ബെംഗളൂരു: മെയ് 31 ഞായറാഴ്ച നടക്കുന്ന ഐപിഎല്‍ ഫൈനല്‍ മത്സരവുമായി ബന്ധപ്പെട്ട് ബെംഗളൂരു നഗരത്തിലടക്കം ആഘോഷങ്ങള്‍ പാടില്ലെന്ന് ബെംഗളൂരു സിറ്റി പോലീസ്.ഐപിഎല്‍ 2026 ഫൈനലിന് ശേഷം പടക്കങ്ങള്‍ പൊട്ടിക്കുക, റോഡില്‍ ആഘോഷങ്ങള്‍ നടത്തുക, മറ്റുള്ളവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുക, തർക്കങ്ങളില്‍ ഏർപ്പെടുക എന്നിവ ഒഴിവാക്കണമെന്ന് ബെംഗളൂരു സിറ്റി പോലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.കഴിഞ്ഞ വർഷം ജൂണ്‍ 3ന് ആർസിബി ഐപിഎല്‍ കിരീടം നേടിയതിന് പിന്നാലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടിയിലുണ്ടായ തിക്കിലും തിരക്കിലും 11 പേർക്ക് ജീവൻ നഷ്ടമാകുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഈ സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇത്തവണ പോലീസ് നിയന്ത്രണം ശക്തമാക്കുന്നത്.ഐപിഎല്‍ ഫൈനല്‍ മത്സരവുമായി ബന്ധപ്പെട്ട ആഘോഷങ്ങളില്‍ അനിഷ്ട സംഭവങ്ങള്‍, ഗതാഗതക്കുരുക്ക്, ക്രമസമാധാന പ്രശ്നങ്ങള്‍ എന്നിവ ഉണ്ടാകാതിരിക്കാൻ നഗരത്തിലുടനീളം പ്രത്യേക മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. ഫൈനലിന് ശേഷം പൊതു സ്ഥലങ്ങളില്‍ ആഘോഷങ്ങള്‍ നടത്തരുതെന്ന് പോലീസ് പൊതുജനങ്ങള്‍ക്ക് നിർദേശം നല്കി. ബന്ധപ്പെട്ട വകുപ്പുകളുടെ മുൻകൂർ അനുമതിയില്ലാതെ റോഡുകള്‍ക്ക് അഭിമുഖമായി എല്‍ഇഡി സ്ക്രീനുകള്‍ സ്ഥാപിക്കുന്നതും അധികൃതർ വിലക്കി. മാളുകള്‍, പബ്ബുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പുറത്ത് പൊതുജനങ്ങള്‍ക്ക് ദൃശ്യമാകുന്ന രീതിയില്‍ തത്സമയ മത്സര പ്രദർശനങ്ങള്‍ ക്രമീകരിക്കരുത്.ബൈക്ക് റാലികള്‍, അമിത വേഗതയിലുള്ള യാത്ര, ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിച്ചുള്ള അപകടകരമായ പ്രകടനം, അനാവശ്യ ഹോണ്‍ മുഴക്കല്‍, റോഡുകള്‍ തടസ്സപ്പെടുത്തല്‍ എന്നിവ കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ മദ്യപിക്കുക, പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുക, സംഘർഷം ഉണ്ടാക്കുക, അപമര്യാദയായി പെരുമാറുക എന്നിവ പാടില്ലെന്നും പോലീസ് മുന്നറിയിപ്പ് നല്കി.
ആഘോഷവേളകളില്‍ പടക്കം പൊട്ടിക്കുന്നതും അപകടകരമായ വസ്തുക്കള്‍ ഉപയോഗിക്കുന്നതും വിലക്കി. തിരക്കേറിയ സ്ഥലങ്ങളില്‍ സമാധാനം നിലനിർത്താനും പോലീസ് ഉദ്യോഗസ്ഥരുമായും ട്രാഫിക് ഉദ്യോഗസ്ഥരുമായും സഹകരിക്കാനും പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രകോപനപരമായ പോസ്റ്റുകള്‍, വിദ്വേഷകരമായ ഉള്ളടക്കങ്ങള്‍ അല്ലെങ്കില്‍ കിംവദന്തികള്‍ എന്നിവ പ്രചരിപ്പിക്കരുതെന്ന് ജനങ്ങള്‍ക്ക് നിർദേശം നല്കി.എതിർ ടീമിനെ പിന്തുണയ്ക്കുന്നവരെ പ്രകോപിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നതിനെതിരെയും മുന്നറിയിപ്പ് നല്കി,അത്തരം പ്രവൃത്തികള്‍ സംഘർഷങ്ങള്‍ക്ക് കാരണമാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്കി. ഈ സാഹചര്യത്തില്‍ ഉത്തരവാദിത്തത്തോടെ ആഘോഷിക്കാൻ പോലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. പൊതുജനങ്ങളുടെ സമാധാനം, സുരക്ഷ, ക്രമസമാധാനം എന്നിവ നിലനിർത്തുന്നത് കൂട്ടുത്തരവാദിത്തമാണെന്ന് പോലീസ് അറിയിച്ചു.