഷയോടെ വടക്കൻ മലബാറുകാർനിലവില്‍ മലബാർ മേഖലയില്‍ നിന്ന് പ്രത്യേകിച്ച് കാസർഗോഡ്-കോഴിക്കോട് ഭാഗങ്ങളില്‍ നിന്ന് ബെംഗളൂരിലേക്കുള്ള ട്രെയിൻ യാത്ര ദൈർഘ്യമേറിയതാണ്. ഏകദേശം 15 മണിക്കൂർ കൊണ്ടാണ് പല ട്രെയിനുകളും യാത്ര പൂർത്തിയാക്കുന്നത്. ഈ സാഹചര്യത്തില്‍ ബസുകളേയാണ് പലരും ആശ്രയിക്കുന്നത്.
അതേസമയം തിരക്കുള്ള സമയങ്ങളിലും വാരാന്ത്യങ്ങളിലും ഉയർന്ന നിരക്കാണ് ബസുകള്‍ ഈടാക്കുക. എന്നിരുന്നാലും വേഗത്തില്‍ എത്താമെന്ന പ്രതീക്ഷയില്‍ ഉയർന്ന തുക കൊടുക്കാൻ യാത്രക്കാർ തയ്യാറാകും.അതേസമയം മാംഗളൂരു വഴി പുതിയ വന്ദേഭാരത് അനുവദിച്ചാല്‍ അത് കാസർഗോഡ്, കണ്ണൂർ അടക്കമുള്ള വടക്കൻ മലബാറിലെ യാത്രക്കാർക്ക് വലിയ ആശ്വാസമാകും. മലബാറില്‍ നിന്നും ട്രെയിൻ മാർഗമോ റോഡ് മാർഗമോ എളുപ്പത്തില്‍ മംഗളൂരു സെൻട്രല്‍ സ്റ്റേഷനില്‍ എത്തിച്ചേരാനാകും. മംഗളൂരുവില്‍ എത്തിയാല്‍ ചുരുങ്ങിയ സമയം കൊണ്ട് ബെംഗളൂരുവിലേക്ക് എളുപ്പത്തിലുള്ള യാത്ര സാധ്യമാകും.ട്രയല്‍ റണ്ണില്‍ വൈകീട്ട് മൂന്ന് മണിയോടെയാണ് ബെംഗളൂരിലേക്ക് ട്രെയിൻ സർവ്വീസ് നടത്തിയത്. പുതിയ സർവ്വീസും ഇതേ സമയക്രമം പാലിച്ചാല്‍ ബെംഗളൂരില്‍ രാത്രി 11 മണിയോടെ തന്നെ യാത്രക്കാർക്ക് എത്താം. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന ഐടി ജീവനക്കാർക്കും വിദ്യാർത്ഥികള്‍ക്കും വാരാന്ത്യ യാത്രക്കാർക്കുമെല്ലാം ഈ ട്രെയിൻ കൂടുതല്‍ സൌകര്യപ്രദമാകും.