ബെംഗളൂരു: നഗരത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ ഹെബ്ബാള്‍ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി നിർമിക്കുന്ന 2.18 കിലോമീറ്റർ നീളമുള്ള തുരങ്കപാത പദ്ധതിയുടെ പ്രാഥമിക ജോലികള്‍ ബെംഗളൂരു ഡെവലപ്മെന്റ് അതോറിറ്റി ആരംഭിച്ചു.പദ്ധതിയുടെ ഭാഗമായി നിർദ്ദിഷ്ട തുരങ്ക പാതയുടെ ഭാഗമായ വെറ്ററിനറി കോളേജ് ക്യാമ്പസില്‍ മണ്ണ് പരിശോധന ഉള്‍പ്പെടെയുള്ള പഠനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.പദ്ധതിക്കായി നിയോഗിച്ച സംഘം ബോർഹോള്‍ ഡ്രില്ലിങ്, ഭൂഗർഭ പരിശോധന, മണ്ണിന്റെ ഉറപ്പ്, ഭൂഗർഭ ജലനിരപ്പ്, പാറകളുടെയും മണ്ണിന്റെയും ഘടന എന്നിവ വിലയിരുത്തുന്ന പരിശോധനകളാണ് നടത്തുന്നത്. തുരങ്ക നിർമാണത്തിന് അനുയോജ്യമായ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങള്‍ ഉറപ്പാക്കുകയാണ് ഈ പഠനങ്ങളുടെ ലക്ഷ്യം.
ഏതാനും ആഴ്ചകള്‍ക്ക് മുൻപാണ് ജിയോ-ടെക്നിക്കല്‍ പഠനങ്ങള്‍ക്കുള്ള കരാർ ബിഡിഎ അനുവദിച്ചത്.പദ്ധതിയുടെ നിർമാണ കരാർ ഹൈദരാബാദ് ആസ്ഥാനമായ റിത്വിക് പ്രോജക്റ്റസ് ലിമിറ്റഡിന് ലഭിച്ചിട്ടുണ്ട്. മൂന്ന് കമ്പനികള്‍ പങ്കെടുത്ത ടെൻഡറില്‍ 1,139.67 കോടി രൂപയുടെ ഏറ്റവും കുറഞ്ഞ തുകയ്ക്കുള്ള ബിഡാണ് കമ്പനി സമർപ്പിച്ചത്. പദ്ധതി പ്രകാരം തുരങ്കപാതയ്ക്ക് എസ്റ്റീം മാളിന് സമീപവും ബാപ്റ്റിസ്റ്റ് ആശുപത്രിക്ക് സമീപവും പ്രവേശന-പുറത്തുകടക്കല്‍ റാംപുകള്‍ ഉണ്ടാകും.ഹെബ്ബാള്‍ ഫ്ലൈഓവറിന്റെ ഡൗണ്‍ റാംപിന് അടിയിലൂടെ കടന്നുപോകുന്ന തുരങ്കം ഹെബ്ബാള്‍ തടാകത്തിന്റെ അരികിലൂടെ മുന്നോട്ട് നീങ്ങും. ഇതോടൊപ്പം റെയില്‍വേ പാത മുറിച്ചുകടക്കുന്നതിനായി പുതിയ റെയില്‍വേ അണ്ടർബ്രിഡ്ജും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും. ഇതിന് മുന്നോടിയായാണ് പരിശോധനകള്‍ ആരംഭിച്ചത്.ബെംഗളൂരുവിലെ വിമാനത്താവളത്തിലേക്കുള്ള പ്രധാന പ്രവേശന കവാടമായ ഹെബ്ബാള്‍ ജംഗ്ഷൻ എല്ലാ ദിവസവും കനത്ത ഗതാഗതക്കുരുക്കാണ് നേരിടുന്നത്. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ബെല്ലാരി റോഡ്, ഔട്ടർ റിംഗ് റോഡ്, സിബിഡി മേഖല, യെലഹങ്ക, മന്യത്ത ടെക് പാർക്ക് എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങള്‍ ഇവിടെ ഒത്തുചേരുന്നതിനാല്‍ രാവിലെയും വൈകിട്ടും യാത്രക്കാർക്ക് മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ കുടുങ്ങേണ്ടി വരാറുണ്ട്.
ഈ സാഹചര്യത്തിലാണ് സിഗ്നലുകളെ ഒഴിവാക്കി വാഹനങ്ങള്‍ക്ക് നേരിട്ട് യാത്ര ചെയ്യാൻ കഴിയുന്ന തുരങ്കപാത നിർമിക്കാൻ ബിഡിഎ തീരുമാനിച്ചത്. പദ്ധതി പൂർത്തിയാകുന്നതോടെ ഹെബ്ബാള്‍ ജംഗ്ഷനിലെ വാഹനത്തിരക്ക് ഗണ്യമായി കുറയുകയും വിമാനത്താവളത്തിലേക്കും വടക്കൻ ബെംഗളൂരുവിലേക്കുമുള്ള യാത്ര കൂടുതല്‍ വേഗത്തിലും സുഗമമായും നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ.ഹെബ്ബാള്‍ ടണല്‍ പദ്ധതിക്കൊപ്പം സമീപത്തെ മേഖ്രി സർക്കിളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി 440 കോടി രൂപയുടെ എലിവേറ്റഡ് റോഡും ബിഡിഎ നിർമ്മിച്ചുവരികയാണ്. ഈ പദ്ധതിയുടെ കരാർ ഔറോബിന്ദോ റിയാല്‍റ്റി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചറിനാണ് നല്‍കിയിരിക്കുന്നത്.ഈ രണ്ട് പദ്ധതികളും പൂർത്തിയാകുന്നതോടെ ബെംഗളൂരുവിന്റെ വടക്കൻ മേഖലയിലെ ഗതാഗത ശൃംഖലയില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് ബിഡിഎ പ്രതീക്ഷിക്കുന്നത്.