എറണാകുളം: മുഖ്യമന്ത്രി വി.ഡി. സതീശനെ സോഷ്യല്‍ മീഡിയ, പ്രത്യേകിച്ച് പുതിയ തലമുറ സ്നേഹത്തോടെയും തമാശയോടെയും ‘പൂക്കി മുഖ്യമന്ത്രി’ എന്നാണ് വിളിക്കുന്നത്.2026ല്‍ അധികാരമേറ്റതിന് ശേഷം നടന്ന ഒരു വാർത്താസമ്മേളനത്തില്‍, വാഹന മോഡിഫിക്കേഷനെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നല്കിയ രസകരമായ മറുപടിയും ചിരിയും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായിരുന്നു. ഇതിനുശേഷമാണ് ‘പൂക്കി മുഖ്യമന്ത്രി’ എന്ന പേര് വന്നത്.എന്നാല്‍ ഇപ്പോഴിതാ വാഹന മോഡിഫിക്കേഷൻ കൊണ്ട് 5000 രൂപ പിഴ ലഭിച്ച ഷമീർ ഖാലിദിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ബമ്പർ ഫിറ്റ് ചെയ്തതിനാണ് അദ്ദേഹത്തിന് വൻ തുക പിഴ ലഭിച്ചത്. എംവിഡിയുടെ കാക്കനാട് ഓഫീസില്‍ പോയി സംസാരിച്ചപ്പോള്‍ തുക കുറക്കാൻ പറ്റില്ലെന്നും, അടക്കാൻ ദിവസം തന്നിട്ടുണ്ടെന്നുമാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്.’നിയമവിരുദ്ധമായി വാഹനത്തില്‍ ഫിറ്റ് ചെയ്ത സാധനമാണ് ഇപ്പോ അഴിച്ചു കളഞ്ഞത്.
സർക്കാരിന്റെ പ്രത്യേക ഒളിക്യാമറാ സംഘമാണോ ഫോട്ടോ എടുത്ത് എംവിഡിക്ക് അയച്ചതെന്ന് അറിയില്ല. എംവിഡി ഉദ്യോഗസ്ഥർ ഇടപെട്ട് ഫൈൻ ഒന്ന് കുറക്കണം. ഇതൊക്കെ നിയമവിരുദ്ധമായ കാര്യമാണെന്ന് സമ്മതിക്കുന്നു. ഇനി ആരും വണ്ടിയില്‍ അഡിഷണല്‍ പണി ചെയ്യരുത്. ചെയ്താല്‍ പണി കിട്ടും. നിയമം നിയമം തന്നെയാണ്. പക്ഷേ കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ഇങ്ങനെ ഫൈൻ അടിച്ചിരുന്നില്ല. ഫൈൻ അടിക്കുന്നതിന് ഒരു മര്യാദയില്ലേ? രണ്ടറ്റം കൂട്ടിമുട്ടിക്കാനാ നമ്മളൊക്കെ വണ്ടി ഓടുന്നത്. വോട്ട് ചെയ്ത അല്ലേ അനുഭവിച്ചോ എന്ന് പറഞ്ഞ് കമന്റ്സ് വരുമായിരിക്കും. ഫൈൻകുറച്ചില്ലെങ്കിലും അടക്കും. കുറച്ച് തന്നാല്‍ ഉപകാരം’ അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.അതേസമയം, ‘മോഡിഫിക്കേഷൻ്റെ പേരും പറഞ്ഞ് പൂക്കിക്കിത് കൊയ്ത്തുകാലം, കോണ്‍ഗ്രസ് സൈബർ പോരാളിക്ക് പോലും രക്ഷയില്ലാത്ത കാലം’ എന്നാണ് ഈ വിഡിയോ പങ്കിട്ടുകൊണ്ടുള്ള ഇടത് സൈബർ ഹാൻഡിലുകളിലെ പ്രചാരണം.