ബെംഗളൂരു: ബെംഗളൂരുവില്‍ വൻ വികസന കുതിപ്പിനൊരുങ്ങി കർണാടക സർക്കാർ. 2037-ഓടെ ബെംഗളൂരുവിനെ ഏകദേശം 35 ലക്ഷം കോടി രൂപയുടെ സമ്പദ്‌വ്യവസ്ഥയായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.ഇതിനായി തയ്യാറാക്കുന്ന മാസ്റ്റർ പ്ലാനിന്റെ കരട് ചർച്ച കഴിഞ്ഞ ദിവസം പൂർത്തിയായി. സിംഗപ്പൂർ അടക്കമുള്ള വൻ നഗരങ്ങള്‍ക്ക് സമാനമായ വളർച്ച അടുത്ത പത്ത് വർഷത്തിനുള്ളില്‍ കണ്ടെത്തുക എന്നതാണ് മാസ്റ്റർ പ്ലാനിന്റെ ലക്ഷ്യം. ഇതിലൂടെ പുതിയതായി 25 മുതല്‍ 30 ലക്ഷം വരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഐടി മേഖലയിലുള്‍പ്പെടെ ബെംഗളൂരുവിനെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് മലയാളികള്‍ക്കും വ്യവസായികള്‍ക്കും നേട്ടമുണ്ടാക്കുന്നതാണ് ഈ വികസന പദ്ധതി.
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്‌റ്റൈനബിലിറ്റി, എംപ്ലോയ്‌മെന്റ് ആൻഡ് ഗ്രോത്ത് (ISEG) ഫൗണ്ടേഷനുമായി ചേർന്ന് തയ്യാറാക്കുന്ന സമഗ്ര സാമ്പത്തിക വികസന പദ്ധതിയുടെ കരടിലാണ് ഈ ലക്ഷ്യങ്ങള്‍ വെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ശാലിനി രജനീഷിന്റെ അധ്യക്ഷതയില്‍ ചേർന്ന ഉന്നതതല യോഗം കരട് രേഖ ചർച്ച ചെയ്ത് വിലയിരുത്തി. കഴിഞ്ഞ മെയ് അഞ്ചിനാണ് അന്നത്തെ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ സാന്നിധ്യത്തില്‍ കർണാടക സർക്കാർ ഐഎസ്‌ഇജിയുമായി ഇത് സംബന്ധിച്ച കരാർ ഒപ്പിട്ടത്.149 ബില്യണ്‍ ഡോളറാണ് ബെംഗളൂരു നഗരപ്രദേശത്തിന്റെ നിലവിലെ സാമ്പത്തിക മൂല്യം. ഇത് 420 ബില്യണ്‍ ഡോളർ അഥവാ 35 ലക്ഷം കോടി രൂപയുടെ സാമ്പത്തിക മൂല്യത്തിലേക്ക് ഉയർത്തും. കർണാടകയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 43 ശതമാനത്തിലധികവും സംഭാവന ചെയ്യുന്നത് ബെംഗളൂരുവാണ്.
ഏകദേശം 8,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ബെംഗളൂരു നഗരമേഖലയില്‍ നിലവില്‍ 1.5 കോടി ജനങ്ങള്‍ താമസിക്കുന്നുണ്ട്.ദക്ഷിണേന്ത്യയില്‍ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കുള്ള നഗരമാണ് ബെംഗളൂരു. 2015 നും 2025 നും ഇടയില്‍ ബെംഗളൂരു നഗരമേഖല 9.7% വാർഷിക വളർച്ചാ നിരക്ക് രേഖപ്പെടുത്തിയിരുന്നു. ഇത് കർണാടകയുടെ മൊത്തത്തിലുള്ള വളർച്ചാ നിരക്കിനേക്കാളും (8.5%), ഹൈദരാബാദ് നഗരത്തിന്റെ വളർച്ചാനിരക്കിനെക്കാളും (7.5%) ഉയർന്നതാണ്.ബെംഗളൂരു നഗരം നിലവില്‍ നേരിടുന്നത് റോഡുകളിലെ തിരക്കാണ്, ലോകത്തിലെ തന്നെ ഏറ്റവും കടുത്ത ട്രാഫിക് പ്രശ്നങ്ങളുള്ള നഗരങ്ങളിലൊന്നാണ് ബെംഗളൂരു. റോഡുകളിലെ തിരക്ക് കുറയ്ക്കാനും വികസനം എല്ലാ മേഖലകളിലേക്കും എത്തിക്കാനുമായി നഗരപരിധിക്ക് പുറത്തും പുതിയ ‘ഗ്രോത്ത് സെന്ററുകള്‍’ ആരംഭിക്കാൻ പദ്ധതിയുണ്ട് സർക്കാരിന്. പുതിയ റോഡുകളും, പുതിയ നഗരങ്ങളുമെല്ലാം സർക്കാർ വിഭാവനം ചെയ്യുന്നു. ഐടി, മാനുഫാക്ചറിംഗ്, ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകള്‍ ബിഡദി പോലുള്ള പുതിയ ആസൂത്രിത നഗരങ്ങളിലേക്ക് മാറ്റും.നഗരത്തിലെ ഗതാഗതക്കുരുക്കില്‍ ബുദ്ധിമുട്ടുന്ന യാത്രികർക്ക് ആശ്വാസമാകുന്ന വമ്പൻ ഗതാഗത പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു.
287 കിലോമീറ്റർ ദൈർഘ്യമുള്ള സർക്കുലർ റെയില്‍ നെറ്റ്‌വർക്ക് ഇവയിലൊന്നാണ്. പുതിയതായി 400-500 കിലോമീറ്റർ മെട്രോ ലൈനുകള്‍ വരും. ഇതില്‍ 100-200 കിലോമീറ്റർ ഗ്രീൻഫീല്‍ഡ് മെട്രോ കോറിഡോറാണ്.റീജിയണല്‍ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം കോറിഡോറുകളും കൊണ്ടുവരാൻ സംസ്ഥാന സർക്കാരിന് പദ്ധതിയുണ്ട്. പദ്ധതിയുടെ ഭാഗമായി വ്യവസായ പ്രമുഖർ, നിക്ഷേപകർ, അടിസ്ഥാന സൗകര്യ വികസന വിദഗ്ധർ തുടങ്ങിയവരുമായി ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ സർക്കാർ കൂടുതല്‍ ചർച്ചകള്‍ നടത്തും. സാമ്പത്തിക-നിർവ്വഹണ പരിപാടികള്‍ അന്തിമമാക്കിയ ശേഷം, മാസ്റ്റർ പ്ലാനിന്റെ പൂർണ്ണരൂപം സെപ്റ്റംബർ ആദ്യവാരം മുഖ്യമന്ത്രിക്ക് കൈമാറും. രാജ്യാന്തര നഗരങ്ങളായ ടോക്കിയോ, ലണ്ടൻ, സിംഗപ്പൂർ എന്നിവയോട് കിടപിടിക്കുന്ന രീതിയില്‍ ബെംഗളൂരുവിനെ മാറ്റിയെടുക്കുക എന്നതാണ് ഈ മാസ്റ്റർ പ്ലാനിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നത്.