ബംഗളുരുവിലെ ഇലക്ട്രോണിക്സ് സിറ്റിയില്‍നിന്ന് ബിഎംടിസി ബസില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന 55കാരിയുടെ 4.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങള്‍ മോഷണം പോയി.ഗുളികകള്‍ താഴെയിട്ട് ബഹളമുണ്ടാക്കി യാത്രക്കാരിയുടെ ശ്രദ്ധ തിരിച്ചതിന് പിന്നാലെയാണ് ഒരു കുട്ടിയുമായി ബസില്‍ കയറിയ രണ്ട് സ്ത്രീകള്‍ മോഷണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ വിവാഹത്തില്‍ പങ്കെടുത്ത ശേഷം ഓഗസ്റ്റ് 30നാണ് സ്ത്രീ ഇലക്ട്രോണിക്സ് സിറ്റിയില്‍ എത്തിയത്. തുടർന്ന് തെക്കുകിഴക്കൻ ബെംഗളൂരുവിലെ ഗാർവെഭാവിപാള്യയിലേക്ക് ബിഎംടിസി ബസില്‍ യാത്ര ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ഒരു കുട്ടിയുമായി രണ്ട് സ്ത്രീകള്‍ ബസില്‍ കയറി ഇവരുടെ സമീപത്തിരുന്നത്.

ഇവരുടെ ശ്രദ്ധയില്‍പ്പെടാതെ സ്ത്രീകള്‍ അവരുടെ കാലുകള്ക്കരികിലേക്ക് ഗുളികകള്‍ എറിഞ്ഞു. തുടർന്ന് ഗുളികകള്‍ പെറുക്കിയെടുക്കുന്നതായി നടിച്ച് ഇവരിലൊരാള്‍ കുട്ടിയെ കൈകളിലേക്ക് ഏല്‍പ്പിച്ചു. കുട്ടിയെ പിടിച്ചുകൊണ്ട് അവരെ സഹായിക്കാൻ തന്റെ ബാഗ് താഴെ വച്ചതോടെ, മറ്റേ സ്ത്രീ ബാഗില്‍നിന്ന് സ്വർണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന പെട്ടി മോഷ്ടിക്കുകയായിരുന്നു.ഹോസ റോഡ് ബസ് സ്റ്റോപ്പിന് സമീപം ഇരുവരും ബസില്‍നിന്ന് ഇറങ്ങി. പിന്നീട് ബാഗ് പരിശോധിച്ചപ്പോഴാണ് സ്വർണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന പെട്ടി നഷ്ടപ്പെട്ടതായി അവർ മനസ്സിലാക്കിയത്.52 ഗ്രാം തൂക്കമുള്ള മാലയും 30 ഗ്രാം തൂക്കമുള്ള ഒരു ജോഡി വളകളുമാണ് മോഷണം പോയത്. സംഭവത്തില്‍ ഇലക്ട്രോണിക്സ് സിറ്റി പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 303-ാം വകുപ്പ് (മോഷണം), 318-ാം വകുപ്പ് (വഞ്ചന) എന്നിവ പ്രകാരം കേസെടുത്തു.