ബെംഗളൂരു: ഏറെ നീണ്ടുനിന്ന കാത്തിരിപ്പിനും തടസങ്ങള്‍ക്കും ശേഷം ബെംഗളൂരുവിലെ ആദ്യ എലിവേറ്റഡ് റോട്ടറി ഫ്ലൈഓവറിന്റെ നിർമ്മാണം ബൈയപ്പനഹള്ളിയിലെ തിരക്കേറിയ ഐഒസി ജംഗ്ഷനില്‍ ആരംഭിച്ചു.കിഴക്കൻ ബെംഗളൂരുവിലെ പ്രധാന ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 436.44 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (ബി-സ്മൈല്‍) ഏറ്റെടുത്തിരിക്കുന്ന പദ്ധതിയില്‍ ഐഒസി ജംഗ്ഷനില്‍ നാല് വരിയുള്ള എലിവേറ്റഡ് റോട്ടറി ഫ്ലൈഓവറും ബൈയപ്പനഹള്ളി റെയില്‍വേ ലെവല്‍ ക്രോസിങ്ങില്‍ രണ്ട് വരിയുള്ള റെയില്‍വേ ഓവർബ്രിഡ്ജും ഉള്‍പ്പെടുന്നു.

ബനസ്വാടി മെയിൻ റോഡിനെയും ഓള്‍ഡ് മദ്രാസ് റോഡിനെയും തമ്മില്‍ കൂടുതല്‍ സുഗമമായി ബന്ധിപ്പിക്കുന്നതിനൊപ്പം, 2022 മുതല്‍ പ്രവർത്തിക്കുന്ന സർ എം വിശ്വേശ്വരയ്യ ടെർമിനല്‍, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം എളുപ്പമാക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.എലിവേറ്റഡ് റോട്ടറി ഫ്ലൈഓവർ നാല് ദിശകളിലേക്കുമുള്ള ഗതാഗതം സുഗമമാക്കും. ജംഗ്ഷന് ചുറ്റുമുള്ള പ്രധാന റോഡുകളുമായി ബന്ധിപ്പിക്കുന്ന റാംപുകളും അപ്രോച്ച് റോഡുകളും ഇതില്‍ ഉള്‍പ്പെടും.ബൈയപ്പനഹള്ളി റെയില്‍വേ സ്റ്റേഷന് ചുറ്റുമുള്ള റോഡുകളുടെ നവീകരണവും യാത്രക്കാർക്കും കാല്‍നടയാത്രക്കാർക്കും കൂടുതല്‍ സൗകര്യമൊരുക്കുന്നതിനായി പെഡസ്ട്രിയൻ അണ്ടർപാസും പദ്ധതിയുടെ ഭാഗമാണ്.നിർമ്മാണം പൂർത്തിയാക്കാൻ ഏകദേശം രണ്ട് വർഷം വേണ്ടിവരുമെന്നാണ് പ്രതീക്ഷ. ബൈയപ്പനഹള്ളി റെയില്‍വേ ക്രോസിങ്ങിലെ നിലവിലുള്ള ലെവല്‍ ക്രോസിങ്ങിന് പകരം രണ്ട് വരിയുള്ള റെയില്‍വേ ഓവർബ്രിഡ്ജും നിർമ്മിക്കും. റെയില്‍വേ പാളങ്ങള്‍ക്ക് മുകളിലൂടെ കടന്നുപോകുന്ന കോമ്പോസിറ്റ് ഗിർഡർ ഉള്‍പ്പെടുന്നതായിരിക്കും പുതിയ പാലം.
ബൈയപ്പനഹള്ളി സ്റ്റേഷൻ റോഡിനെയും ഓള്‍ഡ് മദ്രാസ് റോഡിനെയും റെയില്‍വേ മേല്‍പ്പാലവുമായി ബന്ധിപ്പിക്കുന്ന റാംപുകളും നിർമ്മിക്കും.പുനർവികസന പദ്ധതിയുടെ ഭാഗമായി ഐഒസി ജംഗ്ഷനിലെ നിലവിലുള്ള ഇടുങ്ങിയ ഫ്ലൈഓവർ പൊളിച്ചുനീക്കുമെന്നാണ് പ്രതീക്ഷ. വരും മാസങ്ങളില്‍ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചേക്കും.തിരക്കേറിയ സമയങ്ങളില്‍ ഐഒസി ജംഗ്ഷനില്‍ ഇപ്പോള്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ബനസ്വാടി, ഇൻഡിരാനഗർ, ഉല്‍സൂർ, വടക്കൻ ബെംഗളൂരു എന്നിവിടങ്ങള്‍ക്കിടയിലെ ഗതാഗതം പലപ്പോഴും ഇവിടെ മന്ദഗതിയിലാകാറുണ്ട്.പുതിയ പദ്ധതി യാഥാർഥ്യമാകുന്നതോടെ ഈ മേഖലയിലെ ഗതാഗതം കൂടുതല്‍ സുഗമമാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ കനത്ത ഗതാഗത കുരുക്കാണ് പലപ്പോഴും മേഖലയില്‍ അനുഭവപ്പെടുന്നത്. അതിന് പരിഹാരമായാണ് ഈ പദ്ധതി നിർദേശിച്ചിരുന്നത്. എന്നാല്‍ ഇത് വൈകിയതോടെ യാത്രക്കാരും പ്രദേശവാസികളും അതൃപ്തിയിലായിരുന്നു.