ബെംഗളൂരു: വൈറ്റ്ഫീല്‍ഡിലെ സ്വകാര്യ കോ-ലിവിങ് പിജിയുടെ ഏഴാം നിലയില്‍ നിന്ന് വീണ് 23കാരിയായ സോഫ്റ്റ്‌വെയർ എൻജിനീയർ മരിച്ചു.സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ 30കാരനായ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും തമ്മിലുണ്ടായ തർക്കമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരിച്ച യുവതിയെ പുതുച്ചേരി സ്വദേശിനിയായ ജനനി എന്നാണ് തിരിച്ചറിഞ്ഞത്. സൊസൈറ്റി ജനറല്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ജനനി ഈ വർഷം ജനുവരി മുതല്‍ വൈറ്റ്ഫീല്‍ഡിലെ ഇസിസി റോഡിലുള്ള മൗണ്ടൻ പിജിയിലാണ് താമസിച്ചിരുന്നത്. പരിക്കേറ്റയാള്‍ പുതുച്ചേരി നള്ളത്തൂർ സ്വദേശിയായ മണിച്ചേവേലുവാണ്. ഇയാള്‍ ഒരു ലോജിസ്റ്റിക്സ് കമ്പനിയില്‍ ജോലി ചെയ്യുന്നതായാണ് വിവരം.സംഭവത്തിന് മുമ്പ് ഇരുവരും തമ്മില്‍ രാവിലെ തർക്കമുണ്ടായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.

തർക്കത്തിനിടെ ജനനി കെട്ടിടത്തിന്റെ അരികിലേക്ക് നീങ്ങിയെന്നും താഴേക്ക് ചാടാൻ ശ്രമിച്ചതായും പോലീസ് സംശയിക്കുന്നു. ഇതിനിടെ മണിച്ചേവേലുവിനെയും ഒപ്പം വലിച്ചിഴച്ചതിനെ തുടർന്ന് ഇരുവരും ഏഴാം നിലയില്‍ നിന്ന് താഴേക്ക് വീണതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.വീഴ്ചയില്‍ ജനനി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. എന്നാല്‍ താഴേക്ക് പതിക്കുന്നതിനിടെ മരച്ചില്ലകളില്‍ തട്ടിയ ശേഷമാണ് മണിച്ചേവേലു നിലത്തേക്ക് വീണതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ചികിത്സയില്‍ കഴിയുന്ന മണിച്ചേവേലുവിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുവരും തമ്മിലുണ്ടായ തർക്കത്തിന്റെ യഥാർഥ കാരണം എന്താണെന്നും വീഴ്ചയിലേക്ക് നയിച്ച കൃത്യമായ സാഹചര്യം എന്താണെന്നും കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.