ബെംഗളൂരു: ശിവാജിനഗറിലെ സെൻ്റ് മേരീസ് ബസിലിക്കയിലെ വാർഷിക പെരുന്നാളിൻ്റെ ഭാഗമായി ഞായറാഴ്ച നഗരത്തിൽ ചില ഗതാഗത നിയന്ത്രണങ്ങളും മധ്യ, കിഴക്കൻ ബെംഗളൂരുവിൻ്റെ ചില ഭാഗങ്ങളിൽ മദ്യവിൽപ്പന നിരോധനവും ഉണ്ടാകും. പെരുന്നാൾ ദിനത്തിൽ ബസിലിക്കയിൽ വിവിധ ഭാഷകളിലുള്ള പ്രാർത്ഥനകളും ആരോഗ്യ മാതാവിൻ്റെ വലിയ രഥഘോഷയാത്രയും കാണാം.
ഘോഷയാത്ര സെൻ്റ് മേരീസ് പള്ളിയിൽ നിന്ന് എംകെ സ്ട്രീറ്റ്, ശിവാജി റോഡ്, ബ്രോഡ്‌വേ റോഡ്, റസൽ മാർക്കറ്റ്, നൊറോണ റോഡ് വഴി നീങ്ങുമെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഒരു ലക്ഷത്തോളം പേർ പരിപാടിയിൽ പങ്കെടുക്കുമെന്നതിനാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ബെംഗളൂരുവിൽ ഞായറാഴ്ച ഗതാഗത നിയന്ത്രണം ബെംഗളൂരു ട്രാഫിക് പോലീസ് പറയുന്നതനുസരിച്ച്, ബ്രോഡ്‌വേ റോഡിൽ നിന്ന് റസൽ മാർക്കറ്റിലേക്കും ധർമ്മരാജ കോയിൽ സ്ട്രീറ്റിൽ നിന്ന് റസൽ മാർക്കറ്റിലേക്കും ബിആർവി സർക്കിളിൽ നിന്ന് ശിവാജിനഗർ ബസ് സ്റ്റാൻഡിലേക്കും വാഹനഗതാഗതം നിരോധിച്ചിരിക്കുന്നു. ക്വീൻസ് റോഡ്, ഇൻഫൻട്രി റോഡ്, തിമ്മയ്യ റോഡ് എന്നിവിടങ്ങളിൽ യാത്രക്കാർക്ക് യാത്ര ചെയ്യാൻ അനുവാദമുണ്ട്, റിപ്പോർട്ട് കൂട്ടിച്ചേർത്തു.
പാർക്കിംഗ് സൗകര്യം
കാമരാജ് റോഡ്, സഫീന പ്ലാസക്ക് എതിർവശം, ജസ്മ ഭവൻ റോഡ്, RBANMS ഗ്രൗണ്ട്, മെയിൻ ഗാർഡ് ക്രോസ് റോഡ്, ഡിക്കൻസൺ റോഡ് അനാഥാലയം എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുമതിയുണ്ട്.
ക്രമസമാധാന നില നിലനിർത്താൻ ഞായറാഴ്ച മദ്യവിൽപന നിരോധിക്കാനും നഗരസഭാധികൃതർ തീരുമാനിച്ചിട്ടുണ്ട്. ശിവാജിനഗർ, കൊമേഴ്‌സ്യൽ സ്ട്രീറ്റ്, ഭാരതിനഗർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ കടകൾ, ബാറുകൾ, റസ്‌റ്റോറൻ്റുകൾ, വൈൻ സ്‌റ്റോറുകൾ എന്നിവിടങ്ങളിൽ മദ്യവിൽപന നിരോധിക്കാൻ ബെംഗളൂരു പോലീസ് കമ്മീഷണർ ഉത്തരവിട്ടതായി റിപ്പോർട്ടിൽ പറയുന്നു.