വികസിത നഗരങ്ങളുടെ മുഖമുദ്രയാണ് ബഹുനില അപ്പാർട്ട്മെന്റുകള്‍. ഇവിടങ്ങളില്‍ താമസിക്കുന്നവർക്ക് തലവേദനയാകുന്ന പുതിയ ജിഎസ്ടി നയം കേന്ദ്ര സർക്കാർ ആലോചിക്കുന്നുവെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.പ്രതിമാസം അറ്റക്കുറ്റപ്പണികള്‍ക്കായി 7,500 രൂപയ്ക്ക് മുകളില്‍ ചെലവാകുന്ന ഹൗസിംഗ് സൊസൈറ്റികളില്‍ നിന്ന് മോദി സർക്കാർ 18 ശതമാനം ജിഎസ്ടി ഈടാക്കുമെന്നാണ് വിവരം.ഇതോടെ ഇത്തരം മേഖലകളില്‍ താമസിക്കുന്നവർ വലിയൊരു തുക അറ്റക്കുറ്റപ്പണികള്‍ക്കായി ചെലവഴിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകള്‍.
പുതിയ നിയമങ്ങള്‍ അനുസരിച്ച് ഒരു അപ്പാർട്ട്‌മെന്റിന് അറ്റക്കുറ്റപ്പണിക്കായി 7,500 രൂപയോ അല്ലെങ്കില്‍ പ്രതിവർഷത്തില്‍ 20 ലക്ഷം രൂപയോ ചെലവാക്കുന്നവർക്കാണ് നിയമം ബാധകം. ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തതനുസരിച്ച് ബംഗളൂരുവില്‍ എകദേശം അഞ്ച് ദശലക്ഷം ആളുകളും അപ്പാർട്ട്‌മെന്റുകളിലാണ് താമസിക്കുന്നത്. മൈസൂർ, മംഗളൂരു, ഹുബ്ബളളി, ബെലഗാവി എന്നീ നഗരങ്ങളിലും കുറഞ്ഞത് നാല് ദശലക്ഷം ആളുകളാണ് അപ്പാർട്ട്‌മെന്റില്‍ താമസിക്കുന്നുണ്ട്.
പുതിയ നിയമം ഏതൊക്കെ തരത്തിലുളള അപ്പാർട്ട്മെന്റുകള്‍ ഉളളവരെയാണ് ബാധിക്കുന്നതെന്നറിയാൻ നികുതി ഓഫീസുമായി ബന്ധപ്പെടാനും നിർദ്ദേശിക്കുന്നുണ്ട്. അതേസമയം, എല്ലാ അപ്പാർട്ട്‌മെന്റുകളിലും ജിഎസ്ടി ചുമത്തില്ലെന്ന് മോദി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിയണമെങ്കില്‍ 500 രൂപ അടച്ച് വാണിജ്യ നികുതി ഓഫീസ് സന്ദർശിച്ച് വിവരം പരിശോധിക്കാവുന്നതാണ്. റിപ്പോർട്ടുകള്‍ അനുസരിച്ച് ബംഗളൂരുവിലെ അപ്പാർട്ട്‌മെന്റുകളില്‍ താമസിക്കുന്നവർ ജിഎസ്ടിയില്‍ രജിസ്റ്റർ ചെയ്യേണ്ടതുണ്ടോയെന്ന കാര്യത്തില്‍ ചർച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
ജിഎസ്ടി പ്രകാരം രജിസ്റ്റർ ചെയ്യുകയാണെങ്കില്‍ അവർ മാസത്തില്‍ രണ്ട് റിട്ടേണുകള്‍ സമർപ്പിക്കേണ്ടതുണ്ട്. ഓരോ മാസവും 11-ാം തീയതിയിലും 20-ാം തീയതിയിലും റിട്ടേണുകള്‍ സമർപ്പിക്കണം. കൂടാതെ വാർഷിക റിട്ടേണും നല്‍കേണ്ടി വരും. പതിവായി റിട്ടേണുകള്‍ സമർപ്പിക്കുന്നതിനാല്‍ ആളുകള്‍ക്ക് ഒന്ന് മുതല്‍ രണ്ട് ലക്ഷം രൂപ വരെ ചെലവഴിക്കേണ്ടി വന്നേക്കും. 2025-26 കേന്ദ്ര ബഡ്ജറ്റില്‍ പുതിയ നിയമം ഉള്‍പ്പെടുത്തിയിട്ടുണ്ട്.