ബെംഗളൂരു: കർണാടകയില്‍ യുവതിക്ക് നേരെ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ആറ് പേർ അറസ്റ്റില്‍. ബെംഗുളൂരുവിന് സമീപം തവരക്കെരെയിലെ മുസ്ലിം പള്ളിയുടെ മുറ്റത്ത് വെച്ചായിരുന്നു യുവതിയെ ആള്‍കൂട്ടം വിചാരണ ചെയ്ത് മർദിച്ചത്.യുവതിക്കെതിരെ ഭർത്താവ് സദാചാര പ്രശ്നം ആരോപിച്ചു പള്ളി കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു.യുവതിയെ പൈപ്പും വടിയും ഉപയോഗിച്ച് ആള്‍ക്കൂട്ടം മർദ്ദിക്കുന്ന രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇതിന് പിന്നാലെ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആറ് പേരെ അറസ്റ്റ് ചെയ്തത്. മുഹമ്മദ് നിയാസ് (32), മുഹമ്മദ് ഗൗസ്പീർ (45), ചാന്ദ് ബാഷ (35), ദസ്തഗീർ (24), റസൂല്‍ ടി ആർ (42), ഇനായത്തുള്ള (51) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. ഷബീന ബാനുവിനെ കാണാനായി ബന്ധുവായ നസീറും ഫയാസെന്ന മറ്റൊരാളും ഏപ്രില്‍ ഏഴാം തിയതി ഇവർ താമസിക്കുന്ന വീട്ടിലെത്തി. ഇത് യുവതിയുടെ ഭർത്താവ് ജമീല്‍ അഹമ്മദിന് ഇഷ്ടമായില്ല. തുടർന്ന് ഇയാള്‍ സമീപത്തുള്ള ജുമ മസ്ജിദിലെത്തി ഭാര്യയ്ക്കും വീട്ടിലെത്തിയ രണ്ട് യുവാക്കള്‍ക്കുമെതിരെ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്.
കളിക്കുന്നതിനിടെ രക്ഷിതാക്കളുടെ കണ്ണ് വെട്ടിച്ച് കാറില്‍ കയറി ഡോര്‍ അടച്ചു; ഉള്ളില്‍ കുടുങ്ങിയ സഹോദരിമാര്‍ക്ക് ദാരുണാന്ത്യം
തെലങ്കാനയില്‍ നാലും അഞ്ചും വയസ്സുള്ള രണ്ട് സഹോദരിമാർ കാറിനുള്ളില്‍ ശ്വാസംമുട്ടി മരിച്ചു. കളിക്കുന്നതിനിടെ കാറിനുള്ളില്‍ കുടുങ്ങി പോയ തന്മയിശ്രീ (5), അഭിനയശ്രീ (4) എന്നിവരാണ് ശ്വാസം മുട്ടിമരിച്ചത്.ഒരു മണിക്കൂറോളം കുട്ടികള്‍ കാറില്‍ അകപ്പെട്ടുപോയി. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ ചെവല്ല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഡമരഗിരി ഗ്രാമത്തില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. വാഹനത്തില്‍ കയറിയ ശേഷം കുട്ടികള്‍ വാതിലുകള്‍ അടക്കുകയായിരുന്നു.
പിന്നീട് അവ എങ്ങനെ തുറക്കണമെന്നറിയാതെ കുട്ടികള്‍ വണ്ടിയില്‍ അകപ്പെട്ട് പോകുകയായിരുന്നു.ഒരു വിവാഹത്തില്‍ പങ്കെടുക്കാൻ രക്ഷിതാക്കള്‍ക്കൊപ്പം എത്തിയതായിരുന്നു കുട്ടികള്‍. എന്നാല്‍ വിവാഹ ചടങ്ങിനിടയില്‍ കുട്ടികള്‍ രക്ഷിതാക്കളുടെ കണ്ണ് വെട്ടിച്ച് കാറില്‍ കയറി ഡോർ അടച്ചു. പിന്നാലെ ഡോർ ലോക്കാവുകയായിരുന്നു. വിവാഹ വേദിയിലെ സംഗീത വിരുന്നു കാരണം കുഞ്ഞുങ്ങളുടെ കരച്ചില്‍ ആരും കേട്ടിരുന്നില്ല. അത്യുഷ്ണം കാരണം വൈകാതെ കുട്ടികള്‍ കാറില്‍ കുഴഞ്ഞു വീണു.
ഒരുപാട് നേരം കഴിഞ്ഞിട്ടും കുട്ടികളെ കാണാതായതോടെ മാതാപിതാക്കള്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് അബോധാവസ്ഥയില്‍ കിടക്കുന്ന പെണ്‍കുട്ടികളെ കാറില്‍ കണ്ടെത്തിയത്. കുട്ടികളെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ ചെവെല്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.