Home കർണാടക ബെംഗളൂരു നിവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ജക്കൂര്‍ റെയില്‍വേ മേല്‍പ്പാലം ഉടൻ തുറക്കും, യാത്ര സുഗമം!

ബെംഗളൂരു നിവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ജക്കൂര്‍ റെയില്‍വേ മേല്‍പ്പാലം ഉടൻ തുറക്കും, യാത്ര സുഗമം!

by ടാർസ്യുസ്

ബെംഗളൂരു: നിർമ്മാണം ആരംഭിച്ച്‌ 14 വർഷത്തിന് ശേഷം ജക്കൂർ റെയില്‍വേ മേല്‍പ്പാലം പൊതുജനങ്ങള്‍ക്കായി തുറക്കാൻ ഒരുങ്ങുന്നു.നിർമ്മാണ പ്രവർത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഒരു മാസത്തിനകം പാലം തുറക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിരവധി തവണ വൈകിയ ശേഷമാണ് ജക്കൂർ റെയില്‍വേ മേല്‍പ്പാലം യാഥാർഥ്യമാകുന്നത്.ഗ്രേറ്റർ ബെംഗളൂരു ഡെവലപ്‌മെന്റ് മന്ത്രി കൃഷ്‌ണ ബൈരെ ഗൗഡ എക്‌സില്‍ പങ്കുവച്ച വിവരമനുസരിച്ച്‌ പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ഈ പാലം തുറന്നാല്‍ വാഹനയാത്രക്കാർക്ക് യാത്രാസമയം ഗണ്യമായി കുറയ്ക്കാൻ സാധിക്കും. പദ്ധതിയുടെ നീണ്ടുപോകുന്ന നിർമ്മാണത്തില്‍ പ്രദേശവാസികള്‍ക്കുള്ള പ്രതിഷേധവും നിരാശയും പലതവണ അവർ പ്രകടിപ്പിച്ചിരുന്നു.

പൂർത്തിയാകാനുള്ള ബാക്കിയുള്ള ജോലികള്‍ എത്രയും വേഗം പൂർത്തിയാക്കാൻ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി എഞ്ചിനീയർമാർ ഇപ്പോള്‍ വേഗത്തില്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ നിർമാണം സമയബന്ധിതമായി പൂർത്തിയാകുമോ എന്ന കാര്യത്തില്‍ പ്രദേശവാസികള്‍ക്ക് ഇപ്പോഴും സംശയമുണ്ട്. മുൻകാല അനുഭവങ്ങളാണ് അവരെ ഇത്തരത്തില്‍ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.ബാക്കിയുള്ള ജോലികള്‍ എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് സമീപവാസികളുടെ ആവശ്യം. റെയില്‍വേ മേല്‍പ്പാലം തുറന്നാല്‍ യെലഹങ്കയിലേക്ക് വാഹനത്തില്‍ പോകുന്നവർക്ക് വലിയ ആശ്വാസമാകും. ഇപ്പോള്‍ യെലഹങ്കയിലെത്താൻ അഞ്ച് കിലോമീറ്ററിലധികം യാത്ര ചെയ്യണം. റെയില്‍വേ ഓവർ ബ്രിഡ്‌ജ്‌ തുറന്നാല്‍ യാത്രാദൂരം മൂന്ന് കിലോമീറ്ററോളം കുറയുമെന്ന് യാത്രക്കാർ അവകാശപ്പെടുന്നു.2012ല്‍ ആരംഭിച്ച റെയില്‍വേ ഓവർ ബ്രിഡ്‌ജിന്റെ നിർമ്മാണം ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം പൂർണമായും നിലച്ചിരുന്നു.

ഇത്രയും വർഷം ജക്കൂർ മറ്റ് പ്രദേശങ്ങളില്‍ നിന്ന് ഒരു പരിധിവരെ ഒറ്റപ്പെട്ട നിലയിലായിരുന്നു. പാലം തുറക്കുന്നത് പ്രദേശത്തിന് വലിയ നേട്ടമാകുമെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാണിക്കുന്നു.ഒരു മാസത്തിനകം പാലം പൊതുജനങ്ങള്‍ക്കായി തുറക്കാൻ കഴിയുമെന്നാണ് ജിബിഎ എഞ്ചിനീയർമാർ പറയുന്നത്. പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കുന്നതിനൊപ്പം മൂന്നാം കക്ഷിയുടെ പരിശോധനയും നടത്തണം. കൂടാതെ പാലത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ലോഡ് ടെസ്‌റ്റും നടത്തേണ്ടതുണ്ടെന്ന് എഞ്ചിനീയറെ ഉദ്ധരിച്ച്‌ ബെംഗളൂരു മിറർ റിപ്പോർട്ട് ചെയ്യുന്നു.പാലം ഗതാഗതത്തിനായി തുറന്നാല്‍ ജക്കൂർ, യെലഹങ്ക മേഖലകളിലെ യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ 14 വർഷത്തില്‍ അധികമായി മേഖലയിലെ ജനങ്ങളെ ദുരിതത്തിലാക്കി കൊണ്ടായിരുന്നു മേല്‍പ്പാലത്തിന്റെ നിർമ്മാണം. പലപ്പോഴും ഇവിടെ നീണ്ട ട്രാഫിക് ബ്ലോക്കുകള്‍ പതിവായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group