ബെംഗളൂരു: മട്ടന്‍ വിഭവങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബീഫ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ ഹോട്ടല്‍ അടച്ചുപൂട്ടി ബെംഗളൂരു പൊലിസ്.സംഭവത്തില്‍ രണ്ട് മലയാളികളെ പൊലിസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു ബൊമ്മനഹള്ളിയിലെ സ്വകാര്യ ഹോട്ടലിനെതിരെയാണ് നടപടി.ബുദിഗരെ ക്രോസിന് സമീപമുള്ള ഇസിരി ഹബില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലാണ് പൂട്ടിയത്. കഴിഞ്ഞ 18 മാസമായി ഹോട്ടല്‍ ഇവിടെ പ്രവര്‍ത്തിച്ച് വരികയാണ്. ഹോട്ടലില്‍ നിന്ന് മട്ടന്‍ വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്ത കസ്റ്റമര്‍ ലഭിച്ച മാംസത്തിന്റെ ഗുണനിലവാരത്തില്‍ സംശയം തോന്നി ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ തുടക്കം. ഹോട്ടല്‍ ജീവനക്കാര്‍ തൃപ്തികരമായ മറുപടി നല്‍കിയില്ലെന്ന് കാണിച്ച് ഉപഭോക്താക്കള്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലിസെത്തി പരിശോധിച്ചപ്പോഴാണ് മട്ടനെന്ന പേരില്‍ ബീഫ് കച്ചവടം ചെയ്തിരുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടുകയും മലയാളികളായ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.കേസില്‍ മറ്റൊരു പ്രതി ഒളിവിലാണെന്ന് പൊലിസ് പറഞ്ഞു. പിടിച്ചെടുത്ത മാംസത്തിന്റെ സാമ്പിളുകള്‍ ശാസ്ത്രീയ പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം ലഭ്യമായാല്‍ മാത്രമേ കൃത്യമായ വിവരം ലഭിക്കൂവെന്നും പൊലിസ് പറഞ്ഞു.