ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകുന്ന 10.7 കിലോമീറ്റർ ദൈർഘ്യമുള്ള മേജർ ആർട്ടീരിയല്‍ റോഡ് തുറന്നുകൊടുത്തു.മുഖ്യമന്ത്രി ഡികെ ശിവകുമാറാണ് റോഡ് ഉദ്ഘാടനം ചെയ്തത്. മുൻ മുഖ്യമന്ത്രി എസ്എം കൃഷ്ണയുടെ പേരില്‍ നാമകരണം ചെയ്തിരിക്കുന്ന ഈ 100 മീറ്റർ വീതിയുള്ള, ടോള്‍ രഹിതവും സിഗ്നല്‍ രഹിതവുമായ പാത 631 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.മഗഡി റോഡിലെ കടബഗെരെ ക്രോസിനെ മൈസൂരു റോഡിലെ ചല്ലഘട്ട മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഈ 10 വരി പാതയിലൂടെ മഗഡി റോഡിനും മൈസൂരു റോഡിനുമിടയിലെ യാത്രാസമയം നിലവിലെ 60 മിനിറ്റില്‍ നിന്ന് വെറും 20 മിനിറ്റായി കുറയുമെന്നാണ് വിലയിരുത്തല്‍.
ഹരിത ഇടനാഴികള്‍, സർവീസ് റോഡുകള്‍, പ്രത്യേക സൈക്കിള്‍ ട്രാക്ക് എന്നിവയുള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടെയാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്.മൂന്ന് അണ്ടർപാസുകളും 11 പാലങ്ങളും 270 മീറ്റർ നീളമുള്ള തുരങ്കവും ഉള്‍പ്പെട്ടിരിക്കുന്ന ഈ പാത, നിലവില്‍ ഉപയോഗിക്കുന്ന നൈസ് റോഡിന് ബദലായി വേഗമേറിയ യാത്രാസൗകര്യം ഒരുക്കുമെന്നതാണ് പ്രധാന കാര്യം. ഭാവിയില്‍ മെട്രോ വികസനം പരിഗണിച്ച് മൂന്ന് മീറ്റർ വീതിയിലുള്ള സെൻട്രല്‍ മീഡിയനും റോഡില്‍ സജ്ജമാക്കിയിട്ടുണ്ട്.ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി ഡികെ ശിവകുമാർ, പൊതുപ്രയോജന പദ്ധതികള്‍ക്കായി ഭൂമി വിട്ടുനല്‍കുന്ന ഭൂവുടമകളെ ആദരിക്കുന്നതിനായി ‘വാള് ഓഫ് ഗ്രാറ്റിറ്റ്യൂഡ്’ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചു.’വ്യാവസായിക മേഖലകള്‍, സ്കൂളുകള്‍, തടാകങ്ങള്‍, റോഡുകള്‍ തുടങ്ങിയ പൊതുപ്രയോജന പദ്ധതികള്‍ക്കായി എതിർപ്പില്ലാതെ ഭൂമി വിട്ടുനല്‍കുന്നവരുടെ പേരുകള്‍ ഈ ഭിത്തിയില്‍ രേഖപ്പെടുത്തും. അവരുടെ ത്യാഗം വരുംതലമുറകള്‍ എന്നും ഓർക്കും’ അദ്ദേഹം പറഞ്ഞു.
എസ്എം കൃഷ്ണയുടെ പേരില്‍ ഉദ്ഘാടനം ചെയ്ത ഈ റോഡ് ഭാവിയില്‍ 123 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു ബിസിനസ് കോറിഡോറിന്റെ ഭാഗമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ കോറിഡോറിലും സമാനമായ വാള് ഓഫ് ഗ്രാറ്റിറ്റ്യൂഡ് സ്ഥാപിച്ച് ഭൂമി നല്‍കിയവരുടെ പേരുകള്‍ സ്ഥിരമായി സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഈ റോഡ് കെംപെഗൗഡ ലേഔട്ടിലെ ഒമ്പത് ബ്ലോക്കുകളെയും സമീപത്തെ 11 ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്നു. കംബിപുര, കൊമ്മഘട്ട, കെഞ്ചനപുര തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് മികച്ച യാത്രാസൗകര്യം ലഭിക്കുന്നതോടൊപ്പം, മൈസൂരു, മാണ്ഡ്യ, ഹാസൻ, രാമനഗര, കുനിഗല്‍, മഗഡി എന്നിവിടങ്ങളില്‍ നിന്ന് ബെംഗളൂരുവിലെത്തുന്ന യാത്രക്കാർക്കും ഗണ്യമായ സമയം ലാഭിക്കാനാകും എന്നതാണ് പ്രത്യേകത.123 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതിയുടെ നടപടികള്‍ പുരോഗമിക്കുകയാണെന്നും ടെൻഡർ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇലക്ട്രോണിക് സിറ്റിയില്‍ നിന്ന് മൈസൂരു റോഡിലേക്കുള്ള ഭാഗത്തിന്റെ അന്തിമ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ഭൂമി ഏറ്റെടുക്കലിന് പകരമായി ഭൂവുടമകള്‍ക്ക് 35 ശതമാനം വാണിജ്യ ഭൂമിയോ 40 ശതമാനം പാർപ്പിട ഭൂമിയോ അല്ലെങ്കില്‍ ട്രാൻസ്ഫറബിള്‍ ഡെവലപ്മെന്റ് റൈറ്റ്സ് നഷ്ടപരിഹാരമോ തിരഞ്ഞെടുക്കാൻ അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.ഹെബ്ബാളിന് സമീപം നിർമ്മിക്കുന്ന പുതിയ തുരങ്കപാതയുടെ നിർമാണവും അടുത്ത ദിവസങ്ങളില്‍ ആരംഭിക്കുമെന്ന് ശിവകുമാർ പ്രഖ്യാപിച്ചു. ‘ബെംഗളൂരു ആഗോള നിലവാരമുള്ള നഗരമാണ്. ഇവിടെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വലിയ തുരങ്കപാതയുള്‍പ്പെടെ നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെയും നിയോഗിക്കും. ജനങ്ങള്‍ എന്നില്‍ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാൻ ഞാൻ തുടർന്നും പ്രവർത്തിക്കും’ അദ്ദേഹം കൂട്ടിച്ചേർത്തു.