ബെംഗളൂരു: പൊലീസ് തടഞ്ഞ് നിര്‍ത്തി ബാഗില്‍ കഞ്ചാവ് വെച്ചു എന്ന ആരോപണവുമായി യുവാവ്. ട്വിറ്ററിലൂടെ ഹിമാചല്‍ പ്രദേശ് സ്വദേശിയായ വൈഭവ് പാട്ടീല്‍ എന്ന 22 കാരനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ബെംഗളൂരു പൊലീസിന് എതിരെ ആണ് വൈഭവ് പാട്ടീലിന്റെ ആരോപണം. ബുധനാഴ്ച പുലര്‍ച്ചെ 4 മണിയോടെ എച്ച് എസ് ആര്‍ ലേഔട്ടില്‍ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ രണ്ട് പട്രോളിംഗ് ഉദ്യോഗസ്ഥര്‍ തന്റെ ബാഗില്‍ കഞ്ചാവ് വെച്ചു എന്നാണ് യുവാവ് പറയുന്നത്.
അതേസമയം ആരോപണത്തെ കുറിച്ച് അറിയില്ലെ എന്നും ഇയാളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഇത്തരത്തില്‍ നിരവധി പേര്‍ ട്വിറ്ററില്‍ വിവിധ കാര്യങ്ങള്‍ ട്വീറ്റ് ചെയ്യുന്നു. ഞങ്ങള്‍ക്ക് അവ പരാതിയായി എടുക്കാന്‍ കഴിയില്ല. നിയമപ്രകാരം ആ വ്യക്തി ലോക്കല്‍ പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച് പരാതി രജിസ്റ്റര്‍ ചെയ്യട്ടെ. എന്നാലും, ഞങ്ങള്‍ യുവാവുമായി ബന്ധപ്പെടാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും ശ്രമിക്കും എന്ന് ഡി സി പി സി കെ ബാബ പറഞ്ഞു.
തന്റെ ബാഗില്‍ കഞ്ചാവ് വെച്ച ശേഷം തന്റെ കൈയില്‍ നിന്ന് 2500 രൂപ പൊലീസുകാര്‍ വാങ്ങി എന്നാണ് വൈഭവ് പറയുന്നത്. സംഭവത്തെ കുറിച്ച് വൈഭവ് പറയുന്നതിങ്ങനെയാണ്. ബൈക്ക് ടാക്‌സി ബുക്ക് ചെയ്ത് ജോലി കഴിഞ്ഞ് ഞാന്‍ മടങ്ങുകയായിരുന്നു. എച്ച് എസ് ആര്‍ ലേഔട്ടിലെ അയ്യപ്പക്ഷേത്രത്തിന് സമീപം പൊലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഒരു ഓഫീസര്‍ ഞാന്‍ എവിടെ നിന്നാണ് വരുന്നത്, എവിടേക്ക് പോകുന്നു, എന്താണ് ചെയ്യുന്നത് എന്നൊക്കെ ചോദിച്ചു.
ഞാന്‍ എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കി. അതിന് ശേഷം അവര്‍ എന്റെ ഓഫീസ് ബാഗ് തുറന്നു. പെട്ടെന്ന്, ഓഫീസര്‍ ഒരു ചെറിയ ചില്ല പോലെ തോന്നിക്കുന്ന എന്തോ ഒന്ന് പുറത്തെടുത്തു. ഇതെന്താണെന്ന് ചോദിച്ചു. എനിക്ക് അത് എന്താണെന്ന് മനസിലായില്ല. അപ്പോള്‍ പൊലീസ് എന്നോട് ഞാന്‍ കഞ്ചാവ് വലിക്കുന്നുണ്ടോ എന്ന് ചോദിച്ചു. എന്നാല്‍ ഞാന്‍ ഇതുവരെ അത് ഉപയോഗിച്ചിട്ടില്ല. ആ ചോദ്യം കേട്ട് ഞാന്‍ ഞെട്ടിപ്പോയി.
ഉദ്യോഗസ്ഥര്‍ തന്നെയാണ് തന്റെ ബാഗില്‍ കഞ്ചാവ് ഇട്ടതെന്ന് പാട്ടീല്‍ പറയുന്നു. പൊലീസ് കാരണമാണ് ഇപ്പോള്‍ പുറത്തിറങ്ങാന്‍ താന്‍ ഭയപ്പെടുന്നത് എന്നും പാട്ടീല്‍ പറഞ്ഞു. എന്റെ മെഡിക്കല്‍ ടെസ്റ്റ് നടത്താന്‍ ഞാന്‍ അവരോട് പറഞ്ഞു. പൊലീസ് പാട്ടീലിനെ ഇരുചക്രവാഹനത്തില്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവനെ അറസ്റ്റുചെയ്താല്‍ അവര്‍ക്ക് 15,000 രൂപ വീതം പ്രതിഫലം ലഭിക്കുമെന്നും പറഞ്ഞു.
വഴിയില്‍ വെച്ച് കുറ്റസമ്മതം നടത്താന്‍ അവര്‍ എന്നെ നിര്‍ബന്ധിച്ചു. വഴങ്ങാതായപ്പോള്‍, അവര്‍ എന്നെ ഒരു ആശുപത്രിയില്‍ കൊണ്ടുപോയി ടെസ്റ്റ് ചെയ്യാമെന്ന് പറഞ്ഞു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ വേറെ ഒരു സ്ഥലത്ത് കൊണ്ട് പോയി. അവിടെ നിന്ന് എന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. എന്റെ പേഴ്‌സില്‍ 2500 രൂപ ഉണ്ടായിരുന്നു. അക്കൗണ്ടില്‍ അതിലേറെ ഉണ്ട് എന്ന് പൊലീസുകാര്‍ മനസിലാക്കി.
തുടര്‍ന്ന് ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷെ എന്റെ കയ്യില്‍ എടിഎം കാര്‍ഡ് ഇല്ലായിരുന്നു. യുപിഐ വഴി അയച്ച് തരാമെന്ന് പറഞ്ഞപ്പോള്‍ അവര്‍ വിസമ്മതിക്കുകയും 2500 രൂപ വാങ്ങി എന്നെ പോകാന്‍ അനുവദിക്കുകയും ചെയ്തു. ഈ ആഘാതത്തില്‍ നിന്ന് കരകയറാനാകുന്നില്ല എന്നും രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ഇപ്പോള്‍ വീട്ടിലേക്ക് പോകാന്‍ ഞാന്‍ ഭയപ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു.
പച്ചമുട്ട ഉപയോഗിച്ച് ഉണ്ടാക്കുന്ന മയോണൈസ് നിരോധിച്ചു; തീയതിയും സമയവുമുള്ള സ്റ്റിക്കര്‍ പാഴ്സലിൽ നിര്‍ബന്ധം
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഉത്പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിട്ടതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എഫ് എസ് എസ് എ ആക്ട് പ്രകാരം അടിയന്തര പ്രധാന്യത്തോടെയാണ് ഉത്തരവ് പുറത്തിറക്കിയത്. സമയബന്ധിതമായി ഉപയോഗിച്ചില്ലെങ്കില്‍ പച്ചമുട്ട ഉപയോഗിച്ചു കൊണ്ടുണ്ടാക്കിയ മയോണൈസ് ഏറെ അപകടമാണെന്ന് കണ്ടെത്തിയിരുന്നു. ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തില്‍ പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഒഴിവാക്കുന്നതിന് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അടിയന്തരമായി പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
മയോണൈസ് ഉപയോഗിച്ചുള്ള പലതരം ഭക്ഷണം കഴിച്ചവരില്‍ ഭക്ഷ്യ വിഷബാധ ഉണ്ടായതായി പല പരാതികളും ഉയര്‍ന്നിരുന്നു. സാന്‍ഡ്വിച്ചുകളിലും ഷവര്‍മകളിലും സാധാരണയായി ക്രീം സോസ് അല്ലെങ്കില്‍ ഡ്രസിംഗ് ആയി മയോണൈസ് ഉപയോഗിക്കുന്നുണ്ട്. ശരിയായ രീതിയില്‍ പാസ്ചറൈസ് ചെയ്യാതെ മയോണൈസ് ഉണ്ടാക്കി സൂക്ഷിച്ചാല്‍ സാല്‍മൊണെല്ല ബാക്ടീരിയ പെരുകാനും രോഗബാധയുണ്ടാകാനും സാധ്യതയുണ്ട്. ആരോഗ്യമുള്ള ആളിനെപ്പോലും ഇത് ബാധിക്കും. ലാബ് റിപ്പോര്‍ട്ടുകളില്‍ നിന്നും ഇത്തരം മയോണൈസില്‍ രോഗാണുക്കള്‍ കണ്ടെത്തിയിരുന്നു. പച്ച മുട്ടയില്‍ നിന്നും ഉണ്ടാക്കുന്ന മയോണൈസ് ഭക്ഷ്യ സുരക്ഷയില്‍ ഏറെ അപകടമുള്ളതാണെന്ന് സംശയിക്കുന്നു. അതിനാലാണ് തീരുമാനം. വെജിറ്റബിള്‍ മയോണൈസോ, പാസ്ചറൈസ് ചെയ്ത മുട്ടയില്‍ നിന്നുണ്ടാക്കുന്ന മയോണൈസോ ഉപയോഗിക്കാം.
സംസ്ഥാനത്ത് ഭക്ഷണ സാധനങ്ങള്‍ പൊതിഞ്ഞു നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും ഭക്ഷണ പൊതികളില്‍ ഭക്ഷ്യ സുരക്ഷാ അറിയിപ്പ് സംബന്ധിച്ച സ്റ്റിക്കര്‍ പതിപ്പിക്കേണ്ടതാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും (Date of Preparation & Time), ഏത് സമയം വരെ ആ ഭക്ഷണം കഴിക്കാം (Use by time) എന്നിവ സ്റ്റിക്കറിലുണ്ടായിരിക്കണം. സംസ്ഥാനത്തെ ഭക്ഷണ സ്ഥാപനങ്ങളില്‍ നിന്നും പാഴ്‌സല്‍ കൊടുക്കുന്ന ഭക്ഷണ സാധനങ്ങള്‍ നിശ്ചിത സമയപരിധി കഴിഞ്ഞ് കഴിക്കുന്നതിലൂടെ ഭക്ഷ്യ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കൂടാതെ മന്ത്രി വീണാ ജോര്‍ജുമായി ഹോട്ടല്‍, റെസ്റ്റോറന്റ് സംഘടനാ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലും ഇക്കാര്യത്തില്‍ പിന്തുണ അറിയിച്ചിരുന്നു. പൊതു ജനങ്ങള്‍ പാഴ്‌സലില്‍ പറഞ്ഞിട്ടുള്ള സമയത്തിന് ശേഷം ആ ഭക്ഷണം കഴിക്കരുതെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.