Home Featured ബെംഗളൂരു : ഇഡ്ഡലി ഉണ്ടാക്കാൻ പോളിത്തീൻ ഷീറ്റ് ; നടപടി ആരംഭിച്ച് സർക്കാർ ; 52 ഹോട്ടലുകൾക്ക് പിഴയിട്ടു

ബെംഗളൂരു : ഇഡ്ഡലി ഉണ്ടാക്കാൻ പോളിത്തീൻ ഷീറ്റ് ; നടപടി ആരംഭിച്ച് സർക്കാർ ; 52 ഹോട്ടലുകൾക്ക് പിഴയിട്ടു

by admin

ബെംഗളൂരു : ഇഡ്ഡലി ഉണ്ടാക്കുമ്പോൾ പോളിത്തീൻ ഷീറ്റുകൾ ഉപയോഗിക്കുന്ന ഹോട്ടലുകൾക്കെതിരേ നടപടിയുമായി കർണാടക സർക്കാർ.പോളിത്തീൻ ഉപയോഗിക്കുന്നവർക്കെതിരേ നടപടി ആരംഭിച്ചെന്നും ഭക്ഷണം പാചകം ചെയ്യുന്നതിന് പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് പൂർണമായി നിരോധിക്കുമെന്നും ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. ഭക്ഷണം ഉണ്ടാക്കുന്നയിടങ്ങളിൽ പ്ലാസ്റ്റിക് അനുവദിക്കില്ല. ആരെങ്കിലും ഇങ്ങനെ ചെയ്യുന്നതുകണ്ടാൽ പൊതുജനങ്ങൾ അധികൃതരെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തിൻ്റെ വിവിധയിടങ്ങളിലായി 52 ഹോട്ടലുകൾ പോളിത്തീൻ ഷീറ്റുകൾ ഉപയോഗിച്ചതായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തി.ഈ ഹോട്ടലുകളിൽനിന്ന് പിഴയീടാക്കിയിട്ടുണ്ട്. ഭക്ഷണം പാചകം ചെയ്യുന്നതിന് പ്ലാസ്റ്റിക് പൂർണമായി നിരോധിച്ച് സർക്കാർ ഉടൻ ഉത്തരവിറക്കിയേക്കും. സംസ്ഥാനത്തെ 251 സ്ഥലങ്ങളിൽനിന്നായി 500 സാംപിളുകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു.

ഇതിൽ 35 എണ്ണത്തിൽ അർബുദത്തിന് കാരണമാകുന്ന ഘടകങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇനിയും പരിശോധനാ ഫലങ്ങൾ വരാനുണ്ട്.നേരത്തേ ഇഡ്ഡലി ഉണ്ടാക്കാൻ തുണിയായിരുന്നു ഉപയോഗിച്ചിരുന്നത്. ചില ഹോട്ടലുകൾ പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിക്കുന്നെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. ഹോട്ടൽ വ്യവസായ രംഗത്ത് പോളിത്തീൻ ഷീറ്റുകൾ ഉപയോഗിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കാനാണ് സർക്കാർ തീരുമാനം. 2024-ൽ സംസ്ഥാനത്ത് ഗോബി മഞ്ചൂരിയൻ, പഞ്ഞി മിഠായി തുടങ്ങിയവയിൽ ആരോഗ്യത്തിന് ഹാനികരമാകുന്ന നിറങ്ങൾ ഉപയോഗിക്കുന്നത് സർക്കാർ വിലക്കിയിരുന്നു.

കൊടുംചൂട്; പാലക്കാട് യുവാവിന് സൂര്യാഘാതമേറ്റു

സംസ്ഥാനത്ത് വേനല്‍ചൂട് വര്‍ധിച്ചുവരുന്നതിനിടെ പാലക്കാട് യുവാവിന് സൂര്യാഘാതമേറ്റു. പെയിന്‍റിങ് ജോലിക്കിടെയാണ് യുവാവിന് സൂര്യാഘാതമേറ്റത്.മണ്ണാർക്കാട് സ്വദേശിയായ സൈതലവിക്കാണ് പൊള്ളലേറ്റത്. യുവാവിന്‍റെ പുറത്താണ് സൂര്യാഘാതമേറ്റത്. പൊള്ളലേറ്റതിനെ തുടര്‍ന്ന് യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി. പാലക്കാട് ജില്ലയിലയടക്കം കൂടിയ ചൂടാണ് അനുഭവപ്പെടുന്നത്.സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചെങ്കിലും ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നുണ്ട്.

കാസർകോട്, കണ്ണൂർ ജില്ലകളില്‍ 38°സെലഷ്യസ് വരെയും മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, ജില്ലകളില്‍ 37°സെലഷ്യസ് വരെയും താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഉയർന്ന താപനില 36°സെലഷ്യസ് വരെയാകാം.ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് സാധാരണയെക്കാള്‍ 2 മുതല്‍ 3°സെലഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സൂര്യാഘാത, സൂര്യതാപ സാധ്യതകള്‍ കണക്കിലെടുത്ത് പൊതുജനം ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3 മണി വരെ സൂര്യപ്രകാശം ശരീരത്തില്‍ നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.

You may also like

error: Content is protected !!
Join Our WhatsApp Group