ബെംഗളൂരു: മലയാളി വിദ്യാര്‍ഥികള്‍ താമസിക്കുന്ന സ്ഥലത്ത് കവര്‍ച്ച. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം.മൂന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥികളാണ് ഇവിടെ താമസിച്ചിരുന്നത്. മൂന്നുപേരുടെയും മൊബൈല്‍ ഫോണ്‍ അക്രമികള്‍ ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങി. പണം എടുക്കുകയും ചെയ്തു. ഇതിന് പുറമെ നിര്‍ബന്ധിച്ച് യുപിഐ വഴി പണം മറ്റൊരാള്‍ക്ക് അയപ്പിക്കുകയും ചെയ്തു.കൊണനകുണ്ടെയിലെ ബിജി റോഡിനോട് ചേര്‍ന്ന പാവമണ നഗറിലാണ് സംഭവം. മൂന്ന് വിദ്യാര്‍ഥികളും ഒരു മുറിയിലാണ് താമസിച്ചിരുന്നത്. രാത്രി പത്ത് മണിയായപ്പോള്‍ ഒരു സംഘം ആളുകള്‍ റൂമിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മൂന്നു പേരും പഠിച്ചുകൊണ്ടിരിക്കുന്ന സമയം ആയതിനാല്‍ വാതില്‍ അടച്ചിരുന്നില്ല. കവര്‍ച്ച നടത്തിയ ശേഷം അക്രമികള്‍ അതിവേഗം രക്ഷപ്പെടുകയും ചെയ്തു.വിദ്യാര്‍ഥികള്‍ ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. അക്രമികള്‍ തമിഴ് ആണ് സംസാരിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. അതേസമയം, യുപിഐ വഴി പണം അയച്ചത്, അക്രമികളിലേക്ക് എത്താന്‍ പോലീസിനെ സഹായിച്ചു. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു എന്ന് പോലീസ് പറയുന്നു. ബാങ്ക് അക്കൗണ്ട് പരിശോധിച്ച് നടത്തിയ നീക്കമാണ് പ്രതികളിലേക്കുള്ള സൂചന നല്‍കിയത് എന്ന് പോലീസ് ഓഫീസര്‍ പറയുന്നു.