കോഴിക്കോട്: കൊടുംചൂടില്‍ ദാഹിച്ചുവലയുന്നവരെ പിഴിഞ്ഞ് ചെറുനാരങ്ങ വില. ചൂട് തുടങ്ങുന്നത് മുൻപ് കിലോ 50-60 രൂപയായിരുന്നത് 190-210 രൂപ വരെയായി ചില്ലറവില.ഒരു ചെറു നാരങ്ങയ്ക്ക് പത്ത് -പന്ത്രണ്ട് രൂപ നല്‍കണം. പാളയത്തെ മൊത്ത വ്യാപാര കേന്ദ്രത്തില്‍ 50 കിലോയുടെ ചാക്കിന് 9259 രൂപയാണ്. 185 രൂപയാണ് കിലോയ്ക്ക് ഈടാക്കുന്നത്.നാരങ്ങയുടെ വലിപ്പത്തിനും നിറത്തിനുമനുസരിച്ച് വിലയിലും വ്യത്യാസമുണ്ട്. ചൂടു കൂടിയതോടെ ചെറു നാരങ്ങയുടെ ഉപയോഗം കൂടിയതും ലഭ്യത കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് കാരണമായതെന്ന് വ്യാപാരികള്‍ പറയുന്നു.ലെെംജ്യൂസ് തയ്യാറാക്കുന്ന പച്ച നിറത്തിലുള്ള നാരങ്ങ മൊത്ത വ്യാപാരകേന്ദ്രത്തില്‍ 190 നാണ് നല്‍കുന്നത്. നല്ല മഞ്ഞ നിറത്തിലുള്ള വലുതിന് 200 രൂപ വരെയാകും. വില കൂടിയതോടെ കൂള്‍ബാറുകളിലും റസ്റ്റോറന്റുകളിലുമെല്ലാം നാരങ്ങവെള്ളം, സോഡാ നാരങ്ങവെള്ളം എന്നിവയുടെ വിലയും കൂട്ടി. ചില ബേക്കറികളില്‍ ഒരു ഗ്ലാസ് നാരങ്ങവെള്ളത്തിന് 25 -30 രൂപവരെ വാങ്ങുന്നവരുണ്ട്.തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് പ്രധാനമായും നാരങ്ങ എത്തുന്നത്. വഴിയോര ജ്യൂസ് കടകളിലും വില കൂട്ടിയിട്ടുണ്ട്. വേനല്‍ വരും ദിവസങ്ങളില്‍ കടുക്കുമെന്നിരിക്കെ നാരങ്ങയുടെ വില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാർ പറയുന്നത്. നാരങ്ങയ്ക്കൊപ്പം കക്കിരി, വിവിധ ഫലവർഗങ്ങള്‍ക്കും വില കൂടിയിട്ടുണ്ട്.