ബെംഗളൂരു∙ യശ്വന്ത്പുര റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി ഒന്നര വർഷമായി അടച്ചിട്ട ഒന്നാം പ്രവേശന കവാടം തുറന്നു. യശ്വന്ത്പുര മാർക്കറ്റ് ഭാഗത്ത് നിന്ന് വരുന്നവർക്ക് ഒന്നാം പ്ലാറ്റ്ഫോമിലേക്ക് ഈ കവാടത്തിലൂടെ പ്രവേശിക്കാം. 2023 ജൂലൈയിലാണ് കവാടം അടച്ചത്. പകരം തുമക്കൂരു റോഡിനോട് ചേർന്നുള്ള രണ്ടാം കവാടത്തിലൂടെ മാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. ഇതുകാരണം 6–ാം പ്ലാറ്റ്ഫോമിലും സമീപത്തെ യശ്വന്തപുര മെട്രോ സ്റ്റേഷൻ കവാടത്തിലും യാത്രക്കാരുടെ നീണ്ട ക്യൂ പതിവായിരുന്നു. മത്തിക്കരെ, വിദ്യാരണ്യപുര, മല്ലേശ്വരം, ഹെബ്ബാൾ ഭാഗങ്ങളിൽ നിന്ന് വരുന്നവർക്ക് യശ്വന്തപുര സർക്കിളിൽ നിന്ന് തന്നെ മാർക്കറ്റ് വഴി ഒന്നാം കവാടത്തിലെത്താം.
പാർക്കിങ് കേന്ദ്ര നിർമാണം അവസാനഘട്ടത്തിൽ:ഒന്നാം കവാടത്തോട് ചേർന്നുള്ള മൾട്ടിലെവൽ പാർക്കിങ് പ്ലാസയുടെ നിർമാണം അവസാനഘട്ടത്തിൽ. 5 നിലകളിലായി നിർമിക്കുന്ന പാർക്കിങ് കേന്ദ്രത്തിലേക്ക് യശ്വന്തപുര സർക്കിളിൽ നിന്ന് നേരിട്ട് പ്രവേശിക്കാൻ റാംപും നിർമിക്കുന്നുണ്ട്. ഒന്നാം കവാടത്തോട് ചേർന്ന് തന്നെ അൺറിസർവ്ഡ് ടിക്കറ്റ് കൗണ്ടറിന്റെ പ്രവർത്തനവും പുനരാരംഭിച്ചു. യാത്രക്കാർക്കായി ഇരിപ്പിടങ്ങളും ഒരുക്കി. 380 കോടിരൂപ ചെലവഴിച്ചാണ് നഗരത്തിലെ തിരക്കേറിയ രണ്ടാമത്തെ ടെർമിനലായ യശ്വന്തപുര നവീകരിക്കുന്നത്. നവീകരണ പ്രവൃത്തികൾ അടുത്ത വർഷം ജൂണിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഫുഡ് പ്ലാസ, മഴവെള്ള സംഭരണി, മാലിന്യ സംസ്കരണ കേന്ദ്രം എന്നിവയും നിർമിക്കുന്നുണ്ട്.
എങ്ങുമെത്താതെ നടപ്പാലം പദ്ധതി റെയിൽവേ ടെർമിനൽ നവീകരണം പുരോഗമിക്കുമ്പോഴും മെട്രോ സ്റ്റേഷനെ ബന്ധിപ്പിച്ചുള്ള നടപ്പാലം സംബന്ധിച്ചു തർക്കം തുടരുന്നു. നടപ്പാലം നിർമിക്കാനുള്ള രൂപ രേഖ ബിഎംആർസി 8 വർഷം മുൻപ് റെയിൽവേക്ക് കൈമാറിയിരുന്നു. തുമക്കൂരു റോഡിൽ സ്ഥിതി ചെയ്യുന്ന മെട്രോ സ്റ്റേഷനിൽ നിന്ന് റെയിൽവേ സ്റ്റേഷന്റെ 6–ാം പ്ലാറ്റ്ഫോമിലേക്ക് നേരിട്ട് എത്തുന്ന തരത്തിലാണ് രൂപരേഖ തയാറാക്കിയത്. തുടർന്ന് പാലം നിർമാണത്തിന് സ്ഥലം ഉൾപ്പെടെ വിട്ടുനൽകിയിരുന്നു. എന്നാൽ ഇതിനിടെ ടെർമിനൽ നവീകരണം വന്നതോടെ മേൽപാലത്തിന് കണ്ടെത്തിയ സ്ഥലത്ത് ഫുഡ് പ്ലാസ നിർമിക്കാനാണ് റെയിൽവേ താൽപര്യപ്പെട്ടത്. പാലം നിർമിക്കാൻ മറ്റൊരു യോജിച്ച സ്ഥലം കണ്ടെത്താൻ ബിഎംആർസിക്കും കഴിഞ്ഞിട്ടില്ല