ടെഹ്റാൻ: അമേരിക്കയുടെയോ ഇസ്രയേലിന്റെയോ ഭാഗത്തുനിന്ന് ഇനി നേരിയ പിഴവുണ്ടായാല്‍ പോലും ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്.പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ട് സംസാരിക്കവെയാണ് ശത്രുരാജ്യങ്ങള്‍ക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചത്. അമേരിക്കയ്ക്ക് സാമ്ബത്തികവും സൈനികവുമായ മേധാവിത്വം ഉണ്ടെന്നത് തള്ളിക്കളയുന്നില്ല. എന്നാല്‍ കൃത്യമായ ആസൂത്രണത്തിലൂടെ അവരെ പ്രതിരോധിക്കാൻ ഇറാന് സാധിക്കുമെന്ന് ഗാലിബാഫ് വ്യക്തമാക്കി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ശത്രുക്കളുടെ 180ഓളം ഡ്രോണുകളെ വെടിവച്ചിടാൻ ഇറാന് സാധിച്ചിരുന്നു.
നൂതന യുദ്ധവിമാനമായ എഫ്-35ന് തൊട്ടടുത്ത് മിസൈല്‍ സ്‌ഫോടനം നടത്താൻ കഴിഞ്ഞത് ഇറാന്റെ സാങ്കേതിക വളർച്ചയുടെ തെളിവാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കയുടെ ‘അമേരിക്ക ഫസ്റ്റ്’ നയം വെറും പൊള്ളയാണെന്നും അവർ മുൻഗണന നല്‍കുന്നത് ഇസ്രയേലിനാണെന്നും ഗാലിബാഫ് കുറ്റപ്പെടുത്തി. ഇസ്രയേല്‍ നല്‍കുന്ന തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അമേരിക്കൻ ഭരണകൂടം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. ഉപരോധങ്ങളിലൂടെ ഇറാനെ തകർക്കാമെന്ന മോഹം പരാജയപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അമേരിക്ക തങ്ങളുടെ ഒരു ലക്ഷ്യവും നേടിയിട്ടില്ല. ഇറാന്റെ വ്യോമനാവിക സേനകളെയോ മിസൈല്‍ ശേഷിയെയോ തകർക്കാൻ അവർക്കായില്ല. ഹോർമുസ് കടലിടുക്കില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമവും പരാജയപ്പെട്ടുവെന്ന് ഗാലിബാഫ് പറഞ്ഞു.
ഇറാന്റെ കർശനമായ നിബന്ധനകള്‍ അംഗീകരിക്കപ്പെട്ടതുകൊണ്ടാണ് നിലവിലെ വെടിനിർത്തലിന് രാജ്യം തയ്യാറായതെന്ന് സ്പീക്കർ വ്യക്തമാക്കി.സൈനികമായി ഇറാൻ നേടിയ വിജയമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതിന്റെ ഭാഗമായി പാകിസ്ഥാനിലെ ഇസ്ലാമാബാദില്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസുമായി ഗാലിബാഫ് കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യോമസേനയെ ഇല്ലാതാക്കാനോ മിസൈല്‍ ശേഷി ദുർബലപ്പെടുത്താനോ കഴിയാത്ത സാഹചര്യത്തില്‍ അമേരിക്കയും ഇസ്രയേലും വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നതെന്നാണ് ഇറാന്റെ വിലയിരുത്തല്‍. മേഖലയില്‍ സമാധാനം നിലനില്‍ക്കണമെങ്കില്‍ ഇറാൻ മുന്നോട്ടുവച്ച വ്യവസ്ഥകള്‍ പാലിക്കപ്പെടണമെന്നും അദ്ദേഹം ആവർത്തിച്ചു.