ബെംഗളൂരു: കർണാടകയിലെ തുംകൂരുവില്‍ പെണ്‍സുഹൃത്തുമായി വഴക്കിട്ട യുവാവ് ഓടുന്ന കാറിനുള്ളില്‍ പെട്രോള്‍ ബോംബ് പൊട്ടിച്ച് ജീവനൊടുക്കി.അങ്കോള ഹെബ്ബുള്‍ സ്വദേശിയായ നാഗേന്ദ്രയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പെണ്‍സുഹൃത്ത് രമ്യയെ കാറിനുള്ളില്‍ വെച്ച് കത്തിയ പ്ലെയിൻ കുത്തിയ ശേഷമായിരുന്നു ആത്മഹത്യാശ്രമം. ഗുരുതരമായി കുത്തേറ്റ യുവതിയും കാർ ഡ്രൈവറും സമയോചിതമായി പുറത്തേക്ക് ചാടിയതിനാല്‍ വലിയൊരു ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.ബെംഗളൂരുവിനും അങ്കോളയ്ക്കും മധ്യേ ദേശീയപാതയിലാണ് നാടിനെ നടുക്കിയ ഈ ക്രൂരത അരങ്ങേറിയത്. ബെംഗളൂരു സഞ്ജയ് ഗാന്ധി ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ ജീവനക്കാരിയാണ് പരിക്കേറ്റ രമ്യ. മരിച്ച നാഗേന്ദ്ര തൊഴില്‍രഹിതനായിരുന്നു.കഴിഞ്ഞ 6 വർഷമായി ഇരുവരും സൗഹൃദത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ നാഗേന്ദ്ര അനാവശ്യ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കാൻ തുടങ്ങിയതോടെ രമ്യ ഇയാളില്‍ നിന്നും അകല്‍ച്ച പാലിച്ചിരുന്നു. ഫോണിലൂടെ തുടർച്ചയായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഇയാളുടെ നമ്പർ രമ്യ ബ്ലോക്ക് ചെയ്യുകയും ചെയ്തു.
ഇതില്‍ പ്രകോപിതനായാണ് നാഗേന്ദ്ര കഴിഞ്ഞ ദിവസം രാവിലെ വാടകയ്‌ക്കെടുത്ത ടാക്സി കാറുമായി രമ്യയുടെ അടുത്തെത്തിയത്. തുടർന്ന് യുവതിയെ നിർബന്ധിച്ച് കാറില്‍ കയറ്റി അങ്കോളയിലേക്ക് തിരിക്കുകയായിരുന്നു എന്ന് രമ്യ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.യാത്രയ്ക്കിടയിലും കാറിനുള്ളില്‍ വെച്ച് ഇരുവരും തമ്മില്‍ കടുത്ത തർക്കവും ഭീഷണിയും തുടർന്നു. ഒടുവില്‍ നിയന്ത്രണം വിട്ട നാഗേന്ദ്ര കൈവശം കരുതിയിരുന്ന കത്തിയെടുത്ത് രമ്യയുടെ നെറ്റിയിലും കയ്യിലും ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ചു.കുത്തേറ്റതോടെ പ്രാണരക്ഷാർത്ഥം രമ്യ ഓടുന്ന കാറിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ഇതുകണ്ട് പരിഭ്രാന്തനായ ഡ്രൈവറും വാഹനം റോഡരികില്‍ നിർത്തി പുറത്തേക്കിറങ്ങി ഓടി. ഇരുവരും പുറത്തുകടന്നതിന് തൊട്ടുപിന്നാലെ, നാഗേന്ദ്ര കാറിനുള്ളില്‍ വെച്ച് കൈവശം സൂക്ഷിച്ചിരുന്ന പെട്രോള്‍ ബോംബ് പൊട്ടിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം കാറിന് തീപിടിക്കുകയും വലിയ ശബ്ദത്തോടെ സ്ഫോടനമുണ്ടാകുകയും ചെയ്തു.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണച്ചെങ്കിലും കാറിനുള്ളില്‍ കുടുങ്ങിയ നാഗേന്ദ്രയെ രക്ഷിക്കാനായില്ല. വാഹനം പൂർണ്ണമായും കത്തിയമർന്നു. പരിക്കേറ്റ രമ്യയെ തുംകൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തുംകൂരു പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.