Home കർണാടക മണ്‍സൂണ്‍ വൈകി; ബെംഗളൂരുവിന് ഇത്തവണയും കുടിവെള്ളം മുട്ടുമോ? നിര്‍ദേശങ്ങളുമായി അധികൃതര്‍

മണ്‍സൂണ്‍ വൈകി; ബെംഗളൂരുവിന് ഇത്തവണയും കുടിവെള്ളം മുട്ടുമോ? നിര്‍ദേശങ്ങളുമായി അധികൃതര്‍

by ടാർസ്യുസ്

ബെംഗളൂരു: രാജ്യത്ത് തെക്കുപടിഞ്ഞാറണ്‍ മണ്‍സൂണ്‍ ശക്തി പ്രാപിക്കാൻ വൈകുന്നത് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.മഴയുടെ കുറവുണ്ടായാല്‍ കടുത്ത വെള്ളത്തിൻ്റെ ലഭ്യതയില്‍ കടുത്ത പ്രതിസന്ധിയുണ്ടാകുമെന്ന സൂചനകള്‍ അധികൃതർ നല്‍കിക്കഴിഞ്ഞു. മലയാളികള്‍ ഉള്‍പ്പെടെയുള്ളവർ ധാരാളമായുള്ള ബെംഗളൂരു നഗരം കുടിവെള്ള പ്രശ്നം അഭിമുഖീകരിക്കേണ്ടി വരുമെന്ന റിപ്പോർട്ടുകള്‍ പുറത്തുവരുമ്പോള്‍ സാഹചര്യം വിശദീകരിച്ച്‌ അധികൃതർ രംഗത്തുവന്നു.ഈ വർഷം തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ വൈകിയെങ്കിലും അടുത്ത നാലോ അഞ്ചോ മാസത്തേക്ക് ജലക്ഷാമത്തെക്കുറിച്ച്‌ ബെംഗളൂരു നഗരവാസികള്‍ വിഷമിക്കേണ്ടതില്ലെന്ന് ബാംഗ്ലൂർ ജലവിതരണ – മലിനജല ബോർഡ് (ബിഡബ്ല്യുഎസ്‌എസ്ബി) ചെയർപേഴ്‌സണ്‍ എൻ മഞ്ജുള പറഞ്ഞു.

മണ്‍സൂണ്‍ വൈകുകയാണെങ്കിലും ജൂലൈയില്‍ മണ്‍സൂണ്‍ ശക്തമായി നഗരത്തിലെ ജലസംഭരണികള്‍ നിറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.ബെംഗളൂരുവിന് എല്ലാ മാസവും ഏകദേശം 2.3 ടിഎംസി വെള്ളം ആവശ്യമാണ്. അതേസമയം കൃഷ്ണ രാജ സാഗർ (കെആർഎസ്), കബനി റിസർവോയറുകള്‍ എന്നിവയിലെ സംയോജിത സംഭരണം നിലവില്‍ 10 ടിഎംസി വെള്ളമുണ്ട്. ഇത് ഈ മാസങ്ങളില്‍നഗരത്തിന് ആവശ്യമായ ജലവിതരണം ഉറപ്പാക്കുന്നുണ്ട്. ദീർഘകാല ആസൂത്രണം ശക്തിപ്പെടുത്തുന്നതിന് നഗരത്തിലുടനീളമുള്ള ഭൂഗർഭജലനിരപ്പ് നിരീക്ഷിക്കാൻ ബിഡബ്ല്യുഎസ്‌എസ്ബി മേധാവി ഉദ്യോഗസ്ഥരോട് നിർദേശിച്ചു.ബെംഗളൂരുവിന്റെ ഭൂഗർഭജലത്തിൻ്റെ അളവ് പഠിക്കുന്നതിനും നിലവിലുള്ള കുഴല്‍ക്കിണറുകളുടെ പ്രവർത്തനത്തെയും കുറിച്ച്‌ റിപ്പോർട്ട് സമർപ്പിക്കാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) എൻജിനീയർമാർക്ക് നിർദേശം നല്‍കിയിട്ടുണ്ട്. ഐഐഎസ്‌സി നിരീക്ഷണ കിണറുകളിലൂടെ ഭൂഗർഭജലനിരപ്പ് നിരീക്ഷിക്കുന്നുണ്ട്. ഭൂഗർഭജലക്ഷാമം കണ്ടെത്തിയാല്‍ ഭൂഗർഭജല സ്രോതസ്സുകള്‍ വർധിപ്പിക്കുന്നതിന് പുതിയ സ്ഥലങ്ങള്‍ കണ്ടെത്തേണ്ടിവരും.

ഇതുവരെ ആശങ്കാജനകമായ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് എൻ മഞ്ജുള പറഞ്ഞു.വെള്ളം ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണം. പൂന്തോട്ടപരിപാലനത്തിനും, മറ്റ് അത്യാവശ്യമല്ലാത്ത പ്രവർത്തനങ്ങള്‍ക്കും ബിഡബ്ല്യുഎസ്‌എസ്ബി വെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കണം. കുഴല്‍ക്കിണറില്‍ നിന്നും വെള്ളം എടുക്കുന്നവർക്ക് ഈ വെള്ളം ഉപയോഗിക്കാമെന്ന് അവർ കൂട്ടിച്ചേർത്തു. മുൻ വർഷങ്ങളില്‍ ബെംഗളൂരുവില്‍ കുടിവെള്ള പ്രശ്നം രൂക്ഷമായിരുന്നു. ഈ സാഹചര്യത്തിലാണ് ബെംഗളൂരു നിവാസികള്‍ക്ക് അധികൃതർ നിർദേശം നല്‍കിയത്.കേന്ദ്ര ഭവന – നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രല്‍ പബ്ലിക് ഹെല്‍ത്ത് ആൻഡ് എൻവയോണ്‍മെന്റ് എൻജിനീയറിങ് ഓർഗനൈസേഷൻ പ്രസിദ്ധീകരിച്ച ജലവിതരണത്തിന്റെയും സംസ്കരണത്തിന്റെയും മാനുവല്‍ പ്രകാരം നഗരങ്ങള്‍ക്ക് ഗാർഹിക ജല വിതരണത്തിനുള്ള മാനദണ്ഡം പ്രതിദിനം 135 ലിറ്റർ (LPCD) ആണ്. കുടിക്കാനും, പാചകം ചെയ്യാനും, കുളിക്കാനും, ശുചിമുറി ഉപയോഗത്തിനും, തുണി കഴുകുന്നതിനും, പാത്രങ്ങള്‍ കഴുകല്‍, വീട് വൃത്തിയാക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കാണ്135 ലിറ്റർ വെള്ളം നല്‍കുക.

You may also like

error: Content is protected !!
Join Our WhatsApp Group