ബെംഗളൂരു: സ്വകാര്യദൃശ്യങ്ങൾ കാണിച്ച് അമ്മാവനും അമ്മായിയും ഭീഷണിപ്പെടുത്തിയ യുവതി സ്വയം പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. ബെംഗളൂരുവിലാണ് സംഭവം. 24-കാരിയായ ടെക്കിയാണ് ആത്മഹത്യ ചെയ്തത്. സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കാണിച്ച് അമ്മാവനും അമ്മായിയും നിരന്തരം ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പ്രധാനപ്രതിയായ അമ്മാവനെ പോലീസ് അറസ്റ്റ് ചെയ്തു.
കുന്ദലഹള്ളി മെട്രോ സ്റ്റേഷന് സമീപമുള്ള ഹോട്ടൽമുറിയിൽ ഞായറാഴ്ച വൈകിട്ടാണ് യുവതി സ്വയം തീകൊളുത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് വൈറ്റ്ഫീൽഡ് ഡെപ്യൂട്ടി കമ്മിഷണർ ശിവകുമാർ ഗുണാർ അറിയിച്ചു. സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടും എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി അമ്മാവൻ ഹോട്ടൽ റൂമിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയാണ് യുവതി സ്വയം തീകൊളുത്തി മരിച്ചത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ; അമ്മാവൻ ഹോട്ടൽമുറിയിലേക്ക് വരാൻ ആവശ്യപ്പെട്ടപ്പോൾ യുവതി ആദ്യം വിസമ്മതിച്ചു. തുടർന്ന് ഇയാൾ സ്വകാര്യ ദൃശ്യങ്ങൾ അച്ഛനും അമ്മയ്ക്കും അയച്ചുകൊടുക്കും എന്നുപറഞ്ഞ് ഭീഷണി തുടർന്നു. പിന്നാലെയാണ് യുവതി ഹോട്ടൽ റൂമിലേക്ക് എത്താമെന്ന് സമ്മതിച്ചത്. ഹോട്ടലിലേക്ക് പുറപ്പെട്ട യുവതി കൈയിൽ പെട്രോൾ കരുതിയിരുന്നു. മുറിയിൽ കയറിയ ഉടനെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. പ്രതിയുടെ കൈവശമുണ്ടായിരുന്ന പെൻഡ്രൈവ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളതായി എച്ച്.എ.എൽ. പോലീസ് അറിയിച്ചു. കഴിഞ്ഞ ആറുവർഷമായി മകൾ അമ്മാവനും അമ്മായിക്കും ഒപ്പമാണ് താമസിച്ചിരുന്നത് എന്ന് യുവതിയുടെ അമ്മ പറയുന്നു. മകൾ ഇവർക്കൊപ്പം യാത്രകൾ പോകാറുണ്ടായിരുന്നതായും അമ്മ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം: പ്രതിയെ തിരിച്ചറിഞ്ഞു; ഉദ്ദേശം മോഷണമെന്ന് പോലീസ്
ബോളിവുഡ് നടൻ സൈഫ് അലി ഖാൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അക്രമിയെ തിരിച്ചറിഞ്ഞെന്നും ഉദ്ദേശം മോഷണം തന്നെയായിരുന്നു എന്നും പോലീസ് സ്ഥിരീകരിച്ചു. എമർജൻസി സ്‌റ്റെയർകെയിസ് വഴിയാണ് ഇയാൾ 11-ാം നിലയിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ പിടികൂടാൻ പത്ത് സംഘങ്ങളായി തിരിഞ്ഞ് ബാന്ദ്ര പൊലീസിന്‍റെ അന്വേഷണം. ഉടൻ തന്നെ പ്രതി പിടിയിലാകും.
മുംബൈ ബാന്ദ്രയിലുള്ള വീട്ടിൽ വച്ചാണ് മോഷണശ്രമത്തിനിടെ സെയ്ഫ് അലി ഖാന് കുത്തേറ്റത്. വ്യാഴാഴ്ച പുലർച്ചെ 2.30 ന് സൈഫ് അലി ഖാനും കുടുംബവും വീട്ടിൽ ഉറങ്ങുമ്പോഴായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്നവർ ഉണർന്നതിനെ തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. അതേസമയം ഒരു മുതിർന്ന ഐപിഎസ് ഓഫീസർ സംഭവം സ്ഥിരീകരിച്ചു. “സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ അദ്ദേഹം ചികിത്സയിലാണ്. കവർച്ചക്കാരനുമായുള്ള ഏറ്റുമുട്ടലിൽ കുത്തേറ്റതാണോ അതോ പരിക്കേറ്റതാണോ എന്ന് ഇതുവരെ വ്യക്തമല്ല. ഞങ്ങൾ വിഷയം അന്വേഷിച്ചുവരികയാണെന്ന് ഐപിഎസ് ഓഫീസർ അറിയിച്ചു.
അതേസമയം, ലീലാവതി ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ അപകട നില തരണം ചെയ്തതായാണ് വിവരം. സെയ്ഫ് അലി ഖാൻ്റെ ശസ്ത്രക്രിയ പൂർത്തിയായി.ശസ്ത്രക്രിയയിൽ 3 ഇഞ്ച് നീളമുള്ള വസ്തു പുറത്തെടുത്തതായാണ് റിപ്പോർട്ട്. ആറ് തവണയാണ് നടന് കുത്തേറ്റത്. പുലർച്ചെ മൂന്നരയോടെയാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അടിയന്തരമായി നടനെ ഓപ്പറേഷന് വിധേയമാക്കി.