രേണുകാസ്വാമി കൊലക്കേസിലെ കൂടുതൽവിവരങ്ങൾ പുറത്ത്. കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് സംഭവവുമായി ബന്ധപ്പെട്ട കൂടുതൽവിവരങ്ങൾ പുറത്തുവന്നത്. കൊല്ലപ്പെട്ട രേണുകാസ്വാമി നടി പവിത്ര ഗൗഡയ്ക്ക് അയച്ച അശ്ലീലസന്ദേശങ്ങളുടെ ഉള്ളടക്കങ്ങളടക്കം 3991 പേജുകളുള്ള കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.നടൻ ദർശന്റെ ആരാധകനായ രേണുകാസ്വാമി ദർശൻ്റെ പെൺസുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീലസന്ദേശങ്ങൾ അയച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. കൊല്ലപ്പെട്ട രേണുകാസ്വാമി ഇൻസ്റ്റഗ്രാമിലൂടെ പവിത്ര ഗൗഡയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു.
നടിയെ അപമാനിക്കുന്നരീതിയിലുള്ള സന്ദേശങ്ങൾക്ക് പുറമേ സ്വന്തം നഗ്നചിത്രങ്ങളും ഇയാൾ നടിക്ക് അയച്ചുനൽകിയിരുന്നതായും കുറ്റപത്രത്തിൽ പറയുന്നു.ഹായ്, നിങ്ങൾ ‘ഹോട്ട്’ ആണ്, ദയവായി നിങ്ങളുടെ നമ്പർ അയക്കൂ. എന്നിൽനിന്ന് എന്താണ് നിങ്ങൾ കാണാൻ പ്രതീക്ഷിക്കുന്നത്? ഞാൻ അത് അയക്കട്ടെ’- ഇങ്ങനെയായിരുന്നു രേണുകാസ്വാമി നടിക്ക് അയച്ച ഒരുസന്ദേശം. “വൗവ്, ‘സൂപ്പർബ്യൂട്ടി’, ഞാനുമായി നിങ്ങൾക്ക് രഹസ്യമായ ലിവ് ഇൻ ബന്ധത്തിൽ ഏർപ്പെടാമോ, ഞാൻ എല്ലാ മാസവും പതിനായിരം രൂപ തരാം’, നടിക്ക് അയച്ച മറ്റൊരു സന്ദേശത്തിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു.
അശ്ലീലസന്ദേശങ്ങൾക്ക് പുറമേ നഗ്നചിത്രങ്ങൾ അയക്കുന്നതും രേണുകാസ്വാമി പതിവാക്കിയിരുന്നു. ഇതോടെ പൊറുതിമുട്ടിയ നടി പവിത്ര ഗൗഡ തന്റെ സഹായിയും കേസിലെ മറ്റൊരുപ്രതിയുമായ പവനെ വിവരമറിയിച്ചു. തുടർന്ന് ഇയാൾ പവിത്ര ഗൗഡയെന്ന വ്യാജേന രേണുകാസ്വാമിയുമായി ചാറ്റ് ചെയ്തു. ഇതിലൂടെ രേണുകാസ്വാമിയുടെ വിലാസവും മറ്റുവിവരങ്ങളും മനസിലാക്കി. രേണുകാസ്വാമിയുടെ ജോലിസ്ഥലത്തുനിന്ന് ചില ചിത്രങ്ങളെടുത്ത് അയച്ചുനൽകാനും പ്രതി ആവശ്യപ്പെട്ടിരുന്നു.ഇതേ തുടർന്നാണ് നടൻ ദർശനെ വിവരമറിയിച്ച് ദർശൻ്റെ ഫാൻസ് അസോസിയേഷൻ നേതാക്കളുമായി ചേർന്ന് കൊലപാതകം ആസൂത്രണംചെയ്തത്.
രേണുകാസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആകെ 65 ഫോട്ടോകളാണ് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഇതെല്ലാം കേസിലെ നിർണായക തെളിവുകളാണ്. കൊലപാതകം നടന്ന ഷെഡ്ഡിലെ വാച്ച്‌മാൻ്റെ ദൃക്‌സാക്ഷി മൊഴിയും കേസിൽ നിർണായകമാണ്.രേണുകാസ്വാമിയെ തട്ടിക്കൊണ്ടുവന്ന് ഷെഡ്ഡിൽ എത്തിച്ചത് മുതൽ കൊലപ്പെടുത്തി മൃതദേഹം കൊണ്ടുപോകുന്നത് വരെയുള്ള എല്ലാ സംഭവങ്ങൾക്കും ഇദ്ദേഹം സാക്ഷിയായിരുന്നു. നടൻ ദർശനും നടി പവിത്ര ഗൗഡയും ഇവിടെവന്നതായുള്ള മൊഴിയും ഇദ്ദേഹം അന്വേഷണ സംഘത്തിന് നൽകിയിട്ടുണ്ട്. വാച്ച്‌മാന് പുറമേ പാർക്കിങ് ഷെഡ്ഡിലെ ജോലിക്കാരായ രണ്ടുപേരും കേസിലെ ദൃക്‌സാക്ഷികളാണ്. രേണുകാസ്വാമിയെ എങ്ങനെയാണ് ഉപദ്രവിച്ചതെന്നും എങ്ങനെ കൊലപ്പെടുത്തിയെന്നും ഇവർ പൊലീസിനോട് വിശദമായി വെളിപ്പെടുത്തിയിരുന്നു.