Home തിരഞ്ഞെടുത്ത വാർത്തകൾ ടെഹ്റാനിലെ പലസ്‌തീൻ സ്‌ക്വയറില്‍ ട്രംപിന്റെയും കുടുംബത്തിന്റെയും ഹോര്‍ഡിങ്; ‘രക്തത്തിന് പകരം രക്തം’ എന്ന സന്ദേശവും

ടെഹ്റാനിലെ പലസ്‌തീൻ സ്‌ക്വയറില്‍ ട്രംപിന്റെയും കുടുംബത്തിന്റെയും ഹോര്‍ഡിങ്; ‘രക്തത്തിന് പകരം രക്തം’ എന്ന സന്ദേശവും

by ടാർസ്യുസ്

ടെഹ്‌റാൻ: യുഎസും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തില്‍, ടെഹ്റാനിലെ പലസ്‌തീൻ സ്ക്വയറില്‍ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും കുടുംബാംഗങ്ങളെയും ചേർത്തുള്ള വലിയ ഹോർഡിങ് പ്രത്യക്ഷപ്പെട്ടു.വൈറ്റ് ഹൗസിനെ പശ്ചാത്തലമാക്കി ട്രംപിന്റെയും ഭാര്യ മെലാനിയ ട്രംപിന്റെയും മക്കളായ ഇവാങ്ക ട്രംപ്, ഡൊണാള്‍ഡ് ട്രംപ് ജൂനിയർ, എറിക് ട്രംപ്, ടിഫാനി ട്രംപ്, ബാരണ്‍ ട്രംപ് എന്നിവരുടെയും ചിത്രങ്ങള്‍ അമേരിക്കൻ പതാക പുതച്ച ശവപ്പെട്ടികള്‍ക്ക് മുകളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്.”രക്തത്തിന് രക്തം” എന്ന സന്ദേശവും ഹോർഡിങ്ങിലുണ്ട്. അമേരിക്ക-ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവായിരുന്ന അലി ഖമേനിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതിനെ തുടർന്നുള്ള പ്രതികാര സന്ദേശമായാണ് ഈ ഹോർഡിങ് വിലയിരുത്തപ്പെടുന്നത്.

ഖമേനിയുടെ മകളും മരുമകനും മരുമകളും കൊച്ചുമകളും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഇറാനിലെ വിവിധ ഭാഗങ്ങളില്‍ പതിവായി പ്രദർശിപ്പിക്കാറുണ്ട്.കഴിഞ്ഞ ഏതാനും ആഴ്‌ചകളായി ടെഹ്റാനില്‍ ട്രംപിനെ ലക്ഷ്യമിട്ടുള്ള നിരവധി ചുമർചിത്രങ്ങളും ഹോർഡിങ്ങുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എങ്കെലാബ് സ്ക്വയറിലെ മറ്റൊരു ചുമർചിത്രത്തില്‍ തുറന്ന ശവപ്പെട്ടിയില്‍ കിടക്കുന്ന ട്രംപിന്റെ ചിത്രത്തോടൊപ്പം “വി കില്‍ ട്രംപ്” എന്ന വാചകവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് ചില ചിത്രങ്ങളില്‍ ട്രംപിന്റെ മുഖം തോക്കിന്റെ വലയത്തിനുള്ളില്‍ കാണിക്കുന്നതും ശ്രദ്ധേയമാണ്.പലസ്‌തീൻ സ്ക്വയറിലുള്ള സർക്കാർ കെട്ടിടത്തിന്റെ ചുമർ വർഷങ്ങളായി അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരായ സർക്കാർ സന്ദേശങ്ങള്‍ പ്രദർശിപ്പിക്കുന്ന സ്ഥലമാണ്. ഇവിടെ ചുമർചിത്രങ്ങള്‍ ഇടയ്ക്കിടെ മാറ്റാറുണ്ട്. സർക്കാർ അനുകൂലികള്‍ പലപ്പോഴും ഇവിടെ ഒത്തുകൂടി പലസ്‌തീൻ, ഹിസ്ബുള്ള പതാകകള്‍ വീശി പ്രതിഷേധം നടത്താറുമുണ്ട്.

അതേസമയം, ടെഹ്റാനിലെ വലിയ ചുമർചിത്രങ്ങള്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി (ഐആർജിസി) ബന്ധമുള്ള ഒവ്ജ് ആർട്‌സ് ആൻഡ് മീഡിയ ഓർഗനൈസേഷൻ ആണ് രൂപകല്‍പ്പന ചെയ്യുന്നത്. അമേരിക്കയുമായുള്ള ചർച്ചകളെ എതിർക്കുകയും ഇറാന്റെ പ്രാദേശിക, ആണവ, മിസൈല്‍ നയങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്ന സന്ദേശങ്ങളാണ് ഇവയില്‍ പ്രധാനമായും ഉള്‍ക്കൊള്ളുന്നത്.ഇതിനിടെ, തന്നെ വധിക്കാൻ ഇറാൻ ശ്രമിച്ചാല്‍ അമേരിക്ക അതിന് കഠിനവും വിനാശകരവുമായ മറുപടി നല്‍കുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഖമേനിയുടെ മരണത്തിന് പിന്നാലെ പ്രതികാരം ചെയ്യുമെന്ന മുന്നറിയിപ്പുകളും ഇറാനിലെ സർക്കാർ അനുകൂല നേതാക്കളും മാധ്യമങ്ങളും ആവർത്തിച്ച്‌ ഉയർത്തുന്നുണ്ട്. അതിനിടയിലാണ് ട്രംപിനെയും കുടുംബത്തെയും ലക്ഷ്യമിട്ടുള്ള ഹോർഡിങ് കൂടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group