Home തിരഞ്ഞെടുത്ത വാർത്തകൾ ഡല്‍ഹിയിലെ കൂട്ടബലാത്സംഗം: ബസിലെ സുരക്ഷ കര്‍ശനമാക്കി; പാനിക് ബട്ടണുകള്‍ നിര്‍ബന്ധം, ക‍ര്‍ട്ടനുകള്‍ക്ക് നിരോധനം

ഡല്‍ഹിയിലെ കൂട്ടബലാത്സംഗം: ബസിലെ സുരക്ഷ കര്‍ശനമാക്കി; പാനിക് ബട്ടണുകള്‍ നിര്‍ബന്ധം, ക‍ര്‍ട്ടനുകള്‍ക്ക് നിരോധനം

by ടാർസ്യുസ്

ന്യൂഡല്‍ഹി: ഓടുന്ന ബസ്സില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിന് പിന്നാലെ ബസ്സുകളിലെ സുരക്ഷ ശക്തമാക്കി ഡല്‍ഹി സര്‍ക്കാര്‍.രാജ്യതലസ്ഥാനത്ത് സര്‍വീസ് നടത്തുന്നതും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നതുമായ എല്ലാ ബസ്സുകളിലും പാനിക് ബട്ടണുകളും വെഹിക്കിള്‍ ട്രാക്കിങ് സംവിധാനങ്ങളും എപ്പോഴും പ്രവര്‍ത്തനക്ഷമമായിരിക്കണമെന്ന് ഗതാഗത വകുപ്പ് നിര്‍ദേശം നല്‍കി.ബസ്സിന്റെ ജനലുകളില്‍ കര്‍ട്ടനുകള്‍ തൂക്കുന്നതും കാഴ്ച മറയ്ക്കുന്ന തരത്തില്‍ ഫിലിമുകള്‍ ഒട്ടിക്കുന്നതും പൂര്‍ണമായും നിരോധിച്ചു. ഡ്രൈവര്‍മാരും മറ്റ് ജീവനക്കാരും ലഹരിവസ്തുക്കള്‍ ഉപയോഗിച്ച്‌ വാഹനം ഓടിക്കാന്‍ പാടില്ല.

മാന്യമായ പെരുമാറ്റം ഉറപ്പാക്കണം. ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ മുന്‍കാല പശ്ചാത്തലം പരിശോധിച്ച ശേഷമേ ജോലിയില്‍ പ്രവേശിപ്പിക്കാവൂ. ഇവര്‍ക്ക് സാധുതയുള്ള ലൈസന്‍സും തിരിച്ചറിയല്‍ കാര്‍ഡുകളും നിര്‍ബന്ധമാണെന്നും ഗതാഗതവകുപ്പ് നിര്‍ദേശം നല്‍കി.സ്ത്രീ യാത്രക്കാര്‍ക്ക് നേരെ എന്തെങ്കിലും തരത്തിലുള്ള അതിക്രമങ്ങളോ അപമര്യാദയായ പെരുമാറ്റമോ ഉണ്ടായാല്‍ ബസ് ജീവനക്കാര്‍ ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയും വാഹനം തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയും വേണം. രാത്രികളിലും മറ്റ് ഒഴിവുസമയങ്ങളിലും സുരക്ഷിതവും വെളിച്ചമുള്ളതുമായ നിര്‍ദിഷ്ട സ്ഥലങ്ങളില്‍ മാത്രമേ ബസ്സുകള്‍ പാര്‍ക്ക് ചെയ്യാവൂ. വഴിമധ്യേയോ റോഡിന് നടുവിലോ ആളുകളെ ഇറക്കുകയോ കയറ്റുകയോ ചെയ്യരുതെന്നും ഗതാഗത വകുപ്പ് നിര്‍ദേശിച്ചു.

നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ ലൈസന്‍സും പെര്‍മിറ്റും റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഡല്‍ഹി ഗതാഗത മന്ത്രി ഡോ. പങ്കജ് കുമാര്‍ സിങ്ങും വ്യക്തമാക്കി.ആഗസ്റ്റ് 4നാണ് നോയിഡയില്‍ നിന്ന് ബസ്സില്‍ കയറിയ പതിനാറുകാരിയെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് കൂട്ടമാനഭംഗത്തിന് ഇരയാക്കിയത്. 2012ലെ നിര്‍ഭയ സംഭവത്തിന് ശേഷം നിര്‍ബന്ധമാക്കിയ സിസിടിവി ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളോ ക്യാമറകളോ ഈ ബസ്സില്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി കര്‍ശനമാക്കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group