Home Featured ബെംഗളൂരു∙താഗതക്കുരുക്കിന് പരിഹാരം ; ഔട്ടർ റിങ് റോഡിൽ ഊബർ ഷട്ടിൽ ബസ് സർവീസ് ആരംഭിക്കുന്നു

ബെംഗളൂരു∙താഗതക്കുരുക്കിന് പരിഹാരം ; ഔട്ടർ റിങ് റോഡിൽ ഊബർ ഷട്ടിൽ ബസ് സർവീസ് ആരംഭിക്കുന്നു

ബെംഗളൂരു∙ ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്കു പരിഹരിക്കാൻ, വെബ് ടാക്സി കമ്പനിയായ ഊബർ ഷട്ടിൽ ബസ് സർവീസ് ആരംഭിക്കുന്നു. ഇതിനുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണ്. ഔട്ടർ റിങ് റോഡിലെ ഐടി മേഖലയായ കെആർ പുരം മുതൽ സിൽക്ക് ബോർഡ് വരെ 18 കിലോമീറ്ററിൽ ആദ്യ ഘട്ടത്തിൽ 3 മിനിറ്റ് ഇടവേളയിൽ 200 ബസുകളോടിക്കാനാണു ലക്ഷ്യമിടുന്നത്.30 ടെക് പാർക്കുകളുള്ള ഇവിടെ 15 ലക്ഷത്തോളം ഐടി ജീവനക്കാരുണ്ടെന്നാണു കണക്ക്. ഊബർ ആപ് ഉപയോഗിച്ചാണ് ബസിലും ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. റൂട്ട് തത്സമയം അറിയാനുമാകും. നിലവിൽ ഡൽഹി, കൊൽക്കത്ത ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഊബർ ഷട്ടിൽ ബസ് സർവീസ് നടത്തുന്നുണ്ട്.

കോടികൾ നഷ്ടം
കോവിഡ് കാലത്തെ വർക്ക് ഫ്രം ഹോം സംവിധാനം ഐടി കമ്പനികൾ പൂർണമായും ഒഴിവാക്കിയതോടെ മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പ്രതിദിനം യാത്ര ചെയ്യുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണം 4 ലക്ഷം കടന്നതോടെയാണിത്. ഗതാഗതക്കുരുക്ക് രൂക്ഷമായ 36 ഇടങ്ങൾ ട്രാഫിക് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യെമലൂർ ജംക്‌ഷൻ, പനത്തൂർ ജംക്‌ഷൻ, ബെലന്ദൂർ ലേക്ക് ജംക്‌ഷൻ, ഇക്കോസ്പേസ് ഗേറ്റ്, സാക്ര ഹോസ്പിറ്റൽ എന്നിവിടങ്ങൾ ഇതിൽപ്പെടുന്നു. മണിക്കൂറുകളോളം നീണ്ട കുരുക്ക് പ്രതിവർഷം 15 ബില്യൻ യുഎസ് ‍ഡോളർ നഷ്ടത്തിനു കാരണമാകുന്നുണ്ടെന്ന് ഐടി കമ്പനികളുടെ അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. 

ഫലം കാണാതെ ട്രാഫിക് സിഗ്നലുകൾ
നഗരത്തിലെ തിരക്കേറിയ ജംക്‌ഷനുകളിൽ ഗതാഗത നിയന്ത്രണം കൂടുതൽ കാര്യക്ഷമമാക്കാൻ സ്ഥാപിച്ച സിഗ്നലിങ് സംവിധാനം ഫലം കാണുന്നില്ലെന്ന് പരാതി വ്യാപകം. സിഗ്നലുകൾ കാര്യക്ഷമമല്ലാത്തതോടെ കുരുക്ക് കൂടുതൽ രൂക്ഷമാക്കുന്നതായാണു വിമർശനം.കഴിഞ്ഞ ‍ഡിസംബറിലാണ് 90 ജംക്‌ഷനുകളിൽ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള സിഗ്നലുകൾ സ്ഥാപിച്ചത്. എന്നാൽ സംവിധാനം കാര്യക്ഷമമാകാൻ സമയം വേണ്ടി വരുമെന്നും കാലതാമസമില്ലാതെ ഇവ ലക്ഷ്യം കാണുമെന്നും ട്രാഫിക് പൊലീസ് വിശദീകരിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group