ബെംഗളൂരു: റോഡിൽ വാഹനം കടന്നുപോകാൻ വഴിനൽകിയില്ലെന്ന തർക്കം രൂക്ഷമായതിനെ തുടർന്ന് 17-കാരനായ പി.യു. വിദ്യാർത്ഥിക്ക് ക്രൂരമായ ആക്രമണം. പട്ടണഗെരെയ്ക്ക് സമീപം ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ ആദിത്യ ചികിത്സയിൽ കഴിയുകയാണ്.രാജരാജേശ്വരി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്ലോബൽ വില്ലേജിന്റെ പിൻവാതിലിന് സമീപത്തെ ജ്യൂസ് കടയ്ക്ക് സമീപം രാത്രി 8 മുതൽ 8.30 വരെ ആദിത്യയും സുഹൃത്തുക്കളും നിൽക്കുന്നതിനിടെയാണ് സംഭവം.റോഡിൽ വഴിനൽകുന്നതുമായി ബന്ധപ്പെട്ട് മൂന്ന് അജ്ഞാതരുമായി വാക്കുതർക്കമുണ്ടായതായാണ് പൊലീസ് പറയുന്നത്. തുടർന്ന് സ്കൂട്ടറിലെത്തിയ രണ്ട് പേർ ആദിത്യയെയും സുഹൃത്തായ കുശാലിനെയും തടഞ്ഞുനിർത്തി വാഹനത്തിന്റെ താക്കോൽ പിടിച്ചെടുക്കുകയും സമീപത്തെ പാർക്കിംഗ് ഏരിയയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
അവിടെവെച്ച് പ്രതികൾ വടികളും മുഷ്ടികളും ഉപയോഗിച്ച് യുവാക്കളെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. നാട്ടുകാർ കൂടിയെത്തിയതോടെ പ്രതികൾ രക്ഷപ്പെട്ടെങ്കിലും പിന്നീട് വീണ്ടും തിരിച്ചെത്തി ആദിത്യയെ ആക്രമിക്കുകയായിരുന്നു.ധാബയ്ക്ക് എതിർവശത്തുള്ള ജിമ്മിന് സമീപത്ത് ആദിത്യയെ കൂട്ടത്തിൽ നിന്ന് വേർതിരിച്ച പ്രതികൾ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പുറം, നെഞ്ച്, കൈ, തല എന്നിവിടങ്ങളിൽ നിരവധി തവണ കുത്തിയ ശേഷം രക്ഷപ്പെട്ടു.ആദിത്യയെ ആദ്യം കെങ്കേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൂടുതൽ ചികിത്സയ്ക്കായി വിക്ടോറിയ ആശുപത്രിയിലേക്കും മാറ്റി.ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ മൂന്ന് അജ്ഞാതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.