ബെംഗളൂരുവില്‍ നടന്നുപോകുന്ന യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. മലയാളിയായ സന്തോഷ് ഡാനിയലാണ് അറസ്റ്റിലായത്.കോഴിക്കോട് നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് ബെംഗളൂരു പൊലീസ് അറിയിച്ചു.വൈറ്റ് ഫീല്‍ഡിലെ കാര്‍ ഷോറൂമില്‍ ജോലി ചെയ്യുകയായിരുന്നു പ്രതി സംഭവത്തിനു ശേഷം ഹൊസൂരിലേക്കും പിന്നീട് സേലത്തേക്കും രക്ഷപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം ഭയന്ന് കേരളത്തിലേക്ക് പോയ പ്രതി കോഴിക്കോട് നടുവണ്ണൂരില്‍ വെച്ചാണ് കര്‍ണാടക പൊലീസിന്റെ പിടിയിലായത്.
എസ് ജി പല്യയില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇതിനെ തുടര്‍ന്ന് സ്വമേധയാ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തുകയായിരുന്നു.ഈ മാസം മൂന്നിനാണ് അതിക്രമം നടന്നത്. രാത്രി ബിടിഎം ലേഔട്ടില്‍ രണ്ടുയുവതികള്‍ നടക്കുന്നതിനിടെ പിന്നിലൂടെയെത്തിയ യുവാവ് ഒരാളെ കയറിപ്പിടിക്കുകയായിരുന്നു. ഇതിനുശേഷം ഇയാള്‍ ഓടിരക്ഷപ്പെട്ടു. തെരുവിലൂടെ നടന്നു പോയ പെണ്‍കുട്ടികളില്‍ ഒരാളെ പ്രതി കടന്നു പിടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കര്‍ണാടക സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ബെംഗളുരുവിലെ ജാഗ്വാർ ഷോറൂമില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന സന്തോഷിനായി പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഇയാള്‍ ആദ്യം തമിഴ്നാട്ടിലെ ഹൊസൂരിലേക്ക് രക്ഷപ്പെട്ടു. പിന്നീട് സേലത്ത് എത്തിയ ഇയാള്‍ അവിടെ നിന്ന് കോഴിക്കോട് എത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.സന്തോഷിന്റെ ഉപദ്രവത്തിനിരയായ പെണ്‍കുട്ടിയെയും അവർക്കൊപ്പമുണ്ടായിരുന്ന സ്ത്രീയെയും പൊലീസ് കണ്ടെത്തിയെങ്കിലും ഇവർ തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും അന്വേഷണത്തിന്റെ ഭാഗമാവാൻ താത്പര്യമില്ലെന്നും അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവ സ്ഥലത്തു നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ വേണ്ടത്ര നിലവാരമില്ലാത്തവയായിരുന്നതിനാല്‍ പ്രതിയെ തിരിച്ചറിയാൻ വൈകിയെന്നാണ് പൊലീസിന്റെ വിശദീകരണം.